ദേശീയദിനം: ഷാർജയിൽ 23 മുതൽ വിപുലമായ പരിപാടികൾ
text_fieldsഷാർജ: യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് ഷാർജയിൽ 10 ദിവസം നീളുന്ന കലാപരിപാടികളും വെടിക്കെട്ടും നടക്കുമെന്ന് നാഷനൽ ഡേ സെലിബ്രേഷൻ കമ്മിറ്റി ചെയർമാൻ ഖാലിദ് അൽ മിദ്ഫ പറഞ്ഞു. സുവർണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് യു.എ.ഇയുടെ ഗാനഗന്ധർവൻ ഹുസൈൻ അൽ ജസ്മിയും ബൽക്കീസും സംഘവും നയിക്കുന്ന ഗാനമേള അരങ്ങേറും.
23 മുതൽ ഡിസംബർ മൂന്നുവരെ ഷാർജയുടെ വിവിധ പ്രദേശങ്ങളിൽ സംഗീത കച്ചേരികൾ, മിന്നുന്ന കരിമരുന്ന് പ്രയോഗം, റോമിങ് വിനോദം എന്നിവ ആസൂത്രണം ചെയ്തിട്ടുണ്ട്. ഷാർജയിലെ പ്രധാന വിനോദസഞ്ചാര, സാംസ്കാരിക കേന്ദ്രങ്ങളായ ഖോർഫക്കാൻ ആംഫി തിയറ്റർ, ഷാർജ നാഷനൽ പാർക്ക്, അൽ മജാസ് ആംഫി തിയറ്റർ, ദിബ്ബ അൽ ഹിസ്നിലെ അൽ ഹിസ്ൻ ദ്വീപ്, അൽ മദാം മുനിസിപ്പാലിറ്റി, അൽ ഹംറിയ ഹെറിറ്റേജ് വില്ലേജ്, കൽബ പാർക്ക്, അൽ ദൈദ് ഹെറിറ്റേജ് വില്ലേജ് എന്നിവിടങ്ങളിൽ പരിപാടികൾ നടക്കും.
23ന് തുടക്കം
നവംബർ 23ന് കിഴക്കൻ മേഖലയിലെ ദേശീയ ദിനാഘോഷങ്ങൾ പരമ്പരാഗത സംഗീത നൃത്ത പരിപാടികൾ ഉൾപ്പെടെ വിപുലമായ പരിപാടികളോടെ ആരംഭിക്കും. രാഷ്ട്രപിതാവിെൻറ ചിത്രം ആലേഖനം ചെയ്ത ഹോട്ട് ബലൂൺ, പുരാതന നഗരത്തിന് കുറുകെ ഉയരത്തിൽ പറക്കും. സംഗീതജ്ഞർ, കലാകാരന്മാർ, നർത്തകർ എന്നിവരുടെ റോമിങ് പ്രകടനങ്ങൾക്ക് തെരുവുകളെയും ചത്വരങ്ങളെയും വേദികളാകും. തത്സമയ സംഗീത കച്ചേരികൾ, അക്രോബാറ്റിക് ഷോകൾ, തിയറ്റർ പ്രകടനങ്ങൾ എന്നിവ നടക്കും.
