സർക്കാർ ഓഫിസുകളിൽ വരുന്നവർക്ക് പുതിയ കോവിഡ് മാനദണ്ഡം
text_fieldsദുബൈ: യു.എ.ഇ ഫെഡറൽ സർക്കാർ വകുപ്പുകളുടെയും മന്ത്രാലയങ്ങളുടെയും ഓഫിസുകളിൽ എത്തുന്നവർക്ക് പുതിയ കോവിഡ് മാനദണ്ഡം പ്രഖ്യാപിച്ചു. രണ്ട് വാക്സിനും സ്വീകരിച്ചവർക്കും ഇല്ലെങ്കിൽ 48 മണിക്കൂറിനിടയിലെ പി.സി.ആർ ഫലം ഹാജരാക്കുന്നവർക്കും മാത്രമാണ് പ്രവേശനം. മന്ത്രാലയങ്ങൾ, ഫെഡറൽ സർക്കാർ വകുപ്പുകൾ, അവയുടെ ഉപഭോക്തൃ സേവനകേന്ദ്രങ്ങൾ എന്നിവക്ക് നിബന്ധന ബാധകമാണ്.
കോവിഡിൽനിന്ന് പൊതുജനാരോഗ്യത്തെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് നടപടിയെന്ന് സർക്കാർ മാനവവിഭവകുപ്പ് അറിയിച്ചു. ആഗസ്റ്റ് ഒന്നുമുതലാണ് ഇക്കാര്യം പ്രാബല്യത്തിൽ വരുക. ഉപഭോക്താക്കൾ, സന്ദർശകർ, സേവന കമ്പനികളുടെ ജീവനക്കാർ തുടങ്ങി സ്ഥാപനത്തിലെ ജോലിക്കാരല്ലാത്ത എല്ലാവരും ഈ നിയമം പാലിക്കണം. ജനങ്ങളെ കൂടുതലായി വാക്സിൻ എടുക്കുന്നത് പ്രോത്സാഹിപ്പിക്കാൻ കൂടിയാണ് ഇത്തരമൊരു നിർദേശം. 16വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഈ നിയമം ബാധകമല്ല.
ആഗസ്റ്റ് 20 മുതൽ അബൂദബിയിൽ പൊതുയിടങ്ങളിൽ പ്രവേശിക്കുന്നതിന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിരിക്കണമെന്ന നിബന്ധന നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ഷോപ്പിങ് കേന്ദ്രങ്ങൾ, റസ്റ്ററൻറുകൾ, കഫേകൾ, ചില്ലറ വ്യാപാരകേന്ദ്രങ്ങൾ എന്നിവിടങ്ങളിലെല്ലാം നിയമം ബാധകമായിരിക്കും.
സൂപ്പർമാർക്കറ്റുകൾക്കും ഫാർമസികൾക്കും മാത്രമാണ് ഇതിൽ ഇളവുള്ളത്. നിലവിൽ അബൂദബിയിൽ വിവിധയിടങ്ങളിൽ പ്രവേശനത്തിന് മുമ്പ് സ്കാനർ ഉപയോഗിച്ച് കോവിഡ് പരിശോധന നിലവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.