കുട്ടികൾക്ക് പുതിയ ചാനൽ ‘ബ്ലൂം’ സംപ്രേഷണം തുടങ്ങി
text_fieldsദുബൈ മ്യൂസിയം ഓഫ് ഫ്യൂച്ചറിൽ നടന്ന ബ്ലൂം ചാനലിന്റെ ലോഞ്ചിങ് ചടങ്ങ്
ദുബൈ: യു.എ.ഇയിൽ കുട്ടികൾക്കായി പുതിയ ടിവി ചാനൽ പ്രവർത്തനമാരംഭിച്ചു. ബ്ലൂം എന്ന പേരിൽ പ്രീസ്കൂൾ കുട്ടികളെ ലക്ഷ്യമിട്ടാണ് ചാനൽ സംപ്രേഷണം ആരംഭിച്ചത്. ഇത്തിസലാത്തിന്റെ ചാനൽവിതരണ ശൃംഖലയായ ഇ വിഷനാണ് പുതിയ ചാനലിന് പിന്നിൽ. കുട്ടികൾക്ക് അവരുടെ പ്രായത്തിന് യോജിക്കുന്ന ഉള്ളടക്കം മാത്രം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബ്ലൂം പ്രവർത്തിക്കുകയെന്ന് ചാനൽ അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രണ്ടിനും അഞ്ചിനും ഇടയിൽ പ്രായമുള്ളവർക്ക് സുരക്ഷിതമായ വിദ്യാഭ്യാസ ഉള്ളടക്കങ്ങൾ ആയിരിക്കും ചാലനൽ സംപ്രേഷണം ചെയ്യുക. 24 മണിക്കൂറും പ്രവർത്തിക്കുന്ന ചാനൽ ഇംഗ്ലീഷ്, അറബിക് ഭാഷകളിൽ ലഭ്യമാകും.
നിലവിൽ യു.എ.ഇയിൽ മാത്രമാണ് ചാനൽ ലഭ്യമാവുകയെങ്കിലും വൈകാതെ മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക രാജ്യങ്ങളിലും ലഭ്യമാവുമെന്ന് അധികൃതർ അറിയിച്ചു. ദുബൈ മ്യൂസിയം ഓഫ് ഫ്യൂച്ചറിൽ നടന്ന ചടങ്ങിലാണ് ചാനലിന്റെ ഔദ്യോഗിക ലോഞ്ചിങ്. ചടങ്ങിൽ ഇവിഷൻ സി.ഇ.ഒ ഒലിവർ ബ്രാംലി, കിഡ്സ് ഡയറക്ടർ ഫാത്തിഹ ബിൻസാലിം, സിനിയർ കണ്ടന്റ് ഡയറക്ടർ സുനിൽ ജോയ് തുടങ്ങിയവർ സംസാരിച്ചു.
യു.എ.ഇയിലെ 78 ശതമാനം രക്ഷിതാക്കളും തങ്ങളുടെ കുട്ടികൾ അനുചിതമായ ഓൺലൈൻ ഉള്ളടക്കങ്ങളുമായി സമ്പർക്കം പുലർത്തുന്നതിനെക്കുറിച്ച് ആശങ്കാകുലരാണെന്ന് അടുത്തിടെ നടന്ന പഠനം വെളിപ്പെടുത്തിയിരുന്നു. അത്തരം ഉള്ളടക്കങ്ങൾ കുട്ടികളുടെ മാനസിക ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന് 92 ശതമാനം രക്ഷിതാക്കളും സമ്മതിക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കുട്ടികൾക്ക് ഏറ്റവും അനുയോജ്യവും സുരക്ഷിതവുമായ ഉള്ളടക്കം മാത്രം ഉൾപ്പെടുത്തി കൊണ്ട് പുതിയ ചാനൽ പ്രവർത്തനം ആരംഭിക്കുന്നതെന്ന് ബ്ലൂം പിന്നണി പ്രവർത്തകർ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.