മസ്റയിലെ ഓർമകളിൽ കണ്ണുനിറഞ്ഞ് നജീബ്
text_fieldsഅജ്മാൻ: മരുഭൂമിയിലെ മസ്റ ജീവിതാനുഭവങ്ങൾ ഓർത്ത് കണ്ണുനിറഞ്ഞ് ‘ആടുജീവിത’ത്തിലൂടെ മലയാളിക്ക് പ്രിയങ്കരനായ നജീബ്. സ്മാർട്ട് ട്രാവൽസ് ചെയർമാൻ അഫി അഹമ്മദിന്റെ അതിഥിയായി യു.എ.ഇയിലെത്തിയ നജീബ് കുടുംബത്തോടൊപ്പം അജ്മാനിലെ മസ്റ സന്ദർശിക്കാൻ എത്തിയതായിരുന്നു. പുതിയ തലമുറയിലെ ആളുകൾ മസ്റയിൽ മൊബൈൽ അടക്കമുള്ള ആധുനിക സംവിധാനങ്ങളുമായാണ് ജോലിക്കെത്തുന്നതെന്നും തന്റെ അനുഭവം തികച്ചും വ്യത്യസ്തമായിരുന്നെന്നും നജീബ് ഓർമിച്ചു.
തന്റെ ജീവിതം അപൂർവങ്ങളിൽ അപൂർവമായിരുന്നു. സമുദ്രംപോലെ പരന്നുകിടക്കുന്ന മരുഭൂമിയുടെ വിദൂരതയിൽ സമയമോ ദിവസങ്ങളോ തിരിച്ചറിയാൻ കഴിയാത്തത്ര കഷ്ടതയിലാണ് തന്റെ ജീവിതം കഴിഞ്ഞുപോയതെന്നും അദ്ദേഹം ഓർത്തു.
ഇന്ന് അതിഥിയായി പ്രവാസ ലോകത്തെത്തി മണലാരണ്യത്തിലെ ആടുജീവിത സാഹചര്യം കുടുംബത്തിന് കാണിച്ചുകൊടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് നജീബ് കൂട്ടിച്ചേർത്തു. നജീബിന്റെ ഭാര്യയും മകനും മകളും കുടുംബങ്ങളും അടക്കം എട്ടംഗ സംഘമാണ് യു.എ.ഇ സന്ദർശനത്തിന് എത്തിയത്.
യു.എ.ഇയിലെത്തിയ സംഘം മൂപ്പൻസ് ഗ്രൂപ് ചെയർമാൻ സലീം മൂപ്പന്റെ അതിഥിയായി ബുർജ് ഖലീഫ സന്ദർശിച്ചു. മുസാണ്ടം, സിറ്റി ടൂർ തുടങ്ങി നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചായിരിക്കും പെരുന്നാൾ ആഘോഷങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.