പാർക്കുകളുടെ നഗരമാകാൻ ഒരുങ്ങി