നാലുപതിറ്റാണ്ടിന്റെ ഓർമയിൽ നായനാരുടെ ആദ്യ ഗള്‍ഫ് സന്ദര്‍ശനം
text_fieldsമലയാളി മനസ്സുകളില്‍ എന്നും മായാത്തൊരോർമയാണ് കേരള മുൻ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായിരുന്ന ഇ.കെ നായനാര്‍. കുറിക്കു കൊള്ളുന്ന വിമര്‍ശനവും നര്‍മത്തില്‍ ചാലിച്ച സംഭാഷണവും അസാമാന്യ പ്രസംഗ വൈഭവയും കൊണ്ട് മലയാളികളുടെ മനസ്സ് കീഴടക്കിയ അദ്ദേഹം കേരള രാഷ്ട്രീയത്തിലെ ജനകീയനായിരുന്നു. കേരള ജനത ഏറ്റവും കൂടുതൽ സ്നേഹവും ആദരവും വെച്ചു പുലർത്തിയ ഇടത് നേതാവ്. ആദ്യ കാലങ്ങളിലെ കേരള മുഖ്യമന്ത്രിമാരിൽ ഗൾഫ് രാജ്യങ്ങളിൽ സന്ദർശനം നടത്തിയവർ വിരളമാണ്. അവരിൽ ഒരാളാണ് ഇ.കെ നായനാർ. നായനാരുടെ ആദ്യ യു.എ. ഇ സന്ദര്‍ശനത്തിന് ഇക്കഴിഞ്ഞ ജനുവരിയിൽ നാല്‍പ്പത് വര്‍ഷങ്ങള്‍ പൂർത്തിയായി. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ കരുത്തുറ്റ ശബ്ദമായിരുന്ന എം.വി രാഘവനും അന്ന് നായനാർക്കൊപ്പമുണ്ടായിരുന്നു. 1984 ജനുവരി അവസാനത്തിലായിരുന്നു ഇരുവരുടെയും ആദ്യ ഗൾഫ് സന്ദർശനം. നായനാര്‍ 1980ല്‍ കേരള മുഖ്യമന്ത്രിയായെങ്കിലും 1981ല്‍ അദ്ദേഹത്തിന്റെ സര്‍ക്കാര്‍ രാജിവെച്ചിരുന്നു. പിന്നീട് പ്രതിപക്ഷ നേതാവും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായി നായനാർ. എം.വി രാഘവനാകട്ടെ അക്കാലത്ത് സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും. ഇരുവരുടെയും ആദ്യ ഗള്‍ഫ് സന്ദര്‍ശനത്തിനു പുറമെ ഗൾഫിൽ പൊതുസമ്മേളനത്തിൽ പ്രസംഗിച്ച ആദ്യ കമ്യൂണിസ്റ്റ് നേതാക്കൾ എന്ന ഖ്യാതിയും ഇവർക്കുതന്നെ. ദേശാഭിമാനിയുടെ തിരുവനന്തപുരം എഡിഷൻ ആരംഭിക്കുന്നതിനുള്ള ധന സമാഹരണത്തിന്റെ ഭാഗമായാണ് നേതാക്കൾ യു.എ.ഇയിൽ എത്തിയത്. കേരളത്തിൽ നിന്ന് ഗൾഫിലേക്ക് നേരിട്ട് വിമാന സർവീസ് ഇല്ലാത്തതിനാൽ മുംബൈയിൽ നിന്നും വിമാനം കയറിയ അവർ അബൂദബി എയര്‍പോര്‍ട്ടിൽ വന്നിറങ്ങി . അബൂദബി ശക്തി തിയേറ്റേഴ്സ് എന്ന സംഘടനയാണ് പരിപാടികള്‍ ഏകോപിച്ചിരുന്നത്. സംഘടനയുടെ മുൻ നിരയിലുണ്ടായിരുന്ന അക്കാലത്തെ പ്രവാസിയും മുൻ ഗുരുവായൂർ എം.എൽ.എയും നിലവിൽ സി.പി.എം സംസ്ഥാന കണ്ട്രോള്
കമ്മീഷന് അംഗവുമായ കെ.വി അബ്ദുൽ ഖാദർ, കണ്ണൂർ സ്വദേശി മൂസ മാസ്റ്റർ, എന്‍.ഐ മുഹമ്മദ്കുട്ടി തൃത്താല, വി. രാജന് തൃശൂർ കൊടകര, എം.ആര് സോമന് എറണാകുളം, എടയത്ത് രവി കണ്ണൂർ, എ.പി ഇബ്രാഹിം ചാവക്കാട് എന്നിവരടങ്ങിയ സംഘം അന്ന് അബൂദബിയിൽ നേതാക്കളുടെ വരവേൽപ്പിന് ചുക്കാൻ പിടിച്ചു. അബൂദബി മദിന സായ്ദിലെ മലയാളികളുടെ താമസ കേന്ദ്രമായ അല്‍മുല്ല എന്ന് പേരുള്ള വില്ലയിലാണ് നേതാക്കൾക്ക് താമസമൊരുക്കിയത്. ഇവിടെ താമസിച്ചിരുന്ന എട്ടോളം ബാച്ചിലർമാരെ ഇതിനായി തൽക്കാലം മറ്റിടങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു.
