‘വൺ ബില്യൻ മീൽസി’ലേക്ക് 22.27 കോടി രൂപ നൽകി നെസ്റ്റോ ഗ്രൂപ്പ്
text_fieldsദുബൈ: ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പട്ടിണിയിലകപ്പെട്ട സമൂഹങ്ങളിലേക്ക് അന്നമെത്തിക്കുന്ന യു.എ.ഇയുടെ ‘വൺ ബില്യൺ മീൽസ്’ പദ്ധതിയിലേക്ക് ഒരു കോടി ദിർഹം (22.27 കോടി രൂപ) പ്രഖ്യാപിച്ച് യു.എ.ഇയിലെ പ്രമുഖ റീടെയ്ൽ ശൃംഖലയായ നെസ്റ്റോ ഗ്രൂപ്പ്. അഞ്ച് വർഷത്തേക്കാണ് പദ്ധതിയിലേക്ക് സംഭാവന പ്രഖ്യാപിച്ചിരിക്കുന്നത്.
യു.എ.ഇയുടെ വിവിധ സഹായപദ്ധതികളെ പിന്തുണക്കാനുള്ള തങ്ങളുടെ സന്നദ്ധതയും സാമൂഹിക ഉത്തരവാദിത്ത നിർവഹണവുമാണ് സംഭാവനയിൽ പ്രതിഫലിക്കുന്നതെന്ന് നെസ്റ്റോ ഗ്രൂപ്പ് ഉടമകളായ വെസ്റ്റേൺ ഇന്‍റർനാഷണൽ ഗ്രൂപ്പിന്‍റെ ചെയർമാൻ കെ.പി ബഷീർ പറഞ്ഞു.
റമദാൻ മാസത്തിനപ്പുറവും നിർധനർക്ക് ഭക്ഷ്യസഹായം നൽകുന്നതാണ് പദ്ധതി ലക്ഷ്യമിടുന്നതെന്നും വരും വർഷങ്ങളിലും സഹായം നൽകുന്ന ഒരു സുസ്ഥിര ഭക്ഷ്യ സഹായ ഫണ്ട് സ്ഥാപിക്കുന്നതും കാമ്പയിനിന്‍റെ ദൗത്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗൾഫ് രാജ്യങ്ങളിലും ഇന്ത്യയിലും ഹൈപർമാർക്കറ്റ് ശൃംഖലയും നിരവധി അന്താരാഷ്ട്ര ബ്രാൻഡുകളും വെസ്റ്റേൺ ഇന്‍റർനാഷണൽ ഗ്രൂപ്പിന്‍റെ കീഴിലുണ്ട്.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ച ‘വൺ ബില്യൺ മീൽസ്’ പദ്ധതിയിലേക്ക് പൊതു-സ്വകാര്യ മേഖലകളിലെ വ്യക്തികൾ, സ്ഥാപനങ്ങൾ, ബിസിനസുകൾ എന്നിവരിൽ നിന്ന് ശ്രദ്ധേയമായ പ്രതികരണമാണുള്ളത്. കഴിഞ്ഞ വർഷം ആരംഭിച്ച പദ്ധതിയിൽ 50 രാജ്യങ്ങളിലേക്കാണ് സഹായമെത്തിച്ചത്. 2030ഓടെ പട്ടിണി തുടച്ച നീക്കാനുള്ള യു.എന്നിന്‍റെ ലക്ഷ്യത്തെ പിന്തുണക്കുകയെന്നതും പദ്ധതിയുടെ പ്രചോദനമാണ്. ഭക്ഷണപൊതികളായും വൗച്ചറുകളായുമാണ് ആളുകളിലേക്ക് എത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.