സ്വദേശിവത്കരണം; ഇതുവരെ നിയമിച്ചത് 28,700 ഇമാറാത്തികളെ
text_fieldsദുബൈ: യു.എ.ഇയിലെ സ്ഥാപനങ്ങളിൽ സ്വദേശികളെ നിയമിക്കണമെന്ന നിബന്ധനയുടെ അടിസ്ഥാനത്തിൽ ഇതുവരെ നിയമിച്ചത് 28,700 ഇമാറാത്തികളെ. സ്വകാര്യ സ്ഥാപനങ്ങളിൽ ഇമാറാത്തികൾക്ക് ജോലി നൽകുന്ന ‘നാഫീസ്’ പദ്ധതി നടപ്പാക്കിയ ഒരു വർഷത്തിനിടെയാണ് ഇത്രയധികം തൊഴിലാളികളെ നിയമിച്ചത്.
പദ്ധതി തുടങ്ങി ഒരു വർഷമായെങ്കിലും ജനുവരി ഒന്നു മുതലാണ് ഇത് നിർബന്ധമാക്കിയത്. ഇതോടെ, കഴിഞ്ഞ 10 ദിവസത്തിനിടെ ആയിരത്തോളം ഇമാറാത്തികൾ വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്ത് തുടങ്ങി. ഇതുവഴി സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ഇമാറാത്തികളുടെ എണ്ണം 70 ശതമാനം വർധിച്ചു. വൈകാതെ 50,000 ഇമാറാത്തികൾ സ്വകാര്യ മേഖലയിൽ ജോലിക്കു കയറും.
7017 സ്ഥാപനങ്ങളാണ് പുതിയ ജീവനക്കാരെ നിയമിച്ചത്. ജനുവരി ഒന്നിന് ഇമാറാത്തിവത്കരണം നടപ്പാക്കാത്ത കമ്പനികൾക്ക് 400 ദശലക്ഷം ദിർഹം പിഴയിട്ടതായും അധികൃതർ വ്യക്തമാക്കി. ഇമാറാത്തി ടാലന്റ് കോംബറ്റിറ്റിവ്നസ് കൗൺസിൽ യോഗത്തിലാണ് ഈ കണക്കുകൾ വ്യക്തമാക്കിയത്. ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി മന്ത്രിയും കൗൺസിൽ ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാന്റെ അധ്യക്ഷതയിലായിരുന്നു യോഗം.
50ൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ രണ്ടു ശതമാനം ഇമാറാത്തികളെയാണ് നിയമിക്കേണ്ടത്. ഈ വർഷം അവസാനത്തോടെ ഇത് നാലു ശതമാനമായി ഉയർത്തും. ഇമാറാത്തികളെ നിയമിച്ചില്ലെങ്കിൽ ഒരു ജീവനക്കാരന് മാസത്തിൽ 6000 ദിർഹം എന്ന നിലയിലാണ് പിഴ ഈടാക്കുന്നത്.
അടുത്ത വർഷം തുടക്കത്തിൽ നാലു ശതമാനത്തിൽ എത്താത്ത സ്ഥാപനങ്ങളും പിഴ അടക്കേണ്ടി വരും. അടുത്ത വർഷം മുതൽ പിഴയും വർധിക്കും. ഓരോ വർഷവും 1000 ദിർഹം വീതമാണ് പിഴ വർധിക്കുന്നത്. ഇതോടെ ഓരോ മാസവും 7000 ദിർഹമാകും പിഴ. 2026ഓടെ ഇമാറാത്തികളുടെ എണ്ണം 10 ശതമാനമാക്കാനാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.