യു.എ.ഇയിൽ ദേശീയ മനുഷ്യാവകാശ സ്ഥാപനം
text_fieldsഅബൂദബി: മനുഷ്യാവകാശങ്ങൾക്ക് എന്നും പ്രാധാന്യം നൽകുന്ന യു.എ.ഇ ദേശീയ മനുഷ്യാവകാശ സ്ഥാപനം പ്രഖ്യാപിച്ചു. പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്‌യാനാണ് നാഷനൽ ഹ്യൂമൺ റൈറ്റ്സ് ഇൻസ്റ്റിറ്റ്യൂഷെൻറ പ്രഖ്യാപനം നടത്തിയത്. മനുഷ്യാവകാശ സംരക്ഷണം ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് ഇൻസ്റ്റിറ്റ്യൂഷൻ പ്രഖ്യാപിച്ചത്.
അബൂദബി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിനു കീഴിൽ രാജ്യത്തുടനീളം കൂടുതൽ ശാഖകൾ തുറക്കും. ചെയർമാൻ അടക്കം 11 അംഗങ്ങളടങ്ങുന്ന ട്രസ്റ്റായിരിക്കും സ്ഥാപനം മുന്നോട്ട് നയിക്കുക. ചെയർമാനെയും അംഗങ്ങളെയും യു.എ.ഇ പ്രസിഡൻറ് നിശ്ചയിക്കും. മൂന്ന് മാസം കൂടുമ്പോൾ ട്രസ്റ്റ് യോഗം ചേരുകയും രാജ്യത്തെ മനുഷ്യാവകാശ പ്രശ്നങ്ങളും സ്ഥിതിഗതികളും വിലയിരുത്തുകയും ചെയ്യും.
സെമിനാർ, കോൺഫറൻസ്, പാനൽ ചർച്ചകൾ എന്നിവയിലൂടെ മനുഷ്യാവകാശ സംസ്‌കാരം വളർത്താനും പൊതുഅവബോധം വളർത്താനും സ്ഥാപനം ശ്രമിക്കും. അന്താരാഷ്ട്ര ഉടമ്പടികൾ, യു.എ.ഇ ഒപ്പിട്ട മനുഷ്യാവകാശ കൺവെൻഷനുകൾ എന്നിവയോട് രാജ്യത്ത് രൂപവത്കരിക്കുന്ന നിയമങ്ങൾ യോജിക്കുന്നുണ്ടോ എന്നതിനെക്കുറിച്ചുള്ള വിവരങ്ങളും അധികാരികൾക്ക് കൈമാറും. മനുഷ്യാവകാശ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യും. ബോർഡ് മെംബർമാരിൽ പകുതിയും മുഴുവൻ സമയ പ്രവർത്തകരായിരിക്കണം. ഭാവിയിൽ മനുഷ്യാവകാശ നയങ്ങൾക്ക് ഉറച്ച അടിത്തറ വികസിപ്പിക്കാനുള്ള രാജ്യത്തിെൻറ നയത്തിന് ഈ സ്ഥാപനം സുപ്രധാന പങ്കുവഹിക്കും. മറ്റ് രാജ്യങ്ങളുടെ മികച്ച രീതികൾ പിന്തുടരാനും മനുഷ്യാവകാശ തന്ത്രങ്ങൾ രൂപവത്കരിക്കാനും സ്ഥാപനം ഊന്നൽ നൽകും.
കഴിഞ്ഞ ജൂലൈയിൽ യു.എൻ മനുഷ്യാവകാശ കമീഷൻ ഓഫിസ് ഉൾപ്പെടെ അന്താരാഷ്ട്ര സംഘടനകളിൽ നിന്നുള്ള ഉപദേശത്തോടെയാണ് മനുഷ്യാവകാശ സ്ഥാപനത്തിന് ശ്രമം ആരംഭിച്ചത്. ഡിസംബറിൽ ദേശീയ മനുഷ്യാവകാശ സമിതി പദ്ധതി തയാറാക്കുന്നതിനുള്ള ആദ്യഘട്ട കൂടിയാലോചന ആരംഭിച്ചു. ദേശീയ മനുഷ്യാവകാശ സമിതിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് മേയിൽ തുടങ്ങി. ഏപ്രിലിൽ യു.എ.ഇ ഫെഡറൽ നാഷനൽ കൗൺസിൽ മനുഷ്യാവകാശ കമീഷൻ സ്ഥാപിക്കുന്നതിനുള്ള കരടു നിയമം അംഗീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.