കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിന് ദേശീയ നയം
text_fieldsഅബൂദബി: കള്ളപ്പണം വെളുപ്പിക്കുന്നതും തീവ്രവാദത്തിന് സാമ്പത്തിക സഹായം നൽകുന്നതും ആയുധ വ്യാപനം തടയുന്നതിനുമുള്ള ദേശീയ നയത്തിന് യു.എ.ഇ മന്ത്രിസഭ അംഗീകാരം നൽകി. തിങ്കളാഴ്ച അബൂദബിയിലെ ഖസ്ർ അൽ വത്നിൽ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പ്രഖ്യാപനം. പുതിയ ഗവൺമെന്റ് സീസണിലെ ആദ്യ മന്ത്രിസഭ യോഗമായിരുന്നിത്.
സാമ്പത്തിക സ്ഥാപനങ്ങളുടെയും വെർച്വൽ ആസ്തി സേവന ദാതാക്കളുടെയും മേലുള്ള നിയന്ത്രണത്തിന്റെ സുസ്ഥിരത ഉറപ്പാക്കാനും സമ്പദ്വ്യവസ്ഥയിലെ ഭരണ തത്ത്വങ്ങളും സുതാര്യതയും ശക്തിപ്പെടുത്താനും നയം ലക്ഷ്യമിടുന്നതായി ശൈഖ് മുഹമ്മദ് എക്സ് അക്കൗണ്ട് വഴി അറിയിച്ചു.
ആഗസ്റ്റ് അവസാനത്തോടെ ആരംഭിച്ച പുതിയ അധ്യയന വർഷത്തിന്റെ പുരോഗതിയും യോഗം അവലോകനം ചെയ്തു. യു.എ.ഇ സ്കൂളുകളിൽ 11 ലക്ഷം വിദ്യാർഥികളാണ് പുതിയ അധ്യയന വർഷത്തിൽ പ്രവേശനം നേടിയിരിക്കുന്നത്. 2023ലെ ഏകീകൃത സർക്കാർ സാമ്പത്തിക സ്ഥിതിവിവരക്കണക്കുകൾക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകുകയും ചെയ്തു.
ഇതനുസരിച്ച് സർക്കാർ വരുമാനം 546 ശതകോടി ദിർഹമിലെത്തിയിട്ടുണ്ട്. അതേസമയം ചെലവുകൾ 402 ശതകോടി ദിർഹമാണ്. പൊതു സുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തിക കാര്യങ്ങൾ, സാമൂഹിക സംരക്ഷണം, പാർപ്പിടം എന്നിവയാണ് സർക്കാർ ചെലവുകളുടെ പ്രധാന മേഖലകളെന്നും ഇത് വ്യക്തമാക്കുന്നു.
സ്വതന്ത്ര വ്യാപാര ചർച്ചകൾക്കായുള്ള സുപ്രീം കമ്മിറ്റിയെ പുനഃസംഘടിപ്പിക്കുന്നതിനും നാഷനലി ഡിറ്റർമൈൻഡ് കോൺട്രിബ്യൂഷൻസ് പാർട്ണർഷിപ് എന്ന അന്താരാഷ്ട്ര സഖ്യത്തിൽ യു.എ.ഇയുടെ അംഗത്വത്തിനും മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്.
സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കാനും കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടുന്നതിന് ആവശ്യമായ ഉപകരണങ്ങൾ വികസിപ്പിക്കാനുമാണ് ഈ സഖ്യം ലക്ഷ്യമിടുന്നത്.
നവംബർ 5, 6 തീയതികളിൽ അബൂദബിയിൽ നടക്കാനിരിക്കുന്ന യു.എ.ഇ സർക്കാരിന്റെ വാർഷിക യോഗത്തിന്റെ അജണ്ടക്കും അംഗീകാരം നൽകിയതായി ശൈഖ് മുഹമ്മദ് അറിയിച്ചു. യോഗത്തിൽ കുടുംബം, ദേശീയ അസ്തിത്വം, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എന്നീ മേഖലകളിലാണ് കേന്ദ്രീകരിക്കുക. ഈ മേഖലകൾ വികസിപ്പിക്കുന്നതിൽ സംഭാവന ചെയ്യുന്ന പദ്ധതികളും സംരംഭങ്ങളും ആശയങ്ങളും സമർപ്പിക്കാൻ എല്ലാ വിഭാഗങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.