ദുബൈയിൽ അതിനൂതന കാൻസർ ആശുപത്രി നിർമിക്കും
text_fieldsദുബൈ: ലോകത്തെ ഏറ്റവും മികച്ച അത്യാധുനിക സൗകര്യങ്ങളോടെ ദുബൈയിൽ ആരംഭിക്കുന്ന ഹംദാൻ ബിൻ റാശിദ് കാൻസർ ഹോസ്പിറ്റലിന്റെ രൂപരേഖ പുറത്തുവിട്ടു. ദുബൈ ആരോഗ്യവകുപ്പിന്റെ ഭാഗമായി അൽ ജദ്ദാഫ് ഏരിയയിലാണ് ആദ്യ സംയോജിത, സമഗ്ര കാൻസർ ആശുപത്രി നിർമിക്കുന്നത്. ജദ്ദാഫിൽ ആശുപത്രി നിർമിക്കുന്നതിനായി അനുവദിച്ച സ്ഥലത്ത് നടന്ന ചടങ്ങിൽ എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് രൂപരേഖ പുറത്തുവിട്ടത്. ദുബൈ ഹെൽത്ത് ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽ മക്തൂം, വൈസ് ചെയർമാൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഹംദാൻ ബിൻ റാശിദ് ആൽ മക്തൂം എസ്റ്റാബ്ലിഷ്മെന്റ് ഫോർ മെഡിക്കൽ ആൻഡ് എജുക്കേഷനൽ സയൻസസ് പ്രസിഡന്റ് ശൈഖ് റാശിദ് ബിൻ ഹംദാൻ ബിൻ റാശിദ് ആൽ മക്തൂം, മറ്റ് ഉന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 2026ൽ ആശുപത്രിയുടെ നിർമാണം പൂർത്തീകരിച്ച് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് ദുബൈ ആരോഗ്യവകുപ്പ് ചടങ്ങിൽ പ്രഖ്യാപിച്ചു. അന്തരിച്ച ശൈഖ് ഹംദാൻ ബിൻ റാശിദ് ആൽ മക്തൂമിന് ആദരമർപ്പിച്ചാണ് പുതിയ ആശുപത്രി പണിയുന്നത്. രാജ്യത്തിനകത്തും പുറത്തും അദ്ദേഹം നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ നിരവധി ആളുകളുടെ ജീവിതത്തെ സ്പർശിക്കുന്നതാണെന്ന് ചടങ്ങിൽ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു.
ദുബൈ ഹെൽത്തിന്റെ ജീവകാരുണ്യ ദൗത്യമായ അൽ ജലീല ഫൗണ്ടേഷനിലൂടെ ലഭിച്ച ഫണ്ട് ഉപയോഗിച്ചാണ് കാൻസർ ഹോസ്പിറ്റലിന്റെ നിർമാണം. 56,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമിക്കുന്ന ആശുപത്രിക്കായി വ്യക്തികൾക്കും സംഘടനകൾക്കും സംഭാവന നൽകാം. 50 ക്ലിനിക്കുകൾ, 30 ക്ലിനിക്കൽ റിസർച് ഏരിയ, 60 ഇൻഫ്യൂഷൻ റൂമുകൾ, 10 അടിയന്തര ചികിത്സ റൂമുകൾ, അഞ്ച് റേഡിയോതെറപ്പി റൂമുകൾ, 116 കിടക്കകൾ എന്നിവയാണ് ആശുപത്രിയിൽ ഒരുങ്ങുന്നത്. രോഗികൾക്കും ബന്ധുക്കൾക്കും ആശ്വാസം പകരുന്നതിനായി ആശുപത്രി കാമ്പസിന് ചുറ്റും 19 പൂന്തോട്ടങ്ങളും നിർമിക്കും. സുസ്ഥിരമായ രൂപകൽപനയിലും എൻജിനീയറിങ്ങിലും ലോകപ്രശസ്ത സ്റ്റാൻടെക്കിനെയാണ് പദ്ധതിയുടെ ആർകിടെക്റ്റിനായി നിയമിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.