കാലാവസ്ഥ വ്യതിയാനം തടയാൻ പുതിയ നയം അവതരിപ്പിച്ച് അബൂദബി
text_fieldsഅബൂദബി: കാലാവസ്ഥ വ്യതിയാനം നേരിടാൻ പുതിയ പദ്ധതി അവതരിപ്പിച്ച് അബൂദബി. അഞ്ചു വർഷത്തിനകം കാർബൺ ബഹിർഗമനം 22 ശതമാനം കുറക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയാണ് അബൂദബിയിലെ കാലാവസ്ഥ ഏജൻസി അവതരിപ്പിച്ചത്. അന്തരീക്ഷ താപനിലയുടെ ശരാശരി വർധന 1.5 ഡിഗ്രി സെൽഷ്യസിനും രണ്ട് ഡിഗ്രി സെൽഷ്യസിനും ഇടയിൽ നിലനിർത്തുകയെന്നതാണ് പ്രധാന ലക്ഷ്യം. കാർബൺ ബഹിർഗമനം 22 ശതമാനം കുറക്കുന്നതിനായി 81 സംരംഭങ്ങളും 12 പ്രധാന പദ്ധതികളും ഏജൻസി നടപ്പിലാക്കും. എമിറേറ്റിന്റെ കാലാവസ്ഥ പ്രതിരോധം, പരിപൂർണ പാരിസ്ഥിതിക നിഷ്പക്ഷതയിലേക്കുള്ള ശക്തമായ വളർച്ച തുടങ്ങിയ ലക്ഷ്യങ്ങൾക്ക് അഞ്ചു വർഷത്തെ പദ്ധതി ശക്തിപകരും.
സുരക്ഷിതവും സുസ്ഥിരവുമായ സമ്പദ്വ്യവസ്ഥയുടെ ഭാഗമായുള്ള നിക്ഷേപം ആകർഷിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. കാർബൺ ബഹിർഗമനം കുറവുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിക്കുകയും നൂതന ആശയങ്ങളിലൂടെ സാമ്പത്തികമായ വൈവിധ്യവത്കരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. അടിസ്ഥാന സൗകര്യ വികസനം, ഊർജം, പരിസ്ഥിതി, ആരോഗ്യം എന്നീ സുപ്രധാന മേഖലകളിൽ വ്യവസായം തുടരുക മാത്രമല്ല, പരിസ്ഥിതിയെ പരിഗണിച്ചുകൊണ്ടുള്ള പദ്ധതികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
ആഗോള കാലാവസ്ഥ വ്യതിയാന വെല്ലുവിളികൾ അബൂദബി ഒറ്റക്ക് നേരിടേണ്ടി വരുകയില്ലെന്നും ഇത് തടയുന്നതിനും പരിസ്ഥിതിയുമായി പൊരുത്തപ്പെടുന്നതിനും സജീവമായ ഇടപെടൽ എല്ലാവരും നടത്തണമെന്നും അബൂദബി പരിസ്ഥിതി ഏജൻസി സെക്രട്ടറി ജനറൽ ശൈഖ് സലിം അൽ ദഹ്റി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.