42 വർഷത്തെ പ്രവാസത്തിനുശേഷം നജീബ് ഇന്ന് നാട്ടിലേക്ക്
text_fieldsദുബൈ: തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയായ മുഹമ്മദ് നജീബ് 1979ലാണ് ഷാർജയിൽ എത്തുന്നത്. നാട്ടിൽ പിതാവിനൊപ്പം പത്രവിതരണത്തിലും ഏജൻസി നടത്തിപ്പിലും സഹകരിക്കുന്നതിനിടെയാണ് നീണ്ടനാളത്തെ പരിശ്രമത്തിനൊടുവിൽ യു.എ.ഇയിലെത്തുന്നത്.
ഷാർജയിലെത്തിയപ്പോൾ നാട്ടിൽനിന്ന് ശീലിച്ച പത്രവിതരണജോലിയിലാണ് പ്രവേശിച്ചത്. ആദ്യ ഒരുവർഷത്തിന് ശേഷം ഇരുചക്രവാഹന ലൈസൻസ് സ്വന്തമാക്കി അൽ ഖലീജ് പത്രത്തിെൻറ വിതരണക്കാരനായി. ലൈസൻസ് കിട്ടാൻ ആദ്യകാലത്ത് വാഹനങ്ങൾ കഴുകിയും മറ്റും ഏറെ പണിപ്പെട്ടു. പിന്നീട് അൽ ഖലീജിനൊപ്പം മറ്റു പത്രങ്ങളും വിതരണത്തിന് ഏറ്റെടുത്തു. മലയാളപത്രങ്ങൾ യു.എ.ഇയിൽനിന്ന് പ്രിൻറ് ചെയ്യാത്തകാലത്ത് ഒന്നും രണ്ടും ദിവസം കഴിഞ്ഞെത്തുന്ന പത്രങ്ങൾ ഷാർജയിലെ മലയാളിസമൂഹത്തിന് എത്തിച്ചിരുന്നത് നജീബായിരുന്നു.
വാർത്താവിനിമയ സംവിധാനങ്ങൾ കുറഞ്ഞ അക്കാലത്ത് ആവേശത്തോടെയാണ് ആളുകൾ പത്രം വാങ്ങിയിരുന്നതെന്നും നാട്ടിലെ വിവരങ്ങളറിയാനുള്ള ഏക വഴിയായിരുന്നെന്നും ഓർക്കുന്നു. രണ്ടാം ദിവസത്തിൽ ഉച്ചക്ക് ശേഷമാണ് അന്നൊക്കെ പത്രങ്ങൾ എത്തിയിരുന്നത്. ഉച്ചക്ക് ശേഷം തുടങ്ങി രാത്രി വൈകുവോളമായിരുന്നു ആദ്യകാലങ്ങളിലെ പത്രവിതരണം. പിന്നീട് ഗൾഫിൽനിന്ന് പ്രിൻറിങ് ആരംഭിച്ചതോടെ രാവിലെ വിതരണം എന്ന രീതിയിലേക്ക് മാറി.
നാലു പതിറ്റാണ്ടിനിടെ നാടും പ്രവാസവും ഏറെ മാറിയിട്ടും നജീബ് തൊഴിൽ ഉപേക്ഷിച്ചില്ല. ആദ്യവരവിന് ശേഷം ഏഴ് വർഷങ്ങൾ കഴിഞ്ഞാണ് നാട്ടിലേക്ക് പോയത്.
വിവാഹം കഴിഞ്ഞ് കുടുംബവുമായി തിരിച്ചെത്തിയ അദ്ദേഹം പിന്നീട് കൂടുതലും ഷാർജയിലായിരുന്നു. നാട്ടിൽ പോകുന്നതുേപാലും വർഷങ്ങളുടെ ഇടവേളകളിലായിരുന്നു. ഒരുതവണ 10 വർഷം കഴിഞ്ഞാണ് നാട്ടിലേക്ക് മടങ്ങിയത്. കുടുംബം 15 വർഷം കൂടെയുണ്ടായിരുന്നു. പിന്നീട് ഭാര്യയും മക്കളും നാട്ടിലേക്ക് മടങ്ങി. ജീവിതച്ചെലവുകളിലും മറ്റും ആദ്യകാലത്ത് ഷാർജയിൽ വളരെ കുറവായിരുന്നുവെന്നും ഇപ്പോൾ സാഹചര്യങ്ങളിൽ വലിയ മാറ്റം വന്നതായും നജീബ് പറയുന്നു. ജോലിയിൽ പിടിച്ചുനിൽക്കാൻ പ്രയാസപ്പെട്ടതോടെയാണ് നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചത്.
ഷാർജയിലെ മലയാളികൾക്കിടയിൽ സുപരിചിതനായ നജീബ് ഇന്ത്യൻ അസോസിയേഷനിൽ ലൈഫ് ടൈം അംഗമാണ്. നാട്ടിലെത്തിയശേഷം എന്തെങ്കിലും ചെയ്യാൻ ആഗ്രഹമുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ എത്ര സാധ്യമാകും എന്നതിൽ ആശങ്കയിലാണ്.
ഷാർജയിലെ ജീവിതത്തോട് പൊരുത്തപ്പെട്ട തനിക്ക് നാട് വഴങ്ങാൻ സമയമെടുക്കുമെന്നും അദ്ദേഹം കരുതുന്നു. നാലുപതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ച് ബുധനാഴ്ചയാണ് മടങ്ങുന്നത്. ഭാര്യ ബുഷ്റയും രണ്ട് ആൺമക്കളും ഒരു പെൺകുട്ടിയുമടങ്ങുന്നതാണ് കുടുംബം. മക്കളിൽ രണ്ടുപേർ വിദ്യാർഥികളാണ്. ഒരാൾ ബാങ്ക് ജീവവനക്കാരിയാണ്. പിതാവ്: പരേതനായ മസ്താൻ കുഞ്ഞ്. മാതാവ്: മറിയം ബീവി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.