നാട്ടിൽ നിന്ന് യു.എ.യിലേക്ക് വിമാനം വേണം:കെ.എം.സി.സി നേതാക്കൾ സി.ജിയെ കണ്ടു
text_fields
ദുബൈ: നാട്ടിൽ നിന്ന് യു.എ.ഇയിലേക്കു തിരിച്ചുവരാൻ ആഗ്രഹിക്കുന്നവർക്കു യാത്രാസൗകര്യം ഒരുക്കുക, യു.എ.യിൽ നിന്ന് നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ഇവിടെ സെൻററുകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു യു.എ.ഇ കെ.എം.സി.സിയുടെ നേതാക്കൾ ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ വിപുലുമായി കൂടിക്കാഴ്ച്ച നടത്തി.
യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി ചെയർമാൻ എ.പി ഷംസുദ്ദീൻ ബിൻ മുഹിയിദ്ദീൻ, പ്രസിഡൻറ് പുത്തൂർ റഹ്മാൻ, ജനറൽ സെക്രട്ടറി നിസാർ തളങ്കര, പി.കെ അൻവർ നഹ എന്നിവരാണ് കൂടിക്കാഴ്ച്ച നടത്തിയത്.
കോവിഡ് പ്രതിസന്ധിയിൽ യു.എ.യിൽ അകപ്പെട്ടവരെ നാട്ടിലെത്തിക്കുന്ന ദൗത്യം തുടരുന്ന സാഹചര്യത്തിൽ ഇനി വേണ്ടത് നാട്ടിലകപ്പെട്ട പ്രവാസികളെ യു.എ.ഇയിൽ എത്തിക്കാനുള്ള യാത്രാസൗകര്യമാണ്.
ഇതിനായി വന്ദേഭാരത് മിഷനു സമാനമായ ചാർറ്റഡ് വിമാനങ്ങൾ ഇന്ത്യാഗവൺമെൻറ് ആരംഭിക്കുകയോ അതിനുള്ള അനുമതി സാമൂഹിക കൂട്ടായ്മകൾക്കു നൽകുകയോ വേണം. നാട്ടിൽ നിന്ന് തിരികെ വരാനായി അവസരം കാത്തുകഴിയുന്ന അനേകായിരം ജീവനക്കാരും സംരംഭകരും കച്ചവടക്കാരും ഉണ്ട്.
യു.എ.ഇയിൽ നിന്ന് നീറ്റ് പരീക്ഷക്കു തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ അനുഭവിക്കുന്ന അനിശ്ചിതത്വത്തെ കുറിച്ചും നേതാക്കൾ ശ്രദ്ധക്ഷണിച്ചു. നീറ്റ് പരീക്ഷ എഴുതാൻ യു.എ.ഇയിൽ സെൻറർ അനുവദിക്കുകയോ പരീക്ഷാർത്ഥികൾക്കു നാട്ടിലെത്തി പരീക്ഷക്കിരിക്കാൻ അവസരമൊരുക്കുകയോ വേണം.
വിദേശത്ത് നിന്ന് ഏഴായിരത്തിൽ പരം വിദ്യാർത്ഥികൾ പ്ലസ്റ്റു പരീക്ഷ എഴുതുന്നു. അവരിൽ ആയിരത്തോളം പേർ നീറ്റ് പരീക്ഷക്കു തയ്യാറെടുത്തവരാണ്. കോൺസുൽ ജനറൽ നിവേദനങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ചതായും പ്രശ്നങ്ങളിൽ ഔദ്യോഗികമായ പരിഹാരമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും നാഷണൽ കമ്മിറ്റി പ്രസിഡൻറ് പുത്തൂർ റഹ്മാൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.