മാധ്യമ മേഖലയെ ശക്തിപ്പെടുത്താൻ പുതിയ നിയമം
text_fieldsദുബൈ: രാജ്യത്തെ മാധ്യമ മേഖലയെ നിയന്ത്രിക്കുന്നതിന് പുതിയ ഫെഡറൽ നിയമം പ്രഖ്യാപിച്ചു. മാധ്യമ പ്രവർത്തനത്തെ ശരിയായ രീതിയിൽ സംവിധാനിച്ച് ആഗോള മീഡിയ ഹബായി യു.എ.ഇയെ വളർത്തുകയാണ് പുതിയ ഉത്തരവ് ലക്ഷ്യമിടുന്നത്. ഇതിനായി മാധ്യമങ്ങളുടെ വളർച്ചക്ക് യോജിച്ച അന്തരീക്ഷം സൃഷ്ടിക്കുകയാണ് നിയമത്തിലൂടെ ചെയ്യുന്നത്.
വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മാധ്യമ ഔട്ട്ലെറ്റുകൾക്കും ഫ്രീസോണുകൾക്കും ബാധകമായ ഉത്തരവാണ് പുറപ്പെടുവിച്ചത്. നിശ്ചിത നിയന്ത്രണങ്ങളും മാർഗനിർദേശങ്ങളുമനുസരിച്ച് വ്യക്തികൾക്കും നിയമപരമായ സ്ഥാപനങ്ങൾക്കും മാധ്യമപ്രവർത്തനം നടത്താൻ ഉത്തരവ് അനുവാദം നൽകുന്നു.
ഓഡിയോ, വിഡിയോ, ഡിജിറ്റൽ തുടങ്ങി എല്ലാ മീഡിയകൾക്കും ബാധകമായ നിയമം, മാധ്യമ ഉള്ളടക്കം ഉൽപാദിപ്പിക്കുന്നതിലും സർക്കുലേറ്റ് ചെയ്യുന്നതിലും പ്രിന്റ് ചെയ്ത് പബ്ലിഷ് ചെയ്യുന്നതിനും കൃത്യമായ മാനദണ്ഡം മുന്നോട്ടുവെക്കുന്നുണ്ട്. മാധ്യമങ്ങൾക്ക് ലൈസൻസുകളും പെർമിറ്റുകളും അനുവദിക്കുന്നതിനുള്ള നിർദേശങ്ങളും ഉത്തരവിൽ ഉൾപ്പെടും.
റേഡിയോ, ടി.വി, സിനിമ, ക്രിയേറ്റിവ് പ്രൊഡക്ഷൻസ്, ന്യൂസ്പേപ്പർ, മറ്റു പ്രസിദ്ധീകരണങ്ങൾ, ഡിജിറ്റൽ, ഇലക്ട്രോണിക് മീഡിയകൾ, പുസ്തകോത്സവങ്ങൾ, വിദേശ പ്രസിദ്ധീകരണങ്ങൾ, വിദേശ മാധ്യമ ഓഫിസുകൾ, മാധ്യമ ഉള്ളടക്കങ്ങളുടെ പ്രിന്റിങ്, സർക്കുലേഷൻ, പബ്ലിഷിങ് എന്നിവയും കര, വ്യോമ, സമുദ്രഭാഗങ്ങളിലെ ഇമേജിങ് പ്രവർത്തനങ്ങളും നിയമത്തിന്റെ കീഴിൽ വരും. യു.എ.ഇ മീഡിയ കൗൺസിലിന്റെയും മാധ്യമ നിയന്ത്രണത്തിനുള്ള പ്രാദേശിക വകുപ്പുകളുടെയും മാനദണ്ഡങ്ങളും നിയമത്തിൽ പറയുന്നുണ്ട്. യു.എ.ഇയിൽ പ്രവർത്തിക്കുന്ന എല്ലാ മാധ്യമ വ്യക്തിത്വങ്ങളും സ്ഥാപനങ്ങളും നിശ്ചിത മാനദണ്ഡം പാലിക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
ഇസ്ലാമിക വിശ്വാസം, മതങ്ങൾ, മറ്റു വിശ്വാസങ്ങൾ എന്നിവയെ ആദരിക്കുക, രാജ്യത്തിന്റെ അഖണ്ഡതയെയും ചിഹ്നങ്ങളെയും സ്ഥാപനങ്ങളെയും ഉന്നതമായ താൽപര്യങ്ങളെയും സമൂഹത്തെയും ആദരിക്കുക, ദേശീയവും പ്രാദേശിക തലത്തിലെയും നിർദേശങ്ങളും നയങ്ങളെയും ബഹുമാനിക്കുക, യു.എ.ഇയുടെ വിദേശ ബന്ധങ്ങളെ ദോഷകരമായി ബാധിക്കുന്നവ ഒഴിവാക്കുക, സംസ്കാരത്തെയും നാഗരികതയെയും ദേശീയ അസ്തിത്വത്തെയും സാമൂഹിക മൂല്യങ്ങളെയും ആദരിക്കുക എന്നിവയാണ് പ്രധാനമായും നിർദേശിച്ചിട്ടുള്ളത്.
