ദേശീയദിനാഘോഷം എക്സ്പോയിലും ഗംഭീരമാക്കും
text_fieldsദുബൈ: ദേശീയദിനത്തോടനുബന്ധിച്ച് രാജ്യം മുഴുക്കെ നടക്കുന്ന ആഘോഷങ്ങളിൽ എക്സ്പോ 2020 ദുബൈ നഗരിയും അണിചേരും. സന്ദർശകർക്ക് വൈകാരികതയുണർത്തുന്ന നിരവധി കൗതുകങ്ങൾ ആഘോഷത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. കരിമരുന്ന് പ്രയോഗം, 150ഓളം പ്രത്യേകം സംഗീത-കലാ പ്രകടനങ്ങൾ എന്നിവയാണ് ഒരുക്കിയിട്ടുള്ളത്. യു.എ.ഇ സ്ഥാപക നേതാക്കളുടെ കാഴ്ചപ്പാടിനെയും നേതൃപാടവത്തെയും പരിചയപ്പെടുത്തുന്ന പരിപാടികളും അരങ്ങിലെത്തും.
സുവർണജൂബിലി വാരാന്ത്യത്തിൽ രാവിലെ ഒമ്പതിന് ആരംഭിച്ച് പുലർച്ചെ രണ്ടുവരെ നീണ്ടുനിൽക്കുന്ന പരിപാടികൾ ഒരുങ്ങിക്കഴിഞ്ഞതായി എക്സ്പോ എക്സിക്യൂട്ടിവ് ക്രിയേറ്റിവ് ഡയറക്ടർ അംന അബുൽഹൂൽ പറഞ്ഞു. ഇമാറാത്തി ഇവൻറുകൾ, കലാപ്രകടനങ്ങൾ, വിവിധ ലോക കലാകാരന്മാരുടെ ഫ്യൂഷൻ ഷോകൾ എന്നിവയിലൂടെ ഈ രാജ്യത്തെ ജനങ്ങൾക്കും യു.എ.ഇയുടെ തുടക്കംമുതൽ ഇതുവരെ കഴിഞ്ഞുപോയ വ്യക്തികൾക്കും ആദരവർപ്പിക്കും -അവർ കൂട്ടിച്ചേർത്തു. ലോകേത്താടൊപ്പം രാജ്യം ദേശീയദിനം ആഘോഷിക്കുന്നത് ആദ്യമായാണ്. അതിനാൽ എല്ലാദിവസവും ഒരു സർപ്രൈസ് ഉണ്ടാകും. ഒാരോ മണിക്കൂറിലും വേറെ സർപ്രൈസും ഉണ്ടാകും. ഈ സുവർണ ജൂബിലി വാരാന്ത്യം യു.എ.ഇയുടെ 50ാം വയസ്സിെൻറ ആഘോഷം മാത്രമല്ല. ലോകം ഒരിടത്തേക്ക് തിരിയുന്ന ആഘോഷം കൂടിയായിരിക്കും -അവർ കൂട്ടിച്ചേർത്തു.
സ്ഥാപനങ്ങൾക്ക് നാലുദിന അവധി
ദുബൈ: 50ാം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് യു.എ.ഇയിലെ പൊതു--സ്വകാര്യ മേഖലകളിൽ ജോലിചെയ്യുന്ന ജീവനക്കാർക്ക് നാലു ദിവസത്തെ അവധി ലഭിക്കും. ഡിസംബർ ഒന്ന് മുതൽ മൂന്നുവരെയാണ് ഔദ്യോഗിക അവധിദിനങ്ങൾ. എന്നാൽ, വാരാന്ത്യ അവധിയായ ശനിയാഴ്ച കൂടി ചേരുന്നതോടെ നാലു ദിവസത്തെ അവധി ലഭിക്കും. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻറ് ഹ്യൂമൻ റിസോഴ്സാണ് സർക്കാർജീവനക്കാരുടെ അവധി ഔദ്യോഗികമായി കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയമാണ് സ്വകാര്യമേഖലയിലെ ജീവനക്കാരുടെ അവധി അറിയിച്ചത്. രാജ്യത്തെ സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളിലും കമ്പനികളിലും ജോലിചെയ്യുന്ന എല്ലാ ജീവനക്കാർക്കും ശമ്പളത്തോടുകൂടിയ മൂന്നുദിവസം അവധി ലഭിക്കുമെന്ന് മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.