എമിറേറ്റ്സ് ഐ.ഡി സ്കാനർ വേണ്ട; പാസ്പോർട്ട്, വിസ വിവരങ്ങൾക്ക് ഇനി ‘അകീദ്’
text_fieldsദുബൈ: സ്വകാര്യ കമ്പനികൾക്ക് യു.എ.ഇയിലെ താമസക്കാരുടെ വിസ, പാസ്പോർട്ട് വിവരങ്ങൾ എമിറേറ്റ്സ് ഐ.ഡി സ്കാൻ ചെയ്യാതെ തന്നെ ലഭ്യമാക്കാൻ പുതിയ ആപ്ലിക്കേഷൻ അവതരിപ്പിച്ചു. ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി) ഫെഡറൽ അതോറിറ്റിയാണ് ‘അകീദ്’ എന്ന പേരിൽ പുതിയ ഡിജിറ്റൽ ആപ്ലിക്കേഷൻ കൊണ്ടുവരുന്നത്.
ദിവസങ്ങൾക്ക് മുമ്പ് വേൾഡ് ട്രേഡ് സെന്ററിൽ സമാപിച്ച സാങ്കേതികവിദ്യ പ്രദർശനമായ ജൈടെക്സ് ഗ്ലോബലിലാണ് പുതിയ സംവിധാനം അവതരിപ്പിച്ചത്.
ഈ വർഷം അവസാനത്തിലോ അടുത്ത വർഷം തുടക്കത്തിലോ ‘അകീദ്’ പുറത്തിറക്കാനാണ് പദ്ധതി. നിലവിൽ ഐ.സി.പി ഡേറ്റ ബേസിൽനിന്ന് താമസക്കാരുടെ വിസ, പാസ്പോർട്ട് വിവരങ്ങൾ ലഭിക്കാൻ എമിറേറ്റ്സ് ഐ.ഡി സ്കാൻ ചെയ്യണം.
എന്നാൽ, ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നതോടെ സ്കാനറിന്റെ ആവശ്യമില്ലാതെ ആധികാരിക വിവരങ്ങൾ ലഭിക്കും.
ആരോഗ്യസംരക്ഷണം, ധനകാര്യം, ഇൻഷുറൻസ് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനികൾക്ക് പുതിയ സംവിധാനം ഏറെ സഹായകരമാവും.
ഉദാഹരണത്തിന് ഇൻഷുറൻസ് കമ്പനികൾക്ക് പോളിസി ഗുണഭോക്താക്കളുടെ പേര്, പാസ്പോർട്ട് വിവരങ്ങൾ എന്നിവ എമിറേറ്റ്സ് ഐ.ഡി സ്കാൻ ചെയ്യാതെ നേരിട്ട് ‘അകീദ്’ വഴി ശേഖരിക്കാൻ കഴിയും. ആപ്പിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.