നീറ്റിന് ഒരുങ്ങി യു.എ.ഇ
text_fieldsദുബൈ: ഞായറാഴ്ച നടക്കുന്ന നീറ്റ് പരീക്ഷക്ക് യു.എ.ഇയിൽ ഒരുക്കം പൂർത്തിയായി. 1500ഓളം കുട്ടികളാണ് ഇക്കുറി പരീക്ഷയെഴുതുന്നത്. ദുബൈ ഊദ് മേത്തയിലെ ഇന്ത്യൻ ഹൈസ്കൂൾ, ദുബൈ അബൂഹെയ്ൽ ഹോർലാൻസ് ഭവൻസ് പേൾ വിസ്ഡം സ്കൂൾ, ഷാർജ ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ, അബൂദബി ആഡിസ് മുറൂർ സ്കൂൾ എന്നിവിടങ്ങളിലാണ് പരീക്ഷ നടക്കുന്നത്. ഉച്ചക്ക് 12.30ന് പരീക്ഷ ആരംഭിക്കും. 11.30ന് മുമ്പെങ്കിലും കുട്ടികൾ ഹാജരാകണം. കഴിഞ്ഞവർഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പരീക്ഷയെങ്കിൽ ഇക്കുറി കോവിഡ് നിയന്ത്രണങ്ങളെല്ലാം ഒഴിഞ്ഞ ആശ്വാസത്തിലാണ് വിദ്യാർഥികൾ പരീക്ഷ കേന്ദ്രത്തിലെത്തുന്നത്.
ദുബൈ, അബൂദബി, ഷാർജ എമിറേറ്റുകളിൽ സെന്ററുകൾ ഉള്ളതിനാൽ കുട്ടികൾക്ക് ദീർഘദൂര യാത്ര ഒഴിവാക്കി പരീക്ഷ ഹാളിലെത്താൻ കഴിയും. കഴിഞ്ഞവർഷവും ഈ മൂന്ന് എമിറേറ്റുകളിലും സെന്ററുകൾ അനുവദിച്ചിരുന്നു. എല്ലാവർക്കും എത്തിപ്പെടാൻ കഴിയുന്ന സ്കൂളുകളാണ് ഇക്കുറിയും പരീക്ഷ കേന്ദ്രങ്ങളാക്കിയത്.
പരീക്ഷക്ക് കുട്ടികൾ സജ്ജരായതായി യുനീക് വേൾഡ് എജുക്കേഷൻ സ്ഥാപക സി.ഇ.ഒ മുഹമ്മദ് ഷാക്കിർ പറഞ്ഞു. കൂടുതൽ സെന്ററുകൾ അനുവദിച്ചത് കുട്ടികളുടെ യാത്രക്ക് ഉപകാരപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘നീറ്റ്’ നീറ്റായി എഴുതാൻ അറിയേണ്ട കാര്യങ്ങൾ
ഇന്ത്യയിലെയും വിദേശത്തെയും കേന്ദ്രങ്ങളിലായി ഞായറാഴ്ച നടക്കുന്ന മെഡിക്കൽ പ്രവേശന പരീക്ഷക്ക് (നീറ്റ്-യു.ജി) 20 ലക്ഷത്തിലേറെ വിദ്യാർഥികളാണ് തയാറെടുക്കുന്നത്. ജി.സി.സിയിൽ അബൂദബി, ദുബൈ, ഷാർജ (യു.എ.ഇ), ദോഹ (ഖത്തർ), മനാമ (ബഹ്റൈൻ), മസ്കത്ത് (ഒമാൻ), റിയാദ് (സൗദി അറേബ്യ), കുവൈത്ത് സിറ്റി (കുവൈത്ത്) എന്നിവിടങ്ങളിലാണ് പരീക്ഷ കേന്ദ്രങ്ങൾ. ഏറെ സൂക്ഷ്മതയോടെ ഒരുങ്ങുന്ന പരീക്ഷക്ക്, അവസാന നിമിഷങ്ങളിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം. പരീക്ഷ എഴുതാൻ ഒരുങ്ങുന്നവർ താഴെക്കൊടുത്ത കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കുക.
- നീറ്റ്-യുജിയുടെ അഡ്മിറ്റ് കാർഡ് neet.nta.nic.in എന്ന വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
- അഡ്മിറ്റ് കാർഡിൽ രേഖപ്പെടുത്തിയ പരീക്ഷ കേന്ദ്രം, പരീക്ഷാ സമയം എന്നിവ പ്രത്യേകം പരിശോധിക്കണം. ഞായറാഴ്ച ഉച്ചക്ക് രണ്ടു മുതൽ വൈകീട്ട് 5.20 (ഇന്ത്യൻ സമയം) വരെയാണ് പരീക്ഷ നടക്കുന്നത്.
- ഇന്ത്യൻ സമയം ഉച്ചക്ക് 1.30നകം കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യാത്തവർക്ക് പ്രവേശനമുണ്ടാവില്ല.
- അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ എന്തെങ്കിലും പ്രയാസം നേരിടുന്നവരുണ്ടെങ്കിൽ neet@nta.ac.in എന്ന ഇ-മെയിൽ വിലാസത്തിലോ 011-69227700, 011-40759000 എന്നീ ഹെൽപ് ലൈൻ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്
- ഭാവിയിലെ ഉപയോഗത്തിനായി അഡ്മിറ്റ് കാർഡ് സൂക്ഷിച്ചുവെക്കണം.
