നഗരക്കാഴ്ച കാണാൻ ക്രീക്കിന് മുകളിൽ പുതിയ നിരീക്ഷണ കേന്ദ്രം
text_fieldsദുബൈ: അതിശയക്കാഴ്ചകളുടെ നഗരമാണ് ദുബൈ. നഗരത്തിന്റെ പല ഭാഗങ്ങളിൽനിന്നും വിദൂരതയിലെ കാഴ്ചകൾ കാണാൻ ആയിരങ്ങളാണ് യാത്ര ചെയ്യാറുള്ളത്. അക്കൂട്ടത്തിൽ വ്യത്യസ്തമായൊരു കേന്ദ്രവുംകൂടി ചേർന്നിരിക്കയാണ്. ദുബൈയുടെ ജീവനാഡിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ക്രീക്കിന് മുകളിലാണ് നടപ്പാലം പോലെ വ്യൂപോയന്റ് ഒരുക്കിയിട്ടുള്ളത്. ക്രീക്ക് ഹാർബറിലെ ഈ കേന്ദ്രം സമുദ്രനിരപ്പിൽനിന്ന് 11.65 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. നഗരത്തിന്റെ മിക്ക ഭാഗങ്ങളുടെയും കാഴ്ച ഇവിടെ നിന്ന് ആസ്വദിക്കാനാവും. താമസക്കാർക്കും സന്ദർശകർക്കുമെല്ലാം ഇവിടേക്ക് പ്രവേശനം സൗജന്യമാണ്.
കടൽക്കാറ്റ് ആസ്വദിച്ച് ബുർജ് ഖലീഫയടക്കം സ്ഥിതി ചെയ്യുന്ന ഡൗൺടൗൺ ദുബൈയും അഡ്രസ് ഗ്രാൻഡ് ട്വിൻ ടവറുകളും തടസ്സമില്ലാതെ കാണാൻ ഇവിടെ നിന്ന് സാധിക്കും. 70 മീറ്റർ നീളത്തിലാണ് നടപ്പാത നിർമിച്ചിട്ടുള്ളത്. ക്രീക്ക് പ്രദേശത്ത് ഏറ്റവും കൂടുതൽ പേരെത്തുന്ന നടപ്പാതകളിലൊന്നിന്റെ അവസാനത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. സ്റ്റീൽ ഉപയോഗിച്ചാണ് പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. സുരക്ഷിതമായ രീതിയിൽ ഒത്തുകൂടാനും കാഴ്ചകൾ ആസ്വദിക്കാനുമുള്ള ഇടമെന്ന നിലയിലാണ് ഇതിനെ രൂപപ്പെടുത്തിയത്. വിഡിയോകളും ചിത്രങ്ങളും പകർത്തുന്നതിനും ഇവിടെ പ്രത്യേക നിയന്ത്രണങ്ങളില്ല. ഇൻസ്റ്റഗ്രാം ചിത്രങ്ങൾക്ക് യോജിച്ച ഇടമെന്ന നിലയിൽ യുവാക്കളെയും മറ്റും ആകർഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.