പുതിയ തൊഴിൽനിയമം: ഒരേസമയം ഒന്നിലധികം തൊഴിലുടമകള്‍ക്ക് കീഴില്‍ ജോലിചെയ്യാം
text_fieldsഅബൂദബി: അടുത്തവര്‍ഷം ഫെബ്രുവരി രണ്ടു മുതല്‍ നിലവിൽ വരുന്ന നിയമത്തിലൂടെ യു.എ.ഇയിലെ തൊഴിലാളികള്‍ക്ക് ഒന്നിലധികം ഉടമകള്‍ക്ക് കീഴില്‍ ജോലിചെയ്യാന്‍ അനുമതി ലഭിക്കും.
തിങ്കളാഴ്ച പ്രഖ്യാപിച്ച പുതിയ തൊഴില്നിയമത്തിലാണ് ഇത്തരമൊരു ഇളവ് തൊഴിലാളികള്‍ക്ക് അനുവദിച്ചിരിക്കുന്നത്. ഇത് പ്രവാസികൾക്കടക്കം ഉപകാരപ്പെടുന്ന ഇളവാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
സ്വകാര്യമേഖലകളിലെ തൊഴിലാളികള്‍ക്ക് തങ്ങളുടെ വൈദഗ്ധ്യം സ്ഥിരജോലിക്ക് പുറമേ പാര്‍ട്ട് ടൈം ആയോ അല്ലാതെയോ കൂടുതല്‍ ഇടങ്ങളില്‍ ഉപയോഗപ്പെടുത്താനാണ് പുതിയ നിയമം കൊണ്ടുദ്ദേശിക്കുന്നത്. നിശ്ചിത മണിക്കൂറുകളോ അല്ലെങ്കില്‍, നിശ്ചിത ദിവങ്ങളിലോ കൂടുതല്‍ ഉടമകള്‍ക്ക് കീഴില്‍ ജോലിചെയ്യാനാണ് പാര്‍ട്ട് ടൈം തൊഴിലവസരം നല്‍കുന്നത്.
നിശ്ചിത കാലയളവിലേക്കോ അല്ലെങ്കില്‍, ഒരു പ്രോജക്ട് പൂര്‍ത്തിയാക്കുന്നതോ വരെയുള്ള കാലയളവിലേക്കുള്ളതാണ് താല്‍ക്കാലിക ജോലി. ഇതുകൂടാതെ ജോലിയുടെ സ്വഭാവമനുസരിച്ച് തൊഴിലാളികള്‍ക്ക് മുഴുസമയമോ അല്ലാതെയോ കൂടുതല്‍ ഉടമകള്‍ക്ക് കീഴില്‍ ജോലിചെയ്യാനുള്ള അവസരവും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.
കരാര്‍ കാലാവധി കഴിഞ്ഞ രാജ്യത്ത് തുടരുന്ന തൊഴിലാളികളെ ഉപയോഗപ്പെടുത്താന്‍ തൊഴിലുടമകള്‍ക്ക് സാധിക്കുന്നതിലൂടെ ഇവരുടെ ചെലവ് കുറയുകയും തൊഴിലാളികളുടെ വിവിധങ്ങളായ വൈദഗ്ധ്യം ലഭ്യപ്പെടുത്താന് കഴിയുകയും ചെയ്യും. തൊഴിലിെൻറ സ്വഭാവമനുസരിച്ച് ഓരോ തൊഴിലിനും അവസാനം ഗ്രാറ്റ്വിറ്റി അടക്കമുള്ള വിഷയങ്ങളില്‍ ഇരുകൂട്ടര്‍ക്കുമുള്ള ഉത്തരവാദിത്തങ്ങളെക്കുറിച്ചും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.