മരുന്നടി പിടിക്കാൻ നാഡ
text_fieldsദുബൈ: ഇന്ത്യൻ പ്രീമിയർ ലീഗിലെ ഉത്തേജക മരുന്നിെൻറ ഉപയോഗം കണ്ടെത്താനുള്ള നിയോഗം ഇന്ത്യയുടെ നാഷനൽ ആൻറി ഡോപിങ് ഏജൻസിക്ക് (നാഡ). ഇന്ത്യയിലെ കായിക മത്സരങ്ങളിലെ ഔദ്യോഗിക പരിശോധന ഏജൻസിയായ നാഡ ആദ്യമായാണ് ഐ.പി.എല്ലിന് എത്തുന്നത്.
കഴിഞ്ഞ വർഷം മുതലാണ് നാഡയുടെ കീഴിൽ ബി.സി.സി.ഐയും എത്തിയത്. അതുവരെ ബി.സി.സി.ഐ സ്വന്തം നിലക്ക് പരിശോധന നടത്തുകയായിരുന്നു. യു.എ.ഇയിലെ പരിശോധന ഏജൻസിയുമായി സഹകരിച്ചായിരിക്കും നാഡയുടെ പ്രവർത്തനം. മത്സരം നടക്കുന്ന ദുബൈ, അബൂദബി, ഷാർജ എന്നീ സ്റ്റേഡിയങ്ങൾക്ക് പുറമെ പരിശീലനം നടത്തുന്ന രണ്ടു മൈതാനങ്ങളിലും നാഡയുടെ സാന്നിധ്യം ഉണ്ടാവും.
ഒമ്പതു പേരാണ് യു.എ.ഇ സംഘത്തിൽ ഉണ്ടാവുക. ആറ് ഉദ്യോഗസ്ഥരും മൂന്ന് ഡോപ് കൺട്രോൾ ഉദ്യോഗസ്ഥരും ഉണ്ടാവും. ഇവർ മൂന്ന് സംഘങ്ങളായി തിരിഞ്ഞ് മൂന്നു സ്റ്റേഡിയത്തിലുമുണ്ടാകും. ഓരോ സംഘത്തിനും യു.എ.ഇയിൽ സഹായികളെയും നിയോഗിക്കും. റാൻഡം പരിശോധനയാണ് നടക്കുന്നത്. പരിശീലന കേന്ദ്രങ്ങളിലും മത്സരവേദികളിലും യൂറിൻ, ബ്ലഡ് സാമ്പിളുകൾ ശേഖരിക്കും. താരങ്ങളെപ്പോലെ തന്നെ നാഡ അംഗങ്ങളും ബയോ ബബ്ളിെൻറ സംരക്ഷണ വലയത്തിലായിരിക്കും.
വരുന്നത് ബി.സി.സി.ഐയുമായി ഏറ്റുമുട്ടിയ ശേഷം
ഇന്ത്യയിലെ കായിക സംഘടനകളെല്ലാം നാഡയുടെ കീഴിൽ വന്നിട്ടും ബി.സി.സി.ഐ മാത്രം പുറംതിരിഞ്ഞുനിൽക്കുന്ന സമീപനമായിരുന്നു സ്വീകരിച്ചിരുന്നത്. തങ്ങൾ സ്വതന്ത്ര സംഘടനയാണെന്നും ദേശീയ സ്പോർട്സ് ഫെഡറേഷനല്ലെന്നും പരിശോധന നടത്താൻ തങ്ങൾക്ക് ആളുണ്ടെന്നുമായിരുന്നു ബി.സി.സി.ഐയുടെ നിലപാട്. എന്നാൽ, കഴിഞ്ഞ വർഷം മധ്യത്തോടെ ജൂനിയർ താരം പൃഥ്വി ഷാ മരുന്നടിക്ക് പിടിക്കപ്പെട്ടതോടെ ബി.സി.സി.ഐക്ക് മേൽ സമ്മർദമേറി. ഇതോടെ കേന്ദ്ര കായിക മന്ത്രാലയം ബി.സി.സി.ഐക്ക് കത്തയച്ചു. സമ്മർദം ശക്തമായതോടെയാണ് നാഡയെ ബി.സി.സി.ഐ ഉൾക്കൊണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.