നെടുമുടി വേണു: ദുബൈയുടെ ആത്മസുഹൃത്ത്
text_fieldsഅഡ്വ. ടി.കെ. മുഹമ്മദ് അസ്‌ലം
അടുത്തിടപഴകുന്നവരെല്ലാം വേണുച്ചേട്ടൻ എന്ന് വിളിച്ചിരുന്ന നെടുമുടി വേണുവിെൻറ വിയോഗം എല്ലാവർക്കുമെന്നപോലെ ദുബൈയിലെ സുഹൃത്തുക്കൾക്കും നഷ്ടമാണ്. ദുബൈയിൽ താമസിക്കുന്ന മക്കളായ കണ്ണനെയും ഉണ്ണിയെയും സന്ദർശിക്കാൻ മാത്രമല്ല, നിരവധി പരിപാടികൾക്കും അദ്ദേഹം യു.എ.ഇയിൽ എത്തിയിരുന്നു. അതുവഴി നിരവധി സുഹൃദ്ബന്ധമാണ് വേണുച്ചേട്ടന് പ്രവാസലോകത്തുള്ളത്. 2013ൽ ദുബൈ വേൾഡ് ട്രേഡ് സെൻററിൽ 'ഗൾഫ് മാധ്യമം' സംഘടിപ്പിച്ച 'എെൻറ സ്വന്തം മലയാളം' പരിപാടിക്ക് എത്തിയപ്പോഴാണ് വേണുച്ചേട്ടനുമായി പരിചയപ്പെട്ടതും സൗഹൃദത്തിലായതും. പരിപാടിയുടെ ഭാഗമായി സിദ്ദീഖ് സംവിധാനം ചെയ്ത സ്കിറ്റിലെ പ്രധാന റോൾ വേണുച്ചേട്ടനാണ് അവതരിപ്പിച്ചത്. ഊദ് മേത്തയിലെ ഡ്യൂൺസ് ഹോട്ടലിലായിരുന്നു താമസമെങ്കിലും അദ്ദേഹത്തിന് താൽപര്യം നാടൻ ഭക്ഷണങ്ങളോടായിരുന്നു. അദ്ദേഹത്തിെൻറ നാടായ നെടുമുടിയിലുള്ള അബ്ദുൽ സലാമും ഭാര്യ റസിയയുമായിരുന്നു നാടൻ ഭക്ഷണം എത്തിച്ചുകൊടുത്തത്. പിന്നീടൊരിക്കൽ ദുബൈയിൽ എത്തിയപ്പോൾ അബ്ദുൽ സലാമിനോട് ചോദിച്ചത് 'എെൻറ അന്നദാതാവ് എവിടെ, അവർക്ക് സുഖം തന്നെയല്ലേ' എന്നായിരുന്നു. ഇത്തരം ചെറിയ കാര്യങ്ങൾപോലും അദ്ദേഹം ഓർത്തുവെച്ചു. ദുബൈ 'മൈദാൻ' ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഫിലിം ഫെസ്റ്റിൽ അദ്ദേഹം അതിഥിയായി വന്നിരുന്നു. ദുബൈയിൽ എത്തുന്നതിന് മുമ്പുതന്നെ നാട്ടിൽനിന്ന് വിളിച്ച് പരിപാടിയെക്കുറിച്ചും തിരിച്ചുപോകുന്ന സമയവുമെല്ലാം കൃത്യമായി പറഞ്ഞുതന്നു. പരിപാടിയുടെ തൊട്ടടുത്ത ദിവസം കണ്ടപ്പോൾ അദ്ദേഹം പരിപാടി വൈകിയതിൽ പരിഭവം അറിയിച്ചു. തെൻറ ബുന്ധിമുട്ടായിരുന്നില്ല അദ്ദേഹത്തിെൻറ പ്രശ്നം, കൈക്കുഞ്ഞുങ്ങളുമായി പ്രയാസം സഹിച്ച് അത്രയും നേരം കാത്തുനിന്ന സ്ത്രീകളുടെ മുഖങ്ങളായിരുന്നു സങ്കടമായി പറഞ്ഞത്. മൂത്ത മകൻ ഉണ്ണിയും രണ്ടാമത്തെ മകൻ കണ്ണനും യു.എ.