ഭീമൻ പതാക ബലൂണുമായി പ്രവാസികൾ
text_fieldsഅബൂദബി: ദേശീയ ദിനാഘോഷ ഭാഗമായി പ്രവാസികൾ നിർമിച്ച ഭീമൻ പതാക ബലൂൺ ശ്രദ്ധേയമായി. മദീനത്തു സായിദ് ഷോപ്പിങ് സെന്റർ ജീവനക്കാരനും ദീർഘകാല പ്രവാസിയുമായ അനിൽ കെ. ജോണാണ് ഇതിന് നേതൃത്വം നൽകിയത്. 10 മീറ്റർ ഉയരത്തിലാണ് യു.എ.ഇ ദേശീയ പതാകയുടെ മാതൃകയിൽ ബലൂൺ നിർമിച്ചത്. ബലൂണിൽ കാറ്റു കിട്ടുന്നതിനായി മോട്ടോറും ഉപയോഗിക്കുന്നുണ്ട്.
23 വർഷമായി ഓരോ ദേശീയദിനവും വേറിട്ട രീതിയിൽ ആഘോഷിക്കാൻ ശ്രമിക്കാറുണ്ടെന്ന് അനിൽ പറയുന്നു. കഴിഞ്ഞവർഷം രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ മുഖം 35,000 സ്കാർഫ് പിന്നുകൾ ഉപയോഗിച്ച് നിർമിച്ചാണ് അനിൽ കെ. ജോൺ ദേശീയദിനം ആചരിച്ചത്. ഇത്തവണയും വേറിട്ട ആഘോഷം ആലോചിച്ചാണ് ഇത്തരമൊരു ബലൂൺ തയാറാക്കിയതെന്ന് അദ്ദേഹം പറയുന്നു. ടാർപോളിൻ, തുണി, പ്ലൈവുഡ്, എയർ ബ്ലോവെർ തുടങ്ങിയവ ഉപയോഗിച്ചാണ് സുഹൃത്തുക്കളുടെ പിന്തുണയോടെ ഭീമൻ ബലൂൺ നിർമിച്ചത്.
ഷോപ്പിങ് സെന്റർ ജനറൽ മാനേജർ അബ്ദുൽ ഗഫൂർ, ഓപറേഷൻസ് മാനേജർ ബിജു തോമസ്, സന്തോഷ് കുമാർ നിഷാദ്, രാഹുൽ കുമാർ പതക്, സുരേഷ് ചാലേരി, ബംഗ്ലാദേശ് പൗരന്മാരായ സൈഫുൽ ഇസ്ലാമും മുഹമ്മദ് റഷീദും ഉദ്യമത്തിൽ പങ്കാളികളായി. ശക്തമായ കാറ്റുമൂലം നിരവധി തവണ പരാജയപ്പെട്ടതോടെ ശ്രമം ഉപേക്ഷിക്കാൻ തീരുമാനിച്ചപ്പോൾ സുഹൃത്തായ മധുസൂദനൻ കരിച്ചേരിയുടെ നിർദേശ പ്രകാരം ഒരുതവണ കൂടി ശ്രമിച്ചപ്പോൾ വിജയിക്കുകയായിരുന്നുവെന്നും പറഞ്ഞു. കവിതരചന, ഓയിൽ പെയിന്റിങ് മേഖലകളിൽ കഴിവുതെളിയിച്ച അനിൽ യു.എ.ഇയുടെ നേട്ടങ്ങളെക്കുറിച്ചുള്ള ഗാനം സംവിധാനം ചെയ്തിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.