ഷാർജയിൽ പുതിയ ഗ്യാസ് ശേഖരം കണ്ടെത്തി
text_fieldsഷാർജ: എമിറേറ്റിലെ അൽ സജ ഇൻഡസ്ട്രിയൽ ഏരിയക്ക് വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന അൽ ഹദീബ പാടത്ത് ഗ്യാസ് ശേഖരം കണ്ടെത്തി. ഷാർജ സ്ഥാപനമായ ഷാർജ പെട്രോളിയം കൗൺസിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സാമ്പത്തികമായി വലിയ നേട്ടം ലഭിക്കുന്ന അളവിൽ ഗ്യാസ് ശേഖരം ഇവിടെയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഷാർജ നാഷനൽ ഓയിൽ കോർപറേഷൻ (എസ്.എൻ.ഒ.സി) കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇവിടെ എണ്ണക്കിണർ പര്യവേക്ഷണം നടത്തിവരുകയായിരുന്നു. ഇതിലാണ് പുതിയ ഗ്യാസ് ഫീൽഡ് കണ്ടെത്തിയതെന്ന് അധികൃതർ വെളിപ്പെടുത്തി. പാടത്തിന്റെ അളവും സാധ്യതയുള്ള വാതക ശേഖരവും സ്ഥിരീകരിക്കുന്നതിന് വരും ദിവസങ്ങളിൽ കിണർ പരിശോധിക്കും. അൽ സജ, കാഹിഫ്, മഹാനി, മുയയ്യിദ് പാടങ്ങൾക്ക് പുറമെ ഷാർജയിലെ അഞ്ചാമത്തെ എണ്ണപ്പാടമാണ് അൽ ഹദീബയിലേത്. എമിറേറ്റിന്റെ സാമ്പത്തിക രംഗത്തിന് ഉണർവേകുന്നതാകും കണ്ടെത്തലെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഗ്യാസ് ശേഖരം കണ്ടെത്തിയ പ്രഖ്യാപനത്തിൽ സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയെ അഭിനന്ദിക്കുന്നതായും ഷാർജക്ക് അത് അനുഗ്രഹമായിത്തീരട്ടെയെന്നും ഷാർജ ഉപഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമി സമൂഹ മാധ്യമമായ ‘എക്സി’ൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.