ദേശീയ ദിന ആഘോഷം: നാല് ബീച്ചുകളിൽ പ്രവേശനം കുടുംബങ്ങൾക്ക് മാത്രം
text_fieldsദുബൈ: യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള അവധി ദിനങ്ങളില്‍ ദുബൈയിലെ പൊതു ബീച്ചുകളിലെ പ്രവേശനത്തിൽ നിയന്ത്രണം പ്രഖ്യാപിച്ച് ദുബൈ മുനിസിപ്പാലിറ്റി. പ്രധാന നാല് ബീച്ചുകളിൽ പ്രവേശനം കുടുംബങ്ങള്‍ക്ക് മാത്രമായാണ് പരിമിതപ്പെടുത്തിയത്.
ജുമൈറ ബീച്ച് രണ്ട്, ജുമൈറ ബീച്ച് മൂന്ന്, ഉമ്മു സുഖൈം ഒന്ന്, രണ്ട് എന്നീ ബീച്ചുകളിലാണ് ശനി മുതല്‍ ചൊവ്വ വരെ മുനിസിപ്പാലിറ്റി അധികൃതര്‍ കര്‍ശന നിയന്ത്രണം പ്രഖ്യാപിച്ചത്.
പൊതു-സ്വകാര്യ മേഖലക്ക് നാലു ദിവസത്തെ വാരാന്ത്യ അവധി ലഭിക്കുന്നതോടെ ബീച്ചുകളിലെ സന്ദര്‍ശക തിരക്ക് കുത്തനെ ഉയരാന്‍ സാധ്യതയുണ്ട്. അവധി ദിനങ്ങളില്‍ കുടുംബങ്ങള്‍ക്ക് സ്വസ്ഥമായി ബീച്ച് ആസ്വദിക്കാനുള്ള അവസരം നല്‍കാനാണ് ശ്രമിക്കുന്നതെന്ന് മുനിസിപ്പാലിറ്റിയിലെ പബ്ലിക് ബീച്ചസ് ആന്‍ഡ് വാട്ടര്‍വെയ്സ് വകുപ്പ് മേധാവി ഇബ്രാഹിം മുഹമ്മദ് ജുമാ പറഞ്ഞു.
ബീച്ചുകളില്‍ സുരക്ഷ ഉറപ്പാക്കാന്‍ 135 ജീവനക്കാരുള്‍പ്പെടുന്ന സംയോജിത സുരക്ഷാ, റെസ്ക്യൂ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ, ബീച്ചുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ 60 ഫീല്‍ഡ് സൂപ്പര്‍വൈസര്‍മാരെയും ചുമതലപ്പെടുത്തി. വിവിധ പങ്കാളികളുടെ സഹകരണത്തോടെ ബീച്ചുകളിലെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും മുഹമ്മദ് ജുമാ വിശദീകരിച്ചു.
ഈദ് അല്‍ ഇത്തിഹാദ് ആഘോഷങ്ങള്‍ക്കായുള്ള തയാറെടുപ്പിലാണ് യു.എ.ഇയിലെ നാടും നഗരവുമെല്ലാം. സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെയുള്ള യു.എ.ഇ നിവാസികള്‍ വൈവിധ്യമാര്‍ന്ന ആഘോഷപരിപാടികളാണ് ഇതോടനുബന്ധിച്ച് ആസൂത്രണം ചെയ്തിരിക്കുന്നത്.
എന്നാല്‍, ആഘോഷങ്ങള്‍ അതിരുവിടാതിരിക്കാനും അവ വഴിതെറ്റിപ്പോവുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനും എല്ലാവര്ക്കും സുരക്ഷിതവും ആസ്വാദ്യകരവുമായ ആഘോഷം ഉറപ്പാക്കുന്നതിനുമായി മാർഗനിർദേശങ്ങളും അധികൃതര്‍ പുറപ്പെടുവിച്ചു. യു.എ.ഇയുടെ പതാക മാത്രം ഉയര്‍ത്തണമെന്നും മറ്റ് രാജ്യങ്ങളുടെ പതാകകള്‍ ഉയര്‍ത്താന്‍ അനുവദിക്കില്ലെന്നും നിര്‍ദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.