ദേശീയ ദിനം; ദുബൈയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
text_fieldsദുബൈ: ദേശീയ ദിന ആഘോഷത്തിന്റെ ഭാഗമായി ദുബൈയിൽ സ്കൂളുകൾ, നഴ്സറികൾ, യൂനിവേഴ്സിറ്റികൾ ഉൾപ്പെടെയുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ദേശീയ ദിനമായ ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും. നാലിന് ക്ലാസുകൾ ആരംഭിക്കുമെന്ന് ദുബൈ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി ശനിയാഴ്ച വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഇത്തവണ ഈദുൽ ഇത്തിഹാദ് എന്ന പേരിലാണ് ദേശീയ ദിന ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. 1971 ഡിസംബർ രണ്ടിനാണ് ഏഴു എമിറേറ്റുകൾ ഏകീകരിച്ച് യുനൈറ്റഡ് അറബ് എമിറേറ്റ്സ് രൂപവത്കൃതമാകുന്നത്. ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം മാനവ വിഭവശേഷി, എമിറടൈസേഷൻ മന്ത്രാലയം പൊതു, സ്വകാര്യ സ്ഥാപനങ്ങൾക്കും രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചിരുന്നു. ശനി, ഞായർ അവധി കൂടി ചേരുമ്പോൾ ഇവർക്ക് ഫലത്തിൽ നാല് ദിവസത്തെ അവധി ലഭിക്കും. അതേസമയം, ഷാർജയിൽ വെള്ളിയാഴ്ച കൂടി അവധി ആയതിനാൽ എമിറേറ്റിലെ പൊതു സ്ഥാപനങ്ങൾക്ക് അഞ്ചു ദിവസത്തെ അവധി ലഭിക്കും. ഇത്തവണത്തെ ഔദ്യോഗിക ആഘോഷങ്ങൾ അൽ ഐനിൽ വെച്ചാണ് നടക്കുക. ഏഴ് എമിറേറ്റിലെയും ഭരണാധികാരികൾ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.