അൽ ഷഹാമയിൽ 'ചർച്ച് ഓഫ് സൗത്ത് ഇന്ത്യ'യുടെ പുതിയ ദേവാലയം
text_fieldsഅബൂദബി: ആംഗ്ലിക്കൻ വിശ്വാസി സമൂഹത്തിനായി അബൂദബിയിലെ അൽ ഷഹാമയിൽ 'ചർച്ച് ഓഫ് സൗത്ത് ഇന്ത്യ' പുതിയ ദേവാലയ നിർമാണം ആരംഭിച്ചു. ഒട്ടേറെ വിശ്വാസികൾക്ക് അടുത്ത വർഷം ജൂണിൽ ഒക്ടഗൺ ആകൃതിയിലുള്ള ദേവാലയം പ്രാർഥനക്കായി സമർപ്പിക്കാനാണ് ലക്ഷ്യം.
അൽ റഹ്ബയിൽ നിർമാണം നടത്തുന്ന ഹൈന്ദവ ക്ഷേത്രത്തിനടുത്തായാണ് പള്ളി പണിയുന്നത്. അബൂദബി കിരീടാവകാശിയും സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദാണ് 4.37 ഏക്കർ സ്ഥലം പള്ളിക്ക് അനുവദിച്ചത്. ആദ്യഘട്ടമായി പള്ളി കെട്ടിടം, ജലവൈദ്യുതി സേവനങ്ങൾ, ഗേറ്റ് ഹൗസ് എന്നിവ അടുത്ത വർഷം മധ്യത്തോടെ പൂർത്തീകരിക്കും. വിവിധ ആവശ്യങ്ങൾക്കുള്ള ഹാളുകൾ, വിനോദ സൗകര്യങ്ങൾ, പുരോഹിതരുടെ പാർപ്പിട യൂനിറ്റുകൾ എന്നിവ രണ്ടാം ഘട്ടത്തിൽ നിർമിക്കും. സഭയുടെ ആറായിരത്തിലധികം അംഗങ്ങളുള്ള യു.എ.ഇയിലെ ഏറ്റവും വലിയ പള്ളിയാണിത്. മലയാളി വിശ്വാസികൾക്കു പുറമെ ചർച്ച് ഓഫ് സൗത്ത് ഇന്ത്യക്ക് കീഴിൽ തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള വിശ്വാസികളും പ്രാർഥനക്കെത്തും.
ഫുജൈറ ദേവാലയത്തിനു പുറമെ രണ്ടാമത്തെ ആരാധനാലയമാണ് അബൂദബിയിലെ പള്ളി. ദുബൈ ഉൾപ്പെടെയുള്ള മറ്റു എമിറേറ്റുകളിലെ വിശ്വാസികൾ ആംഗ്ലിക്കൻ ആരാധനാലയങ്ങളിലാണിപ്പോൾ പ്രാർഥിക്കുന്നത്. നിലവിൽ അബൂദബിയിലെ ഇടവക വിശ്വാസികൾ സെൻറ് ആൻഡ്രൂസ് ദേവാലയത്തിലാണ് പ്രതിവാര പ്രാർഥന സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.