'നെറ്റ് സീറോ'യിലേക്ക് അതിവേഗം കുതിച്ച് യു.എ.ഇ
text_fieldsദുബൈ: യു.എ.ഇയെ പരിസ്ഥിതി സൗഹൃദ രാജ്യമാക്കാൻ ലക്ഷ്യമിട്ട് പ്രഖ്യാപിച്ച നെറ്റ് സീറോ 2050നയത്തിലേക്ക് അതിവേഗം കുതിച്ച് യു.എ.ഇ. ശുദ്ധോർജ്ജത്തിലേക്കുള്ള ദുബൈയുടെ പരിവർത്തനം അതിവേഗത്തിൽ നടക്കുന്നതായി ദുബൈ മീഡിയ ഓഫിസ് അറിയിച്ചു.എട്ടു ദശലക്ഷം ടൺ കാർബൺ ബഹിർഗമനം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് യു.എ.ഇ നെറ്റ് സീറോ 2050 എന്ന നയം പ്രഖ്യാപിച്ചത്. ഇതുവഴി 300 കോടി ദിർഹമിന് തുല്യമായ ലാഭമാണ് പ്രതീക്ഷിക്കുന്നത്.
അടുത്ത മൂന്ന് പതിറ്റാണ്ടിനുള്ളിൽ ശുദ്ദോർജം, ഊർജ പുനരുൽപാദനം എന്നിവക്കായി 160 ശതകോടി ഡോളർ നിക്ഷേപിക്കാനാണ് ദുബൈയുടെ തീരുമാനം. ഇതിന്റെ ഭാഗമായാണ് മുഹമ്മദ് ബിൻ റാശിദ് സോളാർ പാർക്ക് നിർമിച്ചത്. അഞ്ച് ജിഗാവാട്ട് ശേഷിയുള്ള ഇൗ നിലയം ദുബൈ ദീവയുടെ മെഗാ പദ്ധതികളിൽ ഒന്നാണ്. അബൂദബി അൽ ദഫ്രയിൽ രണ്ട് ജിഗാവാട്ട് സോളാർ പ്ലാന്റിന്റെ നിർമാണം പുരോഗമിക്കുന്നു.
2026ഓടെ 5.6 ജിഗാവാട്ടിന്റെ സോളാർ പദ്ധതിയാണ് ഇത് ലക്ഷ്യമിടുന്നത്. ദുബൈയിൽ ഗ്രീൻ അമോണിയ പ്ലാന്റ് സ്ഥാപിക്കാൻ കഴിഞ്ഞ മാസം എമിറേറ്റ്സ് നാഷനൽ ഓയിൽ കമ്പനിയും ജപ്പാൻ കമ്പനിയായ ഐ.എച്ച്.ഐ കോർപറേഷനും കരാർ ഒപ്പുവെച്ചിരുന്നു. അടുത്തവർഷം നടക്കുന്ന കോപ് 28 കാലാവസ്ഥ കോൺഫറൻസും യു.എ.ഇയുടെ പരിസ്ഥിതി സൗഹൃദ ലക്ഷ്യത്തിന് ഉണർവ് പകരും. നഗരത്തിൽ ഹൈബ്രിഡ് വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഇറക്കാനുള്ള തീരുമാനവും നെറ്റ് സീറോ ലക്ഷ്യമിട്ടാണ്.
2030ഓടെ സൗര - ന്യൂക്ലിയര്‍ ഉള്‍പ്പെടെ ശുദ്ധ ഊര്‍ജ ഉൽപാദനം 14 ജിഗാവാട്ട് നേട്ടം കൈവരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആഗോളതലത്തിൽ ഗ്രീന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍, ക്ലീന്‍ എനര്‍ജി എന്നീ പദ്ധതികളെ യു.എ.ഇ പിന്തുണക്കുന്നു. വികസ്വര രാജ്യങ്ങളെ കേന്ദ്രീകരിച്ച് 70 രാജ്യങ്ങളിലായി ഏകദേശം 16.8 ബില്യന്‍ യു.എസ് ഡോളറാണ് പുനരുപയോഗ ഊര്‍ജ സംരംഭങ്ങളില്‍ യു.എ.ഇയുടെ നിക്ഷേപം. ശുദ്ധ ഊര്‍ജ പദ്ധതികള്‍ക്കായി 400 മില്യണ്‍ യു.എസ് ഡോളര്‍ സഹായവും വായ്പകളും ഇതിനകം നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.