മലയാളി പ്രവാസികളുടെ ജീവിത ദുരിതങ്ങള്‍ നേരിട്ടറിയിക്കാനു ള്ള ശ്രമത്തിന്റെ ഭാഗമായി തന്നെയാണ് നേതാക്കളെ ബാച്ചിലർ റൂമിൽ തന്നെ പാർപ്പിക്കാനുള്ള കാരണമെന്ന് മുൻ എം.എൽ.എ കെ.വി അബ്ദുൽ ഖാദർ ഓർത്തെടുക്കുന്നു. അബൂദബി, ദുബൈ, ഷാര്‍ജ, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിലെല്ലാം നേതാക്കൾ സന്ദര്‍ശനം നടത്തി. യു.എ.ഇയുടെ പൂന്തോട്ട നഗരമായ അല്‍ഐനിൽ വെച്ച് വിപുലമായൊരു സ്വീകരണം ഒരുക്കാൻ ശക്തി തിയേറ്റേഴ്സിന്റെ പ്രവർത്തകർ തീരുമാനിച്ചു. അതിനായി കെ.വി അബ്ദുൽ ഖാദർ ജനറൽ കൺവീനറായി അൽ ഐനിൽ സ്വാഗതസംഘം രൂപവത്കരിച്ചു. വെറും പത്തൊമ്പത് വയസ്സ് മാത്രമായിരുന്ന തന്റെ മേൽ ഏൽപ്പിച്ചു തന്ന വലിയ ഉത്തരവാദിത്തം തനിക്ക് തന്നെ അന്നൊരു വലിയ അത്ഭുതമായി തോന്നിയിരുന്നുവെന്ന് അബ്ദുൽ ഖാദർ ‘ഗൾഫ് മാധ്യമ’ത്തോടു പറയുന്നു.
നായനാരുടെ ആദ്യ ഗൾഫ് സന്ദർശനത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ ‘അറേബ്യൻ സ്കെച്ചുകൾ’ എന്ന പുസ്തകം പിറവി എടുത്തത്. ആ ഗൾഫ് യാത്രയെ കുറിച്ചും അൽ ഐൻ സ്വീകരണത്തെ കുറിച്ചും സവിസ്തരം വിശദീകരിക്കുന്നുണ്ട് നായനാരുടെ പുസ്തകത്തിൽ. 1996ലെ നായനാർ സര്‍ക്കാരാണ് ആദ്യമായി സംസ്ഥാനത്ത് പ്രവാസി ക്ഷേമ വകുപ്പ് രൂപവത്കരിച്ചത്. ആദ്യ ഗള്‍ഫ് സന്ദര്‍ശനം പകര്‍ന്നു നല്കിയ അനുഭവങ്ങളും നേരില്‍ കണ്ട ജീവിതങ്ങളുമാവാം ഇത്തരമൊരു തീരുമാനത്തിലെത്തിച്ചത്. പിന്നീട് മുഖ്യമന്ത്രി ആയിരിക്കെ 1999 ലാണ് നായനാർ രണ്ടാമത് യു.എ.ഇ യിൽ എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.