ദേശീയദിനം;ആഘോഷനിറവിൽ ഇമാറാത്ത്
text_fieldsദുബൈ: ഏഴ് എമിറേറ്റുകൾ ചേർന്ന് യുനൈറ്റഡ് അറബ് എമിറേറ്റ്സ് എന്ന മഹത്തായ രാജ്യമായതിന്റെ ഓർമകൾ പുതുക്കി വീണ്ടും ഒരു ദേശീയദിനം. ഭാവിലോകത്തിന്റെ കേന്ദ്രമാകുന്നതിന് അനുദിനം മുന്നേറുന്ന യു.എ.ഇയുടെ ദേശീയദിനാഘോഷം പൗരന്മാരും താമസക്കാരും ഒരുപോലെ കൊണ്ടാടും.വ്യാഴാഴ്ച മുതൽ ദേശീയദിനത്തോടനുബന്ധിച്ച അവധിദിവസങ്ങൾ തുടങ്ങിയതോടെതന്നെ വിവിധ കൂട്ടായ്മകളും മറ്റും ആഘോഷപരിപാടികൾ ആരംഭിച്ചിട്ടുണ്ട്.
കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ടുകൾ, സംഗീതക്കച്ചേരികൾ, കുടുംബസൗഹൃദ സംഗമങ്ങൾ എന്നിവയെല്ലാം വിവിധ എമിറേറ്റുകളിൽ ഒരുക്കുന്നുണ്ട്. അബൂദബിയിൽ അൽ മര്യാദ് ദ്വീപിൽ വെള്ളി, ശനി ദിവസങ്ങളിൽ രാത്രി ഒമ്പതിന് വെടിക്കെട്ടുകൾ സജ്ജീകരിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് പൂർണമായും സൗജന്യമായി ഇത് ആസ്വദിക്കാനാവും. അൽ വത്ബയിൽ നടക്കുന്ന ശൈഖ് സായിദ് ഫെസ്റ്റിവലിന്റെ ഭാഗമായി ഡ്രോൺ, ലേസർ ഡിസ്പ്ലേകളും കരിമരുന്ന് വിസ്മയവും കൊറിയോഗ്രാഫ് ചെയ്ത എമിറേറ്റ്സ് ഫൗണ്ടൻ ഷോയുമുണ്ട്. തെക്കൻ അബൂദബിയിലെ ബനിയാസ് ഏരിയയിലെ ബവാബാത് അൽ ശർഖ് മാളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെടിക്കെട്ട് പ്രദർശനം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. യാസ് ദ്വീപിലെ തീം പാർക്കുകളിലും ഹോട്ടലുകളിലും വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ നിരവധി ആഘോഷങ്ങൾ നടക്കുന്നുണ്ട്.
വെള്ളിയാഴ്ച രാത്രി ഒമ്പതിന് യാസ് ബേയിൽനിന്ന് കാണാവുന്ന വെടിക്കെട്ടും ആസൂത്രണം ചെയ്തിട്ടുണ്ട്. ദുബൈയിൽ ബുർജ് ഖലീഫയിൽ പ്രത്യേക എൽ.ഇ.ഡി ഡിസ്പ്ലേയാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്. ക്രീക്ക് ഭാഗത്തെ അൽ സീഫിൽ വെള്ളിയാഴ്ച വൈകീട്ട് ഏഴു മുതൽ ഒമ്പതു വരെ പരേഡും എട്ടു മുതൽ പത്തുവരെ വാട്ടർഫ്രണ്ട് കരിമരുന്ന് പ്രദർശനങ്ങളും കാണാനാവും. ഞായറാഴ്ച വരെ ഈ പ്രദേശത്ത് നിരവധി പരിപാടികളുണ്ടാകും. ദുബൈ ഫെസ്റ്റിവൽ സിറ്റി മാളിൽ വെള്ളിയാഴ്ച രാത്രി ഒമ്പതു മുതൽ നാലര മിനിറ്റ് ദൈർഘ്യമുള്ള കരിമരുന്നുപ്രയോഗം നടക്കും. ജെ.ബി.ആറിലെ ബീച്ചിൽ വെള്ളിയാഴ്ച രാത്രി എട്ടിനാണ് വെടിക്കെട്ട് നിശ്ചയിച്ചിട്ടുള്ളത്. ഷാർജ, അജ്മാൻ, ഫുജൈറ, റാസൽഖൈമ, ഉമ്മുൽഖുവൈൻ എന്നീ എമിറേറ്റുകളിലും വിപുലമായ പരിപാടികൾ ദേശീയ ദിനത്തോടനുബന്ധിച്ച് അരങ്ങേറുന്നുണ്ട്.
പ്രവാസി കൂട്ടായ്മകളും വിപുലമായ രീതിയിലാണ് ഇത്തവണ പരിപാടികൾ ഒരുക്കുന്നത്. പതാക ഉയർത്തിയും യു.എ.ഇ ദേശീയഗാനം ആലപിച്ചുമായിരിക്കും വിവിധ പരിപാടികൾ ആരംഭിക്കുക.അതേസമയം, യു.എ.ഇ ദേശീയ ദിനം, അവധി ദിനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് വാഹനങ്ങൾ അലങ്കരിക്കുന്നവർക്കും വാഹനവുമായി പുറത്തിറങ്ങുന്നവർക്കും പൊലീസ് നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. വാഹനങ്ങളുടെ രൂപം മാറുന്ന രീതിയിലുള്ള ആഘോഷങ്ങൾ അരുതെന്നും ഗതാഗത നിയമങ്ങൾ കൃത്യമായി പാലിക്കണമെന്നും ദുബൈ പൊലീസ് മുന്നറിയിപ്പ് നൽകി. മറ്റുള്ളവരുടെ ജീവന് അപകടം വരുത്തുന്ന രീതിയിൽ വാഹനം ഓടിക്കരുത്. റോഡിൽ 'സ്റ്റണ്ടിങ്' അനുവദിക്കില്ല. മുന്നിലെയും പിന്നിലെയും നമ്പർേപ്ലറ്റ് മറയ്ക്കുന്ന രീതിയിൽ വാഹനം അലങ്കരിക്കരുത്. വാഹനത്തിന്റെ നിറം മാറ്റുന്ന രീതിയിൽ മാറ്റം വരുത്തരുത്. അനാവശ്യമായ സ്റ്റിക്കർ പതിക്കുകയോ വാക്കുകൾ എഴുതിച്ചേർക്കുകയോ ചെയ്യരുത്. അനധികൃത റാലികൾ നിരോധിച്ചിരിക്കുന്നു തുടങ്ങിയ നിർദേശങ്ങളാണ് പുറപ്പെടുവിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.