‘സെപ’ കരാറിന് മലേഷ്യയുമായി ചർച്ച ആരംഭിച്ചു
text_fieldsദുബൈ: വ്യാപാര, വാണിജ്യ മേഖലയിൽ മുന്നേറ്റം ലക്ഷ്യംവെച്ച് യു.എ.ഇയും മലേഷ്യയും സമഗ്ര സാമ്പത്തിക സഹകരണ കരാറിന് (സെപ) ചർച്ചകൾ ആരംഭിച്ചു. ഇന്ത്യയടക്കം വിവിധ രാജ്യങ്ങളുമായി ഒപ്പുവെച്ച കരാർ വ്യാപാര മേഖലക്ക് വലിയ ഉണർവ് നൽകിയിരുന്നു. നേരത്തെ തീരുമാനിച്ച പ്രകാരമാണ് കൂടുതൽ രാജ്യങ്ങളുമായി കരാറിലെത്താനുള്ള ചർച്ചകൾ ആരംഭിച്ചത്. അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ആൽ നഹ്യാന്റെ മലേഷ്യൻ സന്ദർശനത്തിലാണ് ‘സെപ’ ചർച്ചകൾ ആരംഭിക്കുന്നതിന് ധാരണയായത്. അടുത്ത വർഷങ്ങളിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ വ്യാപാര ബന്ധത്തിലും നിക്ഷേപ അവസരങ്ങളിലും വൻ കുതിച്ചുചാട്ടമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് വിദേശ വ്യാപാര വകുപ്പ് സഹമന്ത്രി ഡോ. ഥാനി അൽ സയൂദി പറഞ്ഞു.
യു.എ.ഇയും മലേഷ്യയും തമ്മിലെ എണ്ണ ഇതര വ്യാപാരം 2022ൽ 460 കോടി ഡോളറിലെത്തിയിരുന്നു. മുൻ വർഷത്തേക്കാൾ അഞ്ച് ശതമാനം വളർച്ചയാണിതിൽ രേഖപ്പെടുത്തിയത്. മലേഷ്യയുമായി ഏറ്റവും കൂടുതൽ വ്യാപാരമുള്ള മിഡിലീസ്റ്റിലെ രണ്ടാമത്തെ രാജ്യമാണ് യു.എ.ഇ. സാമ്പത്തിക, വ്യാപാര മേഖലയിൽ മുന്നേറ്റം ലക്ഷ്യംവെച്ച് 26 രാജ്യങ്ങളുമായി ‘സെപ’ ഒപ്പുവെക്കാനാണ് യു.എ.ഇ ലക്ഷ്യമിടുന്നത്.
ഇന്ത്യയുമായാണ് ആദ്യമായി കരാറിൽ ഒപ്പുവെച്ചത്. പിന്നീട് ഇസ്രായേൽ, ഇന്തോനേഷ്യ, തുർക്കിയ എന്നിവയുമായും കരാറിലെത്തി. കെനിയയുമായി കരാറിന് അവസാനവട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. കംബോഡിയ, ജോർജിയ, കോസ്റ്ററീക, വിയറ്റ്നാം എന്നിവയുമായും ചർച്ചകൾ പുരോഗമിക്കുന്നുണ്ട്.
കഴിഞ്ഞ വർഷം മേയിൽ സമഗ്ര സാമ്പത്തിക സഹകരണ കരാർ (സെപ) പ്രാബല്യത്തിൽ വന്നശേഷം ഇന്ത്യയും യു.എ.ഇയും തമ്മിലെ 30 ശതമാനം വർധിച്ചുവെന്ന് ജനുവരിയിൽ യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ വെളിപ്പെടുത്തിയിരുന്നു. സെപയുടെ ആദ്യ ഒമ്പത് മാസങ്ങളിൽ ഉഭയകക്ഷി വ്യാപാരം 38.6 ശതകോടി ഡോളറായിരുന്നു. 2020ലെ ഇതേ കാലയളവിൽ രേഖപ്പെടുത്തിയതിന്റെ ഇരട്ടിയാണിത്. മെച്ചപ്പെട്ട വിപണി പ്രവേശനം, കുറഞ്ഞ താരിഫ്, ലളിതമായ കസ്റ്റംസ് നടപടിക്രമങ്ങൾ, വ്യക്തവും സുതാര്യവുമായ നിയമങ്ങൾ തുടങ്ങിയവ ‘സെപ’യുടെ നേട്ടങ്ങളിൽ ഉൾപ്പെടുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.