നീറ്റിൽ പുകഞ്ഞ് പ്രവാസി വിദ്യാർഥികളും
text_fieldsദുബൈ: അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയായ ‘നീറ്റ്’ ക്രമക്കേടിൽ പ്രതിസന്ധിയിലായി പ്രവാസി വിദ്യാർഥികളും. മെഡിക്കൽ പ്രവേശനം ആഗ്രഹിച്ച് പരീക്ഷയെഴുതിയ നൂറുകണക്കിന് പ്രവാസി വിദ്യാർഥികളാണ് ഭാവി നടപടി എന്തെന്ന് തീരുമാനിക്കാനാകാതെ പ്രതിസന്ധിയിലായത്. 12ാം ക്ലാസിനൊപ്പമാണ് യു.എ.ഇയിൽ കൂടുതൽ വിദ്യാർഥികളും നീറ്റ് പരീക്ഷയെഴുതിയിരുന്നത്. ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ നീറ്റ് പരീക്ഷ കേന്ദ്രങ്ങൾ അനുവദിച്ചതും യു.എ.ഇയിലായിരുന്നു. ദുബൈ ഇന്ത്യൻ ഹൈസ്കൂൾ, ഷാർജ ഇന്ത്യൻ സ്കൂൾ, അബൂദബി ഇന്ത്യൻ സ്കൂൾ എന്നിങ്ങനെ മൂന്നു കേന്ദ്രങ്ങളിലായി നടന്ന പരീക്ഷയിൽ 1500ലധികം കുട്ടികളും പങ്കെടുക്കുകയും ചെയ്തു. മികച്ച മാർക്ക് നേടി നാട്ടിലോ വിദേശത്തോ മെഡിക്കൽ പഠനത്തിന് പ്രവേശനം നേടാനാകുമെന്ന പ്രതീക്ഷയിലായിരുന്നു വിദ്യാർഥികൾ. എന്നാൽ, ക്രമക്കേട് ഉയർന്നതോടെ പരീക്ഷ റദ്ദാക്കുമോ എന്ന ആശങ്കയിലാണിവർ. വിദേശ കോളജുകളിൽ പ്രവേശനത്തിന് സമയപരിധി അവസാനിക്കാറായതും ആശങ്കയുളവാക്കുന്നുണ്ട്. ഇത്തവണ ആദ്യ ഘട്ടത്തിൽ ഗൾഫിൽ പരീക്ഷ കേന്ദ്രങ്ങൾ അനുവദിക്കാൻ കേന്ദ്ര സർക്കാർ മടിച്ചത് വിദ്യാർഥികളെ കുഴക്കിയിരുന്നു. ഇതു സംബന്ധിച്ച് മാധ്യമങ്ങൾ ചൂണ്ടിക്കാണിച്ച ശേഷമാണ് കേന്ദ്ര സർക്കാർ നീറ്റ് പരീക്ഷ കേന്ദ്രങ്ങൾ അനുവദിക്കാൻ തയാറായത്. പിന്നീട് എൻ.ടി.എ സൈറ്റുകളിൽ വിദേശത്തുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാനുള്ള ഓപ്ഷൻ ആക്ടീവാകാത്തതും ആദ്യ ഘട്ടത്തിൽ പ്രതിസന്ധി തീർത്തിരുന്നു.
പ്ലസ് ടു പരീക്ഷയുടെ തിരക്കേറിയ ഷെഡ്യൂളുകൾക്കിടയിലാണ് വിദ്യാർഥികൾ അധിക സമയം കണ്ടെത്തി നീറ്റിനായി തയാറെടുത്തതെന്ന് രക്ഷാകർത്താക്കൾ പറഞ്ഞു. പക്ഷേ, എല്ലാ പ്രയത്നങ്ങളും പാഴായ മനോവിഷമത്തിലാണിപ്പോൾ കുട്ടികൾ. ക്രമക്കേട് പുറത്തുവന്നതോടെ നീറ്റ് പരീക്ഷയുടെ വിശ്വാസ്യത നഷ്ടപ്പെട്ടതായും ചില വിദ്യാർഥികൾ പറഞ്ഞു. 600ന് മുകളിൽ മാർക്ക് നേടിയ നിരവധി വിദ്യാർഥികൾ യു.എ.ഇയിലുണ്ട്. മികച്ച മെഡിക്കൽ കോളജുകളിൽ പ്രവേശനം ലഭിക്കുമെന്ന പ്രതീക്ഷയിൽ നാട്ടിലേക്ക് പോയവരും ഏറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.