ശൈഖ് സായിദ് റോഡ്- ദുബൈ ഹാർബർ ബന്ധിപ്പിക്കാൻ പുതിയ പാലം
text_fieldsദുബൈ: നഗരത്തിലെ പ്രധാന പാതയായ ശൈഖ് സായിദ് റോഡിനെയും ദുബൈ ഹാർബറിനെയും ബന്ധിപ്പിച്ച് പാലം നിർമിക്കുന്നു. 1500 മീറ്റർ നീളത്തിൽ നിർമിക്കുന്ന പാലം ദുബൈ ഹാർബർ പ്രദേശത്തേക്ക് യാത്ര എളുപ്പമാക്കുന്നതാണ്. രണ്ട് ലൈനുകളിലായി മണിക്കൂറിൽ 6000 വാഹനങ്ങൾക്ക് കടന്നുപോകാവുന്ന പാലം സംബന്ധിച്ച് റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ)യാണ് പ്രഖ്യാപനം നടത്തിയത്. ദുബൈ അമേരിക്കൻ യൂനിവേഴ്സിറ്റിക്ക് സമീപത്തെ ശൈഖ് സായിദ് റോഡിലെ ഫിഫ്ത്ത് ജങ്ഷൻ മുതൽ ദുബൈ ഹാർബർ സ്ട്രീറ്റ് വരെയാണ് പാലമുണ്ടാവുക.
പാലം നിർമിക്കുന്നതിന് ശമൽ ഹോൾഡിങ് കമ്പനിയുമായി ആർ.ടി.എ കരാർ ഒപ്പുവെച്ചു. പദ്ധതി പൂർത്തിയാകുമ്പോൾ മേഖലയിൽ ഗതാഗതം മെച്ചപ്പെടുകയും യാത്രാസമയം 12 മിനിറ്റിൽനിന്ന് മൂന്നു മിനിറ്റായി കുറയുകയും ചെയ്യുമെന്ന് ആർ.ടി.എ ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പറഞ്ഞു. പാലം കടന്നുപോകുന്ന നാല് ജങ്ഷനുകളുടെ ഉപരിതല വികസനവും പദ്ധതിയിൽ ഉൾപ്പെടും.
ശൈഖ് സായിദ് റോഡിലെ ഫിഫ്ത്ത് ഇൻറർസെക്ഷൻ, അൽ ഫലക് സ്ട്രീറ്റും അൽ നസീം സ്ട്രീറ്റും ചേരുന്ന കവല, കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ് ആൽ സഊദ് സ്ട്രീറ്റും അൽ നസീം സ്ട്രീറ്റും ചേരുന്ന കവല, ദുബൈ ഹാർബർ സ്ട്രീറ്റ് എന്നിവയുടെ ഉപരിതലമാണ് പദ്ധതിയുടെ കൂടെ വികസിപ്പിക്കുന്നത്. ദുബൈ ഹാർബർ ഡിസ്ട്രിക്ടിന്റെ വികസനത്തിൽ നാഴികക്കല്ലാവുന്ന പദ്ധതിയിൽ ആർ.ടി.എയുമായി സഹകരിച്ചു പ്രവർത്തിക്കാനാവുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ശമൽ ഹോൾഡിങ് ചീഫ് പോർട്ഫോളിയോ മാനേജ്മെന്റ് ഓഫിസർ അബ്ദുല്ല ബിൻ ഹബ്തൂർ പറഞ്ഞു. എമിറേറ്റിലെ സുന്ദരമായ തീരപ്രദേശമായ ദുബൈ ഹാർബിലേക്കും തിരിച്ചും ഗതാഗതം തടസ്സമില്ലാത്തതാക്കാൻ പാലം സഹായിക്കും -അദ്ദേഹം കൂട്ടിച്ചേർത്തു.
ബുർജ് അൽ അറബ്, എക്സ്പോ ദുബൈ തുടങ്ങിയ സുപ്രധാന മേഖലകൾക്ക് സമീപം ബ്ലൂവാട്ടേഴ്സ് ദ്വീപിനും പാം ജുമൈറക്കും ഇടയിൽ സ്ഥിതിചെയ്യുന്ന ദുബൈ ഹാർബർ വിനോദസഞ്ചാരികളുടെയും മറ്റും പ്രധാന ആകർഷണകേന്ദ്രമാണ്. വൈവിധ്യമാർന്ന ലിവിങ്, റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി എന്നിവ സംയോജിപ്പിച്ച ഇവിടം, 770 മീറ്റർ നീളമുള്ള റൺവേ ഉൾക്കൊള്ളുന്ന സ്കൈഡൈവ് ദുബൈയുടെ ആസ്ഥാനംകൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.