കടലിൽ അപകടത്തിൽപെട്ട എട്ടു മത്സ്യത്തൊഴിലാളികളെ സ്വദേശി രക്ഷിച്ചു
text_fieldsദുബൈ: മത്സ്യബന്ധനത്തിനിടെ കടലിൽ അപകടത്തിൽപെട്ട എട്ടുപേരെ സാഹസികമായി രക്ഷിച്ച് ഇമാറാത്തി പൗരൻ. ഈസ മുഹമ്മദ് അൽ ഫലാസി എന്ന സ്വദേശിയാണ് ജീവൻ പണയംവെച്ച് തൊഴിലാളികൾക്ക് രക്ഷകനായത്. മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് ഇദ്ദേഹം ഒരാളെ കടലിൽ കണ്ടത്. ഉടൻ നീന്തി ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു. പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് അപകടത്തിൽപെട്ട ബോട്ടിൽ ഒമ്പതുപേർ കൂടിയുണ്ടായിരുന്നത് അറിയുന്നത്. ഉടൻ മറ്റുള്ളവർക്കായി തിരച്ചിൽ നടത്തുകയും ഏഴുപേരെക്കൂടി കണ്ടെത്തി രക്ഷിക്കുകയും ചെയ്തു. എന്നാൽ, രണ്ടുപേർ ഇതിനകം മുങ്ങിമരിച്ചിരുന്നു. ഇവർ സഞ്ചരിച്ച മത്സ്യബന്ധന ബോട്ട് മറിഞ്ഞാണ് അപകടമുണ്ടായത്.
സാഹസികമായി രക്ഷാപ്രവർത്തനം നടത്തിയ അൽ ഫലാസിയെ ദുബൈ പൊലീസ് പ്രത്യേകം ഒരുക്കിയ ചടങ്ങിൽ ആദരിച്ചു. കമ്യൂണിറ്റി ഹാപ്പിനസ് ആൻഡ് ലോജിസ്റ്റിക്സ് വകുപ്പ് അസി. കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അഹമ്മദ് മുഹമ്മദ് റാഫി ഉപഹാരം കൈമാറി. ദുരന്തമുഖത്ത് മത്സ്യത്തൊഴിലാളികൾക്ക് രക്ഷകനായ അൽ ഫലാസി മഹത്തായ സേവനമാണ് നിർവഹിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വെല്ലുവിളിനിറഞ്ഞ അവസരങ്ങളിൽ ഇമാറാത്തി സമൂഹം പ്രകടിപ്പിക്കുന്ന സഹായമനസ്കതയുടെ ഉദാഹരണമാണ് ഈ പ്രവർത്തനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാനുഷിക വികാരത്തിന്റെ അടിസ്ഥാനത്തിലാണ് ദുരന്തമുഖത്ത് ഇടപെട്ടതെന്നും തനിക്ക് ആദരവ് ഒരുക്കിയ ദുബൈ പൊലീസിന് നന്ദിയുണ്ടെന്നും അൽ ഫലാസി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.