അതോടൊപ്പം ദേശീയ ഐക്യത്തെയും സാമൂഹിക ഒരുമയെയും ബാധിക്കുന്ന വിവരങ്ങൾ പങ്കുവെക്കാതിരിക്കുക, അക്രമത്തിനും വിദ്വേഷത്തിനും പ്രേരിപ്പിക്കാതിരിക്കുക, സമൂഹത്തിൽ വിയോജിപ്പ് പടർത്താതിരിക്കുക, വ്യക്തികളുടെ സ്വകാര്യതയെ ഹനിക്കാതിരിക്കുക, അഭ്യൂഹങ്ങളും അസത്യങ്ങളും തെറ്റിദ്ധരിപ്പിക്കുന്നതുമായ വാർത്തകൾ നൽകാതിരിക്കുക എന്നിവയും നിർദേശിച്ചിട്ടുണ്ട്.
മീഡിയ കൗൺസിലിന്റെ ചുമതലകൾ
ദുബൈ: സിനിമ, മറ്റു ക്രിയേറ്റിവ് പ്രൊഡക്ഷൻ എന്നിവയുടെ പ്രദർശനത്തിന് അനുമതി നൽകുന്നതിനുള്ള ഉത്തരവാദിത്തം മീഡിയ കൗൺസിലിനാണ്. പുസ്തകങ്ങൾ, വിഡിയോ ഗെയിമുകൾ, സിനിമാറ്റിക് പ്രൊഡക്ഷൻ എന്നിവയുൾപ്പെടെയുള്ളവയുടെ വർഗീകരണങ്ങൾ നിർവചിക്കുന്നതിനും ഉത്തരവാദിത്തം കൗൺസിലിനാണ് നിയമം നൽകിയിട്ടുള്ളത്.
മാധ്യമങ്ങളും വിനോദ ഉള്ളടക്കങ്ങളും കാണുന്നതിനുള്ള പ്രായപരിധി നിശ്ചയിക്കുന്നതിനുള്ള ഉത്തരവാദിത്തവും ചുമതലയിൽ ഉൾപ്പെടും. സോഷ്യൽ മീഡിയയിലും മറ്റ് ആധുനിക സാങ്കേതിക മാർഗങ്ങളിലും പരസ്യമോ മീഡിയ ഉള്ളടക്കമോ നൽകുന്ന വ്യക്തികൾക്കും പെർമിറ്റ് നൽകുന്നതും കൗൺസിലിന്റെ ചുമതലയിൽ ഉൾപ്പെടും. ഫ്രീസോണുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വ്യക്തികളെയും ഔട്ട്ലെറ്റുകളെയും മാധ്യമ സ്ഥാപനങ്ങളെയും നിരീക്ഷിക്കാനും പരിശോധിക്കാനും കൗൺസിലിന് അനുവാദമുണ്ടായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.