ഷാർജ ഇനി പുതിയ ലോഗോയിൽ തിളങ്ങും
text_fieldsഷാർജ: അറബ് ലോകത്തിന്റെ സാംസ്കാരിക തലസ്ഥാനമെന്ന ഖ്യാതിയുള്ള ഷാർജ എമിറേറ്റിന് പുതിയ ബ്രാൻഡ് ലോഗോ. അറബ് സാംസ്കാരിക അടയാളങ്ങൾ പ്രതിഫലിപ്പിക്കുന്ന രീതിയിൽ രൂപപ്പെടുത്തിയ ലോഗോ ഉപഭരണാധികാരിയും ഷാർജ മീഡിയ കൗൺസിൽ ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ അഹ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയാണ് പ്രകാശനം ചെയ്തത്. അൽനൂർ ദ്വീപിൽ നടന്ന ചടങ്ങിലാണ് ലോഗോ പുറത്തിറക്കിയത്.
വിനോദസഞ്ചാരം, താമസം, ജോലി, പഠനം, നിക്ഷേപം എന്നിവക്ക് അനുയോജ്യമായ കേന്ദ്രമെന്ന നിലയിൽ ഷാർജയുടെ ആകർഷണീയതയും എമിറേറ്റിന്റെ ശക്തികളും വ്യതിരിക്തമായ സവിശേഷതകളും മനസ്സിൽവെച്ചാണ് പുതിയ ഐഡൻറിറ്റി വികസിപ്പിച്ചതെന്ന് ശൈഖ് സുൽത്താൻ ബിൻ അഹ്മദ് അഭിപ്രായപ്പെട്ടു.
ഷാർജയുടെ സാംസ്കാരികമായ സവിശേഷത ഒറ്റനോട്ടത്തിൽ മനസ്സിലെത്തിക്കുന്നതാണ് ലോഗോയിലെ അറേബ്യൻ വാസ്തുശിൽപ രീതി. കലാപ്രകടനങ്ങളിലൂടെ പുതിയ ലോഗോയുടെ അർഥതലങ്ങൾ വിശദീകരിക്കുന്ന പ്രദർശനവും അൽനൂർ ദ്വീപിൽ ചടങ്ങിനോടനുബന്ധിച്ച് ഒരുക്കിയിരുന്നു. ‘നിങ്ങളുടെ ഷാർജ’ തലക്കെട്ടിൽ വിനോദസഞ്ചാര കാമ്പയിനും തുടക്കം കുറിച്ചു. കഴിഞ്ഞ പതിറ്റാണ്ടുകളിൽ എമിറേറ്റ് കൈവരിച്ച നേട്ടങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുകയെന്നതും കാമ്പയിനിന്റെ ലക്ഷ്യമാണ്. വിനോദസഞ്ചാരത്തിനും മറ്റു കാര്യങ്ങൾക്കും യോജിച്ച സ്ഥലമെന്ന നിലയിൽ താമസക്കാരെയും സന്ദർശകരെയും സ്വാഗതംചെയ്യുന്ന രീതിയിലാണ് കാമ്പയിൻ രൂപപ്പെടുത്തിയിരിക്കുന്നത്.
സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നേതൃത്വത്തിൽ 52 വർഷത്തിനിടയിൽ എമിറേറ്റ് ഏറെ മുന്നേറിയതായും ഇതിന്റെ പ്രതിഫലനമാണ് പുതിയ ഐഡന്റിറ്റിയിൽ പ്രകാശിപ്പിച്ചതെന്നും ഗവൺമെന്റ് റിലേഷൻസ് വകുപ്പ് എക്സിക്യൂട്ടിവ് ചെയർമാൻ ശൈഖ് ഫഹീം ബിൻ സുൽത്താൻ ബിൻ ഖാലിദ് അൽ ഖാസിമി വ്യക്തമാക്കി.
ഷാർജ സർക്കാറിലെ വിവിധ വകുപ്പുകൾ ചേർന്നാണ് പുതിയ ലോഗോ ബ്രാൻഡ് രൂപപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.