അഡ്മിറ്റ് കാർഡിലും കൺഫർമേഷൻ പേജിലും കൊടുത്ത വിവരങ്ങൾ, ഫോട്ടോ, ഒപ്പ് എന്നിവയിൽ എന്തെങ്കിലും പൊരുത്തക്കേടുകൾ ഉണ്ടെങ്കിൽ രാവിലെ പത്തിനും വൈകീട്ട് അഞ്ചിനും ഇടയിൽ (ഇന്ത്യൻ സമയം) ഹെൽപ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടുക. അത്തരം സന്ദർഭങ്ങളിൽ, വിദ്യാർഥികൾ ഇതിനകം ഡൗൺലോഡ് ചെയ്ത അഡ്മിറ്റ് കാർഡ് ഉപയോഗിച്ച് പരീക്ഷയിൽ ഹാജരാകാവുന്നതാണ്. രേഖകളിൽ വേണ്ട തിരുത്തലുകൾ വരുത്തുന്നതിന് ആവശ്യമായ നടപടി എൻ.ടി.എ പിന്നീട് സ്വീകരിക്കുന്നതാണ്.
വിദ്യാർഥികൾ പരീക്ഷ കേന്ദ്രത്തിൽ പ്രവേശിക്കുന്നതിന് മുമ്പായി മെറ്റൽ ഡിറ്റക്ടറുകളുടെ സഹായത്തോടെയുള്ള പരിശോധനയ്ക്ക് വിധേയമാക്കും
നിർബന്ധമായും കരുതേണ്ടവ
- പാസ്പോർട്ട് സൈസ് ഫോട്ടോ പതിപ്പിച്ച അഡ്മിറ്റ് കാർഡ്
- അറ്റൻഡൻസ് ഷീറ്റിൽ പതിപ്പിക്കാൻ വേണ്ട പാസ്പോർട്ട് സൈസ് ഫോട്ടോ
- തിരിച്ചറിയൽ രേഖ (പാൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, വോട്ടർ ഐഡി, പാസ്പോർട്ട്, ആധാർ കാർഡ്, റേഷൻ കാർഡ്, ഫോട്ടോ പതിച്ച പ്ലസ്ടു പരീക്ഷ അഡ്മിറ്റ് കാർഡ്, ഫോട്ടോ പതിച്ച മറ്റേതെങ്കിലും ഐഡി എന്നിവയിൽ ഏതെങ്കിലും)
- അഡ്മിറ്റ് കാർഡിനൊപ്പം ഡൗൺലോഡ് ചെയ്യുന്ന പെർഫോമയിൽ വെളുത്ത ബാക്ഗ്രൗണ്ടിലുള്ള പോസ്റ്റ്കാർഡ് സൈസ് ഫോട്ടോ (4"x 6" വലിപ്പത്തിൽ) പതിച്ചത്
- ഭിന്നശേഷി വിഭാഗത്തിൽ അപേക്ഷ സമർപ്പിച്ചവർ ബന്ധപ്പെട്ട അധികാരികൾ നൽകിയ PwBD സർട്ടിഫിക്കറ്റ്
പരീക്ഷ ഹാളിൽ അനുവദിക്കാത്തവ
- അച്ചടിച്ചതോ എഴുതിയതോ ആയ പേപ്പറുകൾ, മറ്റു കടലാസ് കഷണങ്ങൾ, ജ്യാമിതി/പെൻസിൽ ബോക്സ്, പ്ലാസ്റ്റിക്പൗച്ച്, കാൽക്കുലേറ്റർ, പേന, സ്കെയിൽ, റൈറ്റിംഗ് പാഡ്, പെൻഡ്രൈവ്, ഇറേസർ, കാൽക്കുലേറ്റർ, ലോഗ്ടേബിൾ, ഇലക്ട്രോണിക് പേന/സ്കാനർ മുതലായവ
- മൊബൈൽ ഫോൺ, ബ്ലൂടൂത്ത്, ഇയർഫോൺ, മൈക്രോഫോൺ, പേജർ, ഹെൽത്ത് ബാൻഡ് തുടങ്ങിയ ആശയവിനിമയ ഉപകരണങ്ങൾ.
- പഴ്സ്, ഹാൻഡ്ബാഗ്, ബെൽറ്റ്, തൊപ്പി
- വാച്ച്/റിസ്റ്റ് വാച്ച്, ബ്രേസ്ലറ്റ്, കാമറ, മൈക്രോചിപ്, ബ്ലൂടൂത്ത് ഉപകരണം
- ആഭരണങ്ങൾ/ലോഹ വസ്തുക്കൾ
തുറന്നതോ പാക്ക് ചെയ്തതോ ആയ ഭക്ഷണസാധനങ്ങൾ, വാട്ടർ ബോട്ടിൽ (പ്രമേഹ രോഗികളാണെങ്കിൽ ഷുഗർ ടാബ്ലറ്റ്/പഴങ്ങൾ, സുതാര്യമായ പാത്രത്തിൽ വെള്ളം എന്നിവ കരുതാം. ഇക്കാര്യം മുൻകൂട്ടി അറിയിച്ചിരിക്കണം. രോഗികളാണെങ്കിലും ചോക്ലറ്റ്, മിഠായി, സാൻഡ്വിച്ച് തുടങ്ങിയവ അനുവദിക്കില്ല).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.