നീറ്റ് കേന്ദ്രങ്ങൾ ഒരുങ്ങി
text_fieldsദുബൈ: ഞായറാഴ്ച നടക്കുന്ന നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ (എൻ.ടി.എ) ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ 'നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന് (നീറ്റ്) യു.എ.ഇയിലെ കേന്ദ്രങ്ങൾ ഒരുങ്ങി. ദുബൈയിൽ കഴിഞ്ഞ വർഷത്തെപോലെ ഊദ്മേത്തയിലെ ഇന്ത്യൻ ഹൈസ്കൂളും, പുതുതായി സെന്‍ററുകളനുവദിച്ച ഷാർജയിൽ മുവൈലയിലെ ഇന്ത്യ ഇന്‍റർനാഷൻ സ്കൂളും അബൂദബിയിൽ മുറൂർ അബൂദബി ഇന്ത്യൻ സ്കൂളുമാണ് പരീക്ഷ കേന്ദ്രങ്ങൾ. ഉച്ച 12.30 മുതൽ 3.50 വരെയാണ് പരീക്ഷ സമയം. എന്നാൽ, രാവിലെ 9.30മുതൽ സെന്‍ററിലേക്ക് വിദ്യാർഥികൾക്ക് പ്രവേശനം അനുവദിക്കും. എല്ലാ പരീക്ഷ കേന്ദ്രങ്ങളിലും ഒരുക്കങ്ങൾ പൂർത്തിയായിവരുന്നതായി അധികൃതർ പ്രതികരിച്ചു.
നൂറുകണക്കിന് വിദ്യാർഥികളാണ് ഈ സെന്‍ററുകളിൽ പരീക്ഷക്ക് ഹാജരാകാൻ തയാറായിരിക്കുന്നത്.
അബൂദബി ഇന്ത്യൻ സ്കൂളിൽ 392 കുട്ടികളാണ് പരീക്ഷക്കിരിക്കുന്നതെന്ന് പ്രിൻസിപ്പൽ നീരജ് ഭാർഗവ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. സെന്‍ററിൽ എൻ.ടി.എ നിർദേശിച്ച മാനദണ്ഡപ്രകാരം എല്ലാ മുന്നൊരുക്കങ്ങളും നടത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരുക്കങ്ങൾ പൂർത്തിയായതായി ഇന്ത്യ ഇന്‍റർനാഷൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. മഞ്ജുവും പ്രതികരിച്ചു.
650 വിദ്യാർഥികൾ ദുബൈ ഇന്ത്യൻ ഹൈസ്കൂളിൽ മാത്രം പരീക്ഷക്കിരിക്കും. കഴിഞ്ഞ വർഷം 1800ലേറെ വിദ്യാർഥികൾ ഇവിടെ പരീക്ഷ എഴുതിയിരുന്നു. മറ്റു ഗൾഫ് രാജ്യങ്ങളിൽനിന്നും യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽനിന്നും പരീക്ഷ എഴുതാൻ നിരവധിപേർ എത്തുകയുണ്ടായി. എന്നാൽ ഇത്തവണ 'നീറ്റ്' പരീക്ഷക്ക് ആറ് ഗൾഫ് രാജ്യങ്ങളിലായി എട്ടു പരീക്ഷ കേന്ദ്രങ്ങൾ എൻ.ടി.എ അനുവദിച്ചിട്ടുണ്ട്. യു.എ.ഇയിൽ മാത്രം മൂന്നു സെന്‍ററുകളുണ്ട്. കഴിഞ്ഞവർഷം കുവൈത്ത്, ദുബൈ കേന്ദ്രങ്ങൾ മാത്രമാണുണ്ടായിരുന്നത്. യു.എ.ഇയിലെ മൂന്ന് കേന്ദ്രങ്ങൾക്ക് പുറമെ ഖത്തർ (ദോഹ), ബഹ്റൈൻ (മനാമ), ഒമാൻ (മസ്കത്ത്), സൗദി അറേബ്യ (റിയാദ്), കുവൈത്ത് (കുവൈത്ത് സിറ്റി) എന്നിവയാണ് ഗൾഫ് രാജ്യങ്ങളിലെ മറ്റു പരീക്ഷ കേന്ദ്രങ്ങൾ. നേരത്തേ ഇന്ത്യയിൽ മാത്രം നടത്തിയിരുന്ന പരീക്ഷക്ക് കോവിഡ് പശ്ചാത്തലത്തിലാണ് കഴിഞ്ഞവർഷങ്ങളിൽ രാജ്യത്തിന് പുറത്ത് ആദ്യമായി കേന്ദ്രം അനുവദിച്ചത്.
ഇന്ത്യയിൽ 543 നഗരങ്ങളിൽ പരീക്ഷാകേന്ദ്രം അനുവദിച്ചിട്ടുണ്ട്. 13 ഭാഷകളിൽ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാം. അഡ്മിറ്റ് കാർഡുകൾ കഴിഞ്ഞ ദിവസം മുതൽ വെബ്സൈറ്റിൽനിന്ന് വിദ്യാർഥികൾക്ക് ലഭിച്ചു തുടങ്ങിയെന്ന് നീറ്റ് പരിശീലന സ്ഥാപനമായ യുനീക് വേൾഡ് പ്രതിനിധി ശാക്കിർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.