25ന് വിപുലമായ പരിപാടികൾ
നവംബർ 25ന് അൽ മദാമിൽ നടക്കുന്ന ആഘോഷങ്ങളിൽ കവിത പെയ്യും. പ്രമുഖ കലാകാരന്മാരും ക്ലാസിക്കൽ അറബി കവികളും അവതരിപ്പിക്കുന്ന പരിപാടികൾ അൽ മദാം സിറ്റിയിൽ നടക്കും. 'അൽ മദാമിനെ കുറിച്ചുള്ള മികച്ച വിഡിയോ ക്ലിപ്പിന്' സമ്മാനങ്ങൾ നേടാനും പ്രേക്ഷകർക്ക് അവസരമുണ്ട്. പൈതൃക ഗ്രാമത്തിൽ വിദ്യാഭ്യാസപരവും സർഗാത്മകവുമായ ശിൽപശാലകൾ, സംഗീത ഷോകൾ, 'നബാത്തി' കവിത സെഷനുകൾ എന്നിവയുൾപ്പെടെ വിപുലമായ പരിപാടികൾ അരങ്ങേറും. അന്നുതന്നെ സിറ്റി സെൻറിൽനിന്ന് അൽ ഹിസ്ൻ ദ്വീപിൽ സ്ഥിതി ചെയ്യുന്ന യു.എ.ഇ ദ്വീപിലേക്ക് ദേശീയ മാർച്ച് നടത്തും. ശേഷം അരനൂറ്റാണ്ടിെൻറ ഐക്യം പറയുന്ന സംഗീത നൃത്ത നാടകം അരങ്ങേറും. ഒമാനി ഗായകൻ അബ്ദുല്ല അൽ വാസ്മിയുടെ പ്രകടനവും നടക്കും.
26ന് കാർ ആൻഡ് ബൈക്ക് ഷോ
നവംബർ 26ന് കൽബ കോർണിഷ് പാർക്കിൽ ക്ലാസിക് കാർ ആൻഡ് ബൈക്ക് ഷോ ആസ്വദിക്കാം. നിരവധി അപൂർവ കാറുകളും മോട്ടോർ സൈക്കിളുകളും പ്രദർശിപ്പിക്കും. തുടർന്ന് വെടിക്കെട്ട് നടക്കും. അയാല നൃത്തവും ഇമാറാത്തി നാടൻപാട്ടുകളും പ്രേക്ഷകർക്ക് ആസ്വദിക്കാനാകും.
29 മുതൽ പ്രമുഖരെത്തും
29 മുതൽ ഡിസംബർ മൂന്നുവരെ ഷാർജ നാഷനൽ പാർക്കിൽ ഗെയിമുകൾ, വിനോദങ്ങൾ, പരമ്പരാഗത ഭക്ഷണങ്ങൾ എന്നിവ സംഘടിപ്പിക്കും. 20ലധികം വ്യത്യസ്ത പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നതിനാൽ, സന്ദർശകർക്ക് ടൂറിസ്റ്റ് ടൂറുകൾ, നാടോടി നൃത്തങ്ങൾ, മത്സരങ്ങൾ, ഭാഗ്യ നറുക്കെടുപ്പുകൾ എന്നിവയും ആസ്വദിക്കാം. 29 മുതൽ ഡിസംബർ ഒന്നുവരെ അൽ ദൈദ് നഗരത്തിൽ കവിതകൾ പൂത്തുലയും. ഇമാറാത്തി, ക്ലാസിക്കൽ അറബിക് കവിത സെഷനുകളിലൂടെയും പരമ്പരാഗത സംഗീത ഷോകളിലൂടെയും മത്സരങ്ങളിലൂടെയും അൽ ദൈദ് നഗരം അറബി കവിതയുടെ സൗന്ദര്യം വാരിവിതറും.
പ്രമുഖ എമിറാത്തി ഗായകരായ ഫയീസ് അൽ സയീദ്, ബൽക്കീസ്, ഹുസൈൻ അൽ ജാസ്മി എന്നിവർ ഡിസംബർ ഒന്നിന് ഖോർഫക്കാൻ ആംഫി തിയറ്ററിലെത്തും. ഡിസംബർ മൂന്നിന് ഫയീസ് അൽ സയീദ്, ബൽഖീസ്, ഹുസൈൻ അൽ ജാസ്മി, ഫൈസൽ അൽ ജാസിം, മുഹമ്മദ് അൽ മെൻഹാലി, അൽമാസ് എന്നിവർ അൽ മജാസ് ആംഫി തിയറ്ററിൽ സംഗീത കച്ചേരി അവതരിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.