കടലും കായലും ബന്ധിപ്പിച്ച് ഷാർജയിൽ പുതിയ കനാൽ
text_fieldsഷാർജ: കടലിൽ നിന്ന് ഖാലിദ് തടാകത്തിലേക്ക് വെള്ളത്തിന്റെ ഒഴുക്ക് ശക്തിപ്പെടുത്തുന്നതിന് ഷാർജയിൽ കനാൽ നിർമിക്കുന്നു.
800മീറ്റർ നീളത്തിൽ നിർമിക്കുന്ന കനാൽ പദ്ധതിയുടെ പുരോഗതി തിങ്കളാഴ്ച സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി സന്ദർശിച്ച് വിലയിരുത്തി.
രണ്ട് പാലങ്ങൾ, കനാൽ, കടൽഭിത്തി, ഉല്ലാസകേന്ദ്രം എന്നിങ്ങനെ വിവിധ ഭാഗങ്ങൾ പദ്ധതിക്കുണ്ട്. കഴിഞ്ഞ വർഷം ജനുവരിയിൽ ആരംഭിച്ച പദ്ധതിയിൽ നിർമാണം പൂർത്തിയായ 320മീറ്റർ നീളമുള്ള കടൽഭിത്തിയുടെ പരീക്ഷണം പൂർത്തിയായിട്ടുണ്ട്. പ്രതികൂല അന്തരീക്ഷത്തിലും കനാലിനെ സംരക്ഷിക്കാൻ സാധിക്കുന്ന രീതിയിലാണ് ഭിത്തി നിർമിച്ചിട്ടുള്ളത്.
എമിറേറ്റിന്റെ സാമൂഹികവും സാമ്പത്തികവും വിനോദപരവുമായ ആവശ്യങ്ങൾ നിറവേറ്റുന്ന നിരവധി സൗകര്യങ്ങളും പദ്ധതിയുടെ ഭാഗമായി നിർമിക്കുന്നുണ്ട്. പദ്ധതിയുടെ അടുത്ത ഘട്ടത്തിൽ ഇസ്ലാമിക വാസ്തുശിൽപ ശൈലിയും സർക്കാറിന്റെ വാസ്തുശിൽപ രീതികളുമായും യോജിക്കുന്ന വാട്ടർഫ്രണ്ട് നിർമിക്കും.
അതിനൊപ്പം കനാലിന് എതിർവശത്തായി ജുബൈൽ മാർക്കറ്റ് കെട്ടിടവും നിർമിക്കും. കനാലിന്റെ ഭാഗമായി സ്ഥാപിക്കുന്ന ഭാവി പദ്ധതികളും ഷാർജ ഭരണാധികാരി വിലയിരുത്തി.
ഖാലിദ് തടാകത്തിൽ നിന്ന് അറേബ്യൻ ഗൾഫിലേക്കുള്ള ജലത്തിന്റെ ഒഴുക്കിനെക്കുറിച്ചും അദ്ദേഹത്തിന് വിശദീകരിച്ചുനൽകി.
നീരൊഴുക്ക് സുഗമമാക്കുന്നതിൽ കനാലിന്റെയും കടൽഭിത്തിയുടെയും ഫലപ്രാപ്തി പരിശോധനകൾ തെളിയിച്ചിട്ടുണ്ട്. ആരോഗ്യ രോഗപ്രതിരോധ മന്ത്രി അബ്ദുറഹ്മാൻ ബിൻ മുഹമ്മദ് ബിൻ നാസർ അൽ ഉവൈസ്, റോഡ് ഗതാഗത അതോറിറ്റി ചെയർമാൻ യൂസഫ് ഖമീസ് അൽ ഉഥ്മാനി, ഇനിഷ്യേറ്റീവ്സ് ഇംപ്ലിമെന്റേഷൻ അതോറിറ്റി ചെയർമാൻ ഡോ. സലാഹ് ബൂതി അൽ മുഹൈരി എന്നിവരും ശൈഖ് സുൽത്താനെ അനുഗമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.