ഇത്തിഹാദ് റെയിലിന് പുത്തൻ ബ്രാൻഡ് ലോഗോ
text_fieldsഅബൂദബി: യു.എ.ഇ. ദേശീയ റെയില്‍വേ ശൃംഖലയുടെ നിര്‍മാതാക്കളും ഓപറേറ്ററുമായ ഇത്തിഹാദ് റെയില്‍ തങ്ങളുടെ പരിഷ്കരിച്ച ലോഗോ ഉള്‍ക്കൊള്ളുന്ന പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റി അവതരിപ്പിച്ചു. കമ്പനിയുടെ സമഗ്രമായ പദ്ധതികൾ, വികസന നയങ്ങൾ, ഭാവി വളര്‍ച്ചാ അഭിലാഷങ്ങള്‍ എന്നിവയുമായി ചേര്‍ന്നുപോവുന്നതാണ് പുതിയ ലോഗോ എന്ന് അധികൃതര്‍ അറിയിച്ചു.
റെയില്‍വേ പാളം, ട്രെയിനിന്റെ നിഴല്‍, പരുന്തിന്റെ കണ്ണുകള്‍ മുതലയാവയില്‍ നിന്നാണ് പുതിയ ലോഗോയുടെ ആശയം സ്വീകരിച്ചിരിക്കുന്നത്. പരുന്തിന്റെ വേഗവും ലക്ഷ്യം കൈവരിക്കുന്നതിലെ പരുന്തിന്റെ കൃത്യതയും ലക്ഷ്യസ്ഥാനത്ത് എത്താനുള്ള അതിന്റെ ദൃഢനിശ്ചയവുമെല്ലാം ലോഗോയുടെ ആശയത്തിനു പരിഗണിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ‘നാം ഒരുമിച്ചു നീങ്ങു’മെന്നാണ് ലോഗോയ്ക്ക നല്‍കിയിരിക്കുന്ന പുതിയ മുദ്രാവാക്യം. കമ്മിറ്റഡ്, കണ്സിഡറേറ്റ്, ക്രിയേറ്റീവ്, കണക്ടട് എന്നിങ്ങനെ നാലു പ്രധാന മൂല്യങ്ങളും കമ്പനിയുടെ ഐഡന്ററ്റിയായി ഇത്തിഹാദ് റെയില്‍ അവതരിപ്പിച്ചു.
സമൂഹത്തെയും വ്യവസായങ്ങളെയും സുസ്ഥിര റെയില്‍വേ ശൃംഖലയിലൂടെ ബന്ധിപ്പിക്കുന്നതിലൂടെ യു.എ.ഇയെ സേവിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതാണ് ഇത്തിഹാദ് റെയിലിന്റെ പുതിയ കാഴ്ചപ്പാട്. ചരക്ക് തീവണ്ടി സര്‍വീസ് തുടങ്ങിയതടക്കം കഴിഞ്ഞ കാലങ്ങളില്‍ കമ്പനി ഒട്ടേറെ നേട്ടങ്ങള്‍ കൈവരിച്ചു. ഷാര്‍ജയിലെ ഭാവി പാസഞ്ചര്‍ റെയില്‍വേ സ്റ്റേഷനുമായി ഇത്തിഹാദ് റെയിലിന്റെ സംയോജനവും യാത്രാ ട്രെയിനുകളുടെ വികസനവുമെല്ലാം ഈ രംഗത്ത് കമ്പനിയുടെ നേട്ടങ്ങളാണ്. അബൂദബിയെയും ദുബൈയെയും ബന്ധിപ്പിക്കുന്ന അതിവേഗ റെയില്‍ പാതയുടെ നിർമാണ നടപടികളും തുടരുകയാണ്. മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗതയില്‍ വരെ സഞ്ചരിക്കാന്‍ കഴിയുന്ന രീതിയിലുള്ളതാണ് റെയില്‍പാത. ട്രെയിനുകള്‍ 320 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കുകയും ചെയ്യും. നാലുഘട്ടങ്ങളിലായാണ് നിര്‍മാണം പൂര്‍ത്തിയാക്കുക.
യു.എ.ഇയിലെ മറ്റ് എമിറേറ്റുകളിലേക്കും പാത പിന്നീട് നീട്ടും. അബൂദബിയെയും ദുബൈയെയും ബന്ധിപ്പിക്കുന്ന ആദ്യ ഘട്ട പാത 2030ഓടെ പ്രവര്‍ത്തന സജ്ജമാവും. രണ്ടാം ഘട്ടത്തില്‍ അബൂദബി നഗരത്തില്‍ ആഭ്യന്തര റെയില്‍ശൃംഖല തീര്‍ക്കും. മൂന്നാം ഘട്ടത്തില്‍ അബൂദബിയെയും അല്‍ ഐനെയും ബന്ധിപ്പിക്കുന്ന റെയില്‍ ശൃംഖല പൂര്‍ത്തീകരിക്കും. നാലാം ഘട്ടത്തില്‍ ദുബൈയിയെയും ഷാര്‍ജയെയും ബന്ധിപ്പിക്കുന്ന പാത പൂര്‍ത്തീയാക്കും. അബൂദബിയിലെ അല്‍ സഹീയയില് നിന്ന് ദുബൈയിലെ അല്‍ ജദ്ദാഫ് വരെ നീളുന്ന 150 കിലോമീറ്റര്‍ പാതയാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാവുന്നത്. ഈ പാതയില്‍ അല്‍ സഹിയ (എഡിറ്റി), സഅദിയാത്ത് ഐലന്‍ഡ് (എഡി.എസ്, യാസ് ഐലന്‍ഡ്-യാസ്), അബൂദബി എയര്‍പോര്‍ട്ട് (എ.യു.എച്ച്, അല്‍ജദ്ദാഫ്-ഡിജെഡി) എന്നിങ്ങനെ അഞ്ചു സ്റ്റേഷനുകളാണ് ഉണ്ടാവുക.
എഡിറ്റി, എ.യു.എച്ച്, ഡി.ജെ.ഡി എന്നിവ ഭൂഗര്‍ഭ സ്റ്റേഷനുകളാണ്. എ.ഡി.എസ് സ്റ്റേഷന് ഉയരത്തിലുള്ളതുമായിരിക്കും. യാസ്, ഡി.ജെ.ഡി സ്റ്റേഷനുകള്‍ തമ്മിലുള്ള യാത്രാദുരം 30 മിനിറ്റാണ്. പ്രാഥമിക സ്ഥല പരിശോധനകൾക്ക് ഇതിനകം തുടക്കമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.