50 ശതമാനം പിഴയിളവ്
text_fieldsറാസല്‍ഖൈമ: 52ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് റാസൽഖൈമയിലും ഉമ്മുൽഖുവൈനിലും പിഴയിളവ് പ്രഖ്യാപിച്ചു. റാക് പബ്ലിക് സര്‍വിസ് വകുപ്പുമായി (റാക് പി.എസ്.ഡി) ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് വിധിച്ചിരുന്ന പിഴ തുകയില്‍ 50 ശതമാനം ഇളവ് നല്‍കുമെന്ന് ഡയറക്ടര്‍ ജനറല്‍ എൻജിനീയര്‍ ഖാലിദ് ഫാദില്‍ അല്‍ അലിയാണ് അറിയിച്ചത്. ദേശീയദിന സന്തോഷത്തിനൊപ്പം സമൂഹത്തിന്റെ സാമ്പത്തികഭാരം ലഘൂകരിക്കുകയും ലക്ഷ്യമിട്ടാണ് ഇളവ്. പരിസ്ഥിതി നിയമലംഘനങ്ങള്‍ തുടങ്ങി റാക് പി.എസ്.ഡിക്ക് കീഴില്‍ വരുന്ന എല്ലാ പിഴകള്‍ക്കും ഇളവ് ബാധകമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, ഉമ്മുൽഖുവൈനിൽ ട്രാഫിക് പിഴകൾക്കാണ് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചത്. 2023 നവംബർ ഒന്നിന് മുമ്പ് ഉമ്മുൽ ഖുവൈൻ എമിറേറ്റിൽ നടന്ന നിയമലംഘനങ്ങൾക്കുള്ള പിഴയിലാണ് ഉമ്മുൽ ഖുവൈൻ പൊലീസ് ജനറൽ കമാൻഡ് ഇളവ് നൽകിയിരിക്കുന്നത്. ഗുരുതരമായ ലംഘനങ്ങൾ ഒഴികെയുള്ള എല്ലാത്തിനും ഈ കിഴിവ് ബാധകമാണ്. 2023 ഡിസംബർ ഒന്നു മുതൽ 2024 ജനുവരി ഏഴു വരെയാണ് ഇളവ് നേടാനുള്ള അവസരം. ട്രാഫിക് നിയമങ്ങൾ പാലിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും പിഴയൊടുക്കാൻ പ്രചോദനം നൽകുന്നതിനുമാണ് പദ്ധതി നടപ്പാക്കുന്നത്. അതേസമയം, ജീവന് ഭീഷണിയാകുന്ന വിധത്തിൽ വാഹനമോടിക്കൽ, പൊതു-സ്വകാര്യ സംവിധാനങ്ങൾക്ക് കേടുപാടുകൾ വരുന്ന രീതിയിൽ വാഹനമോടിക്കൽ, ഹെവി വാഹനങ്ങളോ മോട്ടോർബൈക്കുകളോ ചുവപ്പ് ലൈറ്റ് മറികടക്കൽ, പരമാവധി വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററിലധികം കവിയുക, വാഹന എൻജിനിൽ മാറ്റം വരുത്തുക എന്നിവയടക്കമുള്ള കുറ്റങ്ങൾക്ക് പിഴയിളവ് ലഭിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.