യു.എ.ഇയിലും നെറ്റ്ഫ്ലിക്സ് പാസ്വേഡ് പങ്കുവെക്കാൻ നിയന്ത്രണം
text_fieldsദുബൈ: ജനപ്രിയ ഒ.ടി.ടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിന്റെ പാസ്വേഡുകൾ വീടിനു പുറത്തുള്ളവരുമായി പങ്കുവെക്കാൻ യു.എ.ഇയിൽ ഇനി സാധിക്കില്ല. വ്യാഴാഴ്ച മുതലാണ് പുതിയ സംവിധാനം നിലവിൽവന്നതെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു. പാസ്വേഡുകൾ പങ്കുവെക്കുന്നത് തടയുന്ന സംവിധാനം രാജ്യത്ത് നടപ്പാക്കിയിരിക്കയാണ് നെറ്റ്ഫ്ലിക്സ്. ഇതോടെ ഒരേ അക്കൗണ്ട് ഉപയോഗിച്ച് വിഡിയോ കാണാൻ ഒരു വീട്ടിലുള്ളവർക്കു മാത്രമാണ് സാധിക്കുക. വൈഫൈ നെറ്റ്വർക്കും ഐ.പി അഡ്രസും രേഖപ്പെടുത്തിയാണ് പുതിയ സംവിധാനം നെറ്റ്ഫ്ലിക്സ് നടപ്പാക്കുന്നത്. ഇന്ത്യയിലും കമ്പനി സമാനമായ നടപടി സ്വീകരിച്ചിട്ടുണ്ട്.
വീടിന് പുറത്തുള്ള ആളുകളുമായി നെറ്റ്ഫ്ലിക്സ് അക്കൗണ്ട് പങ്കിടുന്നവർക്ക് പുതിയ നിർദേശം വ്യക്തമാക്കിക്കൊണ്ടുള്ള ഇ-മെയില്‍ വ്യാഴാഴ്ച മുതല്‍തന്നെ കമ്പനി അയച്ചുതുടങ്ങിയിട്ടുണ്ട്. ഒരു നെറ്റ്ഫ്ലിക്സ് അക്കൗണ്ട് ഒരു വീട്ടുകാർക്ക് ഉപയോഗിക്കാനുള്ളതാണെന്നും ആ വീട്ടിൽ താമസിക്കുന്ന എല്ലാവർക്കും അവർ എവിടെയായിരുന്നാലും നെറ്റ്ഫ്ലിക്സ് ഉപയോഗിക്കാമെന്നും കമ്പനി അറിയിപ്പിൽ പറയുന്നു.
ഉപയോക്താക്കൾക്ക് തങ്ങൾക്കൊപ്പം താമസിക്കാത്ത മറ്റുള്ളവരുമായി അവരുടെ നെറ്റ്ഫ്ലിക്സ് അക്കൗണ്ട് പങ്കിടുന്നത് തുടരണമെങ്കിൽ അധിക ഫീസ് നൽകാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കും. യു.എസ്, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ആസ്ട്രേലിയ, സിംഗപ്പൂർ, മെക്സികോ, ബ്രസീൽ തുടങ്ങിയ പ്രമുഖ വിപണികൾ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ ഈ വർഷം മേയ് മാസം മുതല്‍തന്നെ നെറ്റ്ഫ്ലിക്സ് പാസ്വേഡ് പങ്കിടലിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തുടങ്ങിയിരുന്നു. അമേരിക്കയിലും യു.കെയിലും ചെറിയ നിരക്കിലുള്ള പരസ്യരഹിത പ്ലാനും ഒഴിവാക്കിയിട്ടുണ്ട്. അതോടൊപ്പംതന്നെ പരസ്യരഹിത സ്ട്രീമിങ് ഓപ്ഷനുകളുടെ വിലയും ഉയർത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.