സൈക്കിള്‍ സവാരിക്ക് പുതുപാത
text_fieldsറോഡിലൂടെ സൈക്കിള്‍ സവാരി ശ്രമകരമാണ്. റോഡ് മുറിച്ച് കടക്കുകയും വശത്തിലൂടെ യാത്ര ചെയ്യുന്നവരുമായ നിരവധി പേര്‍ക്കാണ് ദിനവും അപകടം പറ്റുന്നത്. ജോലിക്കായി മാത്രമല്ല വ്യായാമത്തിന്റെ ഭാഗമായും നിരവധി പേര് സൈക്കിളില്‍ സഞ്ചരിക്കുന്നുണ്ട്. സൈക്കിൾ ഓടിക്കുന്ന കായിക വിനോദക്കാര്ക്കും വ്യായാമത്തിന്റെ ഭാഗമായി സൈക്കിള്‍ ഉപയോഗിക്കുന്നവര്‍ക്കും അധികൃതര്‍ ഇപ്പോള്‍ വലിയ പരിഗണനയാണ് നല്‍കുന്നത്.
അജ്മാന് അല്‍ റഖൈബ് -2 മേഖലയില്‍ ഇതിനായി നഗരസഭ മികച്ച സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. അൽ റഖൈബ് -2ല്‍ വാക്സിന്, പി.സി.ആര് സേവനം നല്കുന്ന ബൈത്ത് അല്‍ മെത്വാഹിദ് ഹാളിനും ഫാത്തിമ കോളേജിനും സമീപത്തായാണ് അജ്മാന് നഗരസഭ സൈക്കിള്‍ സവാരിക്കായി പ്രത്യേക സൗകര്യം ഒരുക്കിയിരിക്കുന്നത്. വ്യായാമാക്കാര്ക്ക് പ്രത്യേകമായാണ് ഈ സൗകര്യം. റോഡിനോട് ചേര്‍ന്ന് 2,600 മീറ്റർ ദൂരത്തിലാണ് ഈ പ്രത്യേക പാത ഒരുക്കിയിരിക്കുന്നത്. 2,600 മീറ്റർ ദൂരത്തില്‍ ഇരുവശത്തേക്കും യാത്ര ചെയ്യാമെന്നിരിക്കെ ഉപയോഗിക്കുന്നവര്ക്കിത് വലിയ സൗകര്യമായിരിക്കും.
പ്രധാന റോഡിനോട് ചേര്‍ന്ന് പ്രത്യേകമായി ചുവപ്പ് നിറം നല്‍കിയും സൈക്കിളിന്റെ ചിത്രം നല്‍കിയുമാണ് ഈ റോഡ് ഒരുക്കിയിരിക്കുന്നത്. വ്യായാമത്തിനായി വാഹനത്തില്‍ സൈക്കിളുമായി വരുന്നവര്‍ക്ക് വാഹനം പാര്‍ക്ക് ചെയ്യുന്നതിന് പ്രത്യേകമായ മേഖലയും ഒരുക്കിയിട്ടുണ്ട്. സൈക്കിളിനായി ഒരുക്കിയിരിക്കുന്ന പാതയിലൂടെ നടക്കുകയോ വാഹനങ്ങള്‍ ഓടിക്കുകയോ ചെയ്യരുതെന്ന് അധികൃതര്‍ പ്രത്യേകം നിര്‍ദേശിക്കുന്നുണ്ട്.
സൈക്കിള്‍ കായിക വിനോദക്കാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ വര്‍ഷവും നിരവധി പേര് പങ്കെടുക്കുന്ന 'അജ്മാന് റൈഡ്' എന്ന പരിപാടിയും നടന്നു വരുന്നുണ്ട്. പൊതുജനങ്ങള്‍ക്ക് ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അൽ ബൈത്ത് മെത്വാഹിദ് അസോസിയേഷനും അബുദാബി ആസ്ഥാനമായുള്ള നിർമാണ സ്ഥാപനമായ ഘാൻടൂത് ഗ്രൂപ്പുമായും സഹകരിച്ചാണ് അജ്മാൻ നഗരസഭ പദ്ധതി പൂര്‍ത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.