ദുബൈയിൽ പുതിയ സൈക്ലിങ് പാതകൾ തുറന്നു
text_fieldsദുബൈ: സൈക്ലിങ് സൗഹൃദനഗരമെന്ന ലക്ഷ്യവുമായി വളരുന്ന ദുബൈയിൽ രണ്ട് പുത്തൻ സൈക്ലിങ് പാതകൾ കൂടി തുറന്ന് റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ). നഗരത്തിലെ ഖവാനീജ്, മുഷ്രിഫ് പ്രദേശങ്ങളിലായാണ് ഏഴ് കി.മീ. നീളത്തിൽ സൈക്കിൾ പാത നിർമാണം പൂർത്തിയായത്.
നിലവിലെ പാതയുമായി ബന്ധിപ്പിച്ചതോടെ ഈ മേഖലയിൽ പാതയുടെ നീളം 39കി.മീറ്ററായി. ദുബൈയിൽ താമസക്കാർ കൂടുതലായി സൈക്ലിങ് അടക്കമുള്ള കായികരംഗങ്ങളിൽ സജീവമാകുന്ന ഘട്ടത്തിലാണ് ആർ.ടി.എ പദ്ധതി നടപ്പാക്കിയിരിക്കുന്നത്.
ദുബൈയെ സൈക്കിൾ സൗഹൃദനഗരമാക്കുകയെന്ന ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നിർദേശമനുസരിച്ചാണ് പദ്ധതി നടപ്പാക്കിയതെന്ന് ആർ.ടി.എ എക്സി. ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പറഞ്ഞു.വിവിധ റെസിഡൻഷ്യൽ പ്രദേശങ്ങളും വിനോദ സഞ്ചാര ആകർഷണകേന്ദ്രങ്ങളും ബന്ധിപ്പിക്കുന്ന രീതിയിലാണ് നിലവിലെ പാതകൾ നിർമിക്കുന്നത്.
ഖവാനീജിലെ ട്രാക്ക്, ശൈഖ് സായിദ് ബിൻ ഹംദാൻ ആൽ നഹ്യാൻ സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന ഖുർആൻ പാർക്കിൽ നിന്നാരംഭിച്ച് അൽ ഖവാനീജ് സ്ട്രീറ്റുമായി ചേരുന്ന രീതിയിലാണ് നിർമിച്ചിട്ടുള്ളത്. ഇതിലൂടെ അൽ ഖവാനീജ് സ്ട്രീറ്റിലെ കാൽനടക്കാർക്കും സൈക്ലിസ്റ്റുകൾക്കും നിർമിച്ച പാലം വഴി ഇത് നിലവിലുള്ള സൈക്ലിങ് ട്രാക്കുമായി ബന്ധിപ്പിക്കും.
രണ്ടാമത്തെ ട്രാക്ക് ക്രോക്കോഡൈൽ പാർക്കിന് സമീപമുള്ള മുഷ്രിഫ് പാർക്കിൽനിന്ന് ആരംഭിച്ച് ശൈഖ് സായിദ് ബിൻ ഹംദാൻ ആൽ നഹ്യാൻ സ്ട്രീറ്റുമായി കൂടിച്ചേരും.
എമിറേറ്റിലെ പ്രധാന ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് ആർ.ടി.എയുടെ സൈക്ലിങ് ട്രാക്ക് പദ്ധതി. സൈക്ലിങ് ട്രാക്ക് ശൃംഖലയുടെ ആകെ ദൈർഘ്യം 2030ഓടെ 544 കി.മീയിൽനിന്ന് 1,000 കി.മീറ്ററായി വർധിപ്പിക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ജുമൈറ, അൽ സുഫൂഹ്, മറീന തുടങ്ങിയ പ്രധാന പ്രദേശങ്ങളെ അൽ ബർഷ, ദുബൈ ഹിൽസ്, നാദ് അൽ ശിബ എന്നീ ജില്ലകൾ വഴി അൽ ഖുദ്റ, സൈഹ് അൽ സലാം, നാദ അൽ ശിബയുമായി ബന്ധിപ്പിക്കുന്നതാണ് വിപുലമായ പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.