ഇയിൽ കുടുംബസമേതമാണ് താമസം. ദുബൈയിൽ വരുമ്പോൾ ഉണ്ണിയുടെ ഷാർജ- അൽ നഹ്ദയിലെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. വിളിച്ചപ്പോഴൊക്കെ അദ്ദേഹത്തെ സന്ദർശിക്കാനും മടക്കയാത്ര സമയത്ത് എയർപോർട്ടിൽ കൊണ്ടുവിടാനും സമയവും സന്ദർഭവും കിട്ടിയതിൽ ചാരിതാർഥ്യമുണ്ട്. മക്കൾക്ക് അഭിനയത്തോട് താൽപര്യമുണ്ടോ എന്ന ചോദ്യത്തിന് 'അഭിനയം ഇവെൻറ അടുത്തുകൂടെ പോയിട്ടേയില്ല' എന്ന് ഉണ്ണിയെ ചൂണ്ടി സരസമായി പറഞ്ഞു. വേണുച്ചേട്ടനും മക്കളും തമ്മിലുള്ള സംഭാഷണം ആരിലും കൗതുകമുണർത്തുന്നതായിരുന്നു. ഷൂട്ടിങ്ങിനുവേണ്ടി ദിവസങ്ങളോളം വീട് വിട്ട് താമസിക്കേണ്ടിവന്നിരുന്ന അദ്ദേഹം നല്ല ഒരു കുടുംബനാഥനും സ്നേഹനിധിയായ പിതാവുമായിരുന്നു. വിളിക്കുമ്പോൾ ഫോൺ എടുക്കാൻ സാധിച്ചില്ലെങ്കിൽ തിരിച്ചുവിളിക്കും. ഒരിക്കൽ വിയ്യൂർ സെൻട്രൽ ജയിലിനകത്തുവെച്ച് ഷൂട്ടിങ് നടക്കുമ്പോൾ, സാധാരണ തിരിച്ചു വിളിക്കാറുണ്ടായിരുന്ന സമയവും കഴിഞ്ഞ് ഏറെ വൈകിയാണ് വേണുച്ചേട്ടൻ വിളിച്ചത്. ക്ഷമാപണതോടെ, വാത്സല്യത്തോടെയുള്ള ഫോൺ വിളി ഇന്നും ചെവിയിൽ മുഴങ്ങുന്നുണ്ട്. 2015ൽ ഹജ്ജ് കർമം നിർവഹിക്കാൻ പോകുകയാണെന്ന് ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. പിന്നീട് അദ്ദേഹം ദുബൈയിൽ വന്ന് നേരിൽ കണ്ടപ്പോൾ ഹജ്ജ് കർമങ്ങളെക്കുറിച്ചും ആൽമീയ ഉണർവിനെ കുറിച്ചുമെല്ലാം ധാരാളം സംസാരിക്കുകയും അന്വേഷിക്കുകയും ചെയ്തു. സലീം അഹമ്മദ് സംവിധാനം ചെയ്ത 'ആദാമിെൻറ മകൻ അബു' എന്ന സിനിമയിലെ ഹജ്ജുമായി ബന്ധപ്പെട്ട കാര്യങ്ങൾ അദ്ദേഹം ഓർത്തെടുത്തു. സമ്മാനം നൽകിയാൽ സന്തോഷത്തോടെ സ്വീകരിക്കുകയും പാഴ്സലായി കിട്ടിയാൽ വിവരം വിളിച്ചറിയിക്കുകയും ചെയ്തിരുന്നു. ആധ്യാത്മിക ഗ്രന്ഥങ്ങളുടെ വായന അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു. അയച്ചുകൊടുത്ത ഇസ്‌ലാമിക ഗ്രന്ഥങ്ങളും സന്തോഷത്തോടെ വേണുച്ചേട്ടൻ സ്വീകരിച്ചു. കുറച്ചുകാലമായി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അതൊന്നും അദ്ദേഹത്തെ തളർത്തിയിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.