ഖോർഫുക്കാനിൽ പുതിയ സൈക്ലിങ് പാത
text_fieldsഷാർജ: ഖോർഫുക്കാൻ നഗരത്തിൽ പുതിയ സൈക്ലിങ് പാത നിർമിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അംഗീകാരം നൽകി. സുബാറ, ലുഅ്ലിയ ഏരിയകൾക്കിടയിലുള്ള വാട്ടർ കനാലിനോട് ചേർന്നാണ് പുതിയ സൈക്ലിങ് പാത നിർമിക്കുന്നത്.
2,200 മീറ്റർ നീളവും നാല് മീറ്റർ വീതിയിലും നിർമിക്കുന്ന പാതയുടെ നിർമാണച്ചെലവ് 50 ലക്ഷം ദിർഹമാണ്. ഷാർജ റേഡിയോയിലും ടെലിവിഷനിലും സംപ്രേക്ഷണം ചെയ്യുന്ന ‘ഡയറക്ട് ലൈൻ’ പ്രോഗ്രാമിൽ നടന്ന ഫോൺ ഇൻ പരിപാടിയിൽ ഷാർജ റോഡ് ഗതാഗത അതോറിറ്റി ചെയർമാൻ എൻജിനീയർ യൂസുഫ് ഖാമിസ് അൽ ഉസ്മാനിയാണ് പുതിയ പാത പ്രഖ്യാപിച്ചത്.
മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. എമിറേറ്റിലെ ജനങ്ങളുടെ കായികക്ഷമത വർധിപ്പിക്കുന്നതിനൊപ്പം കായിക വിനോദങ്ങൾക്ക് അവസരം നൽകുകയും അതുവഴി നിവാസികൾക്കും വിനോദ സഞ്ചാരികൾക്കും മികച്ച ജീവിത നിലവാരം പ്രദാനം ചെയ്യുകയാണ് ലക്ഷ്യം.
അടുത്തിടെ ഖൽബയിൽ ഷാർജ സർക്കാർ ഹാങ്ങിങ് ഗാർഡൻ ഉൾപ്പെടെ വമ്പൻ വികസന പ്രവൃത്തികൾ പൂർത്തീകരിച്ചിരുന്നു. ഇതോടെ ഈ മേഖലയിൽ വിനോദ സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചിരിക്കുകയാണ്.
അതേസമയം, എമിറേറ്റിൽ 45 വയസ്സു കഴിഞ്ഞവർക്ക് യൂനിവേഴ്സിറ്റി ആശുപത്രിയിൽ ചികിത്സ ലഭ്യമാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്കും ഭരണാധികാരി അംഗീകാരം നൽകിയിട്ടുണ്ട്. ആഗസ്റ്റ് 12 മുതൽ പദ്ധതി നടപ്പിലാക്കും. ഇതിനായി എട്ട് കോടി ദിർഹമാണ് ചെലവ്. ആരോഗ്യ ഇൻഷുറൻസ് ആക്ടിവേറ്റ് ചെയ്യുന്നതിനും എമിറേറ്റ്സ് ഐഡിയുമായി ലിങ്ക് ചെയ്യുന്നതിനുമായി ഗുണഭോക്താക്കൾക്ക് ഒരു ഇലക്ട്രിക് ലിങ്ക് അയക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.