അജ്മാൻ തെരുവുകൾക്ക് പുതുതിളക്കം
text_fieldsഅജ്മാൻ നഗരസഭയും ആസൂത്രണ വകുപ്പും ചേര്‍ന്ന് 20 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് ലൈറ്റിങ് പദ്ധതി പൂർത്തിയാക്കിയതോടെ എമിറേറ്റിലെ തെരുവുകൾക്ക് പുതുതിളക്കം. അജ്മാനിലെ പുതിയ താമസ കേന്ദ്രങ്ങളായ അൽ റഖൈബ്, അൽ യാസ്മീൻ റെസിഡൻഷ്യൽ ഏരിയകളിലാണ് പുതിയ റോഡ് ലൈറ്റിങ് പദ്ധതി പൂര്‍ത്തിയാക്കിയത്.
പരിസ്ഥിതി സംരക്ഷണം ഉറപ്പ് വരുത്തുന്നതിനായി ഊർജ്ജ ഉപഭോഗവും അതുവഴി കാർബൺ പുറന്തള്ളലും കുറക്കാനായി സഹായിക്കുന്ന ഏറ്റവും പുതിയ എല്‍.ഇ.ഡി ലൈറ്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് എമിറേറ്റിലെ എല്ലാ മേഖലകളിലും പദ്ധതി പൂർത്തിയാക്കിയത്. എമിറേറ്റിൽ സംയോജിത അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനുള്ള വകുപ്പിന്റെ ശ്രമത്തിന്റെ ഭാഗമായാണ് ഈ പദ്ധതി പൂര്‍ത്തിയാക്കിയത്.
അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പാക്കുന്നതിനുള്ള സംയോജിത പദ്ധതിയാണ് വകുപ്പ് സ്വീകരിച്ചിരിക്കുന്നതെന്ന് വകുപ്പ് ഡയറക്ടർ ജനറൽ അബ്ദുൾ റഹ്മാൻ മുഹമ്മദ് അൽ നുഐമി പറഞ്ഞു. ജനവാസ കേന്ദ്രമായ ഇവിടെ രാപ്പകലില്ലാതെ വലിയ ഗതാഗത തിരക്ക് അനുഭവപ്പെടുന്നതിനാല്‍ പദ്ധതി പെട്ടന്ന് പൂര്‍ത്തിയാക്കുകയായിരുന്നു.
സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമിയുടെ നിർദേശങ്ങളുടെ ഭാഗമായാണ് റസിഡൻഷ്യൽ ഏരിയകളിൽ ഇന്റേണൽ റോഡ് ലൈറ്റിങ് പദ്ധതി നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. താമസക്കാരുടെയും സന്ദർശകരുടെയും ആവശ്യങ്ങൾ നിറവേറ്റുന്നുന്നതിനും എല്ലാവർക്കും മെച്ചപ്പെട്ടതും സുഖപ്രദവുമായ ജീവിതത്തിന്റെ എല്ലാ ഘടകങ്ങളും ലഭ്യമാക്കാൻ ശ്രമിക്കുന്ന വകുപ്പിന്റെ ലക്ഷ്യങ്ങളുടെ ഭാഗമായാണ് 50 ലക്ഷം ദിർഹം ചെലവ് വരുന്ന പദ്ധതി നടപ്പിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.