അബൂദബിയിൽ വിസ അപേക്ഷകർക്ക് പുതിയ വൈദ്യപരിശോധന കേന്ദ്രം
text_fieldsഅബൂദബി: മധ്യേഷ്യയിലെ ഏറ്റവുംവലിയ സംയോജിത ആരോഗ്യപരിചരണ പ്ലാറ്റ്ഫോം ആയ ‘സേഹ’ അബൂദബിയിൽ വിസ അപേക്ഷകർക്കായി പുതിയ വൈദ്യ പരിശോധന കേന്ദ്രം തുറന്നു. അബൂദബി പൊതു ആരോഗ്യകേന്ദ്രവുമായി സഹകരിച്ചാണ് അൽമരിയ ദ്വീപിലെ ഗലേറിയയിൽ പുതിയ രോഗനിയന്ത്രണ, പരിശോധന കേന്ദ്രം തുടങ്ങിയത്. ആഴ്ചയിൽ ഏഴു ദിവസവും കേന്ദ്രം തുറന്നുപ്രവർത്തിക്കും. രാവിലെ 10 മുതൽ രാത്രി ഏഴുവരെയാണ് കേന്ദ്രത്തിന്റെ പ്രവർത്തനം. മുൻകൂട്ടി ബുക്ക് ചെയ്തും നേരിട്ടും സേവനം പ്രയോജനപ്പെടുത്താം.
അബൂദബി പൊതു ആരോഗ്യകേന്ദ്രം ഡയറക്ടർ മതർ സഈദ് അൽ നുഐമി, ആംബുലേറ്ററി ഹെൽത്ത് കെയർ സർവിസസ് സി.ഇ.ഒ. ഡോ. അസ്മ അൽ ഹലാസി, അബൂദബി ഗ്ലോബൽ മാർക്കറ്റ് രജിസ്ട്രേഷൻ സി.ഇ.ഒ ഹമദ് അൽ മസ്റൂയി, അൽ മരിയ റീട്ടെയിൽ കമ്പനി സി.ഇ.ഒ. ഡേവിഡ് റോബിൻസൺ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. എമിറേറ്റിലെ വിസ ആവശ്യാര്‍ഥമുള്ള മെഡിക്കല്‍ ടെസ്റ്റിനുവേണ്ടി 12 കേന്ദ്രങ്ങളില്‍ക്കൂടി അടുത്തിടെ ‘സേഹ’ സൗകര്യം ഒരുക്കിയിരുന്നു. അല്നുഖ്ബ സെന്റര്‍ ഖാലിദിയ, ദി ടോപ് പ്രസ്റ്റീജ് സെന്റര്‍ മുസഫ, ബനിയാസ് സെന്റര്‍, യൂനിയന്‍ ഏവിയേഷന്‍ എംപ്ലോയിസ് സെന്റര്‍, മുഷ്രിഫ് മാള്‍ സെന്റര്‍, അല്‍വഹ്ദ മാള്‍ സെന്റര്‍, മുസഫ സെന്റര്‍, അല്‍ഷഹാമ സെന്റര്‍, ക്യാപിറ്റല്‍ ഹെല്‍ത്ത്, മുബാദല ഹെല്‍ത്ത്, അല്‍റീം ആശുപത്രി എന്നിവയാണ് കേന്ദ്രങ്ങള്‍.
പരിശോധന ഫലം ലഭിക്കാനുള്ള കാലതാമസത്തിന്റെ അടിസ്ഥാനത്തില്‍ നോര്‍മല്‍, റാപ്പിഡ്, സ്പെഷല്‍ എന്നിങ്ങനെ മൂന്ന് കാറ്റഗറികളിലായും പരിശോധന ലഭിക്കും. നോര്‍മല്‍ ടെസ്റ്റിന് 250 ദിര്‍ഹമും റാപ്പിഡ് ടെസ്റ്റിന് 350ഉം 24 മണിക്കൂറിനകം ഫലം ലഭിക്കുന്ന സ്പെഷല്‍ ടെസ്റ്റിന് 500 ദിര്‍ഹവുമാണ് ഫീസ്.
സ്ത്രീകള്‍ ഗര്‍ഭിണിയാണോ എന്നറിയാനുള്ള പരിശോധനക്ക് 50 ദിര്‍ഹം വേറെയും നല്‍കണം. ഒമ്പത് പൊതു ആരോഗ്യകേന്ദ്രങ്ങളിലും മൂന്നു സ്വകാര്യ കേന്ദ്രങ്ങളിലും പരിശോധിക്കാന്‍ സാധിക്കും. പാസ്പോര്‍ട്ട്, എമിറേറ്റ്സ് ഐ.ഡി എന്നിവയുടെ കോപ്പിയും ഏതെങ്കിലും ഒരെണ്ണത്തിന്റെ ഒറിജിനലും പരിശോധന വേളയില്‍ ഹാജരാക്കണം. വിസ/ എന്‍ട്രി വിസ കോപ്പി, 2 ഫോട്ടോ, മറ്റ് എമിറേറ്റുകളിലെ വിസക്കാരാണെങ്കില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എന്നിവയും കരുതണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സേഹ 800 500, മുബാദല 02 3111111, അല്‍റീം 800 7444 നമ്പറുകളില്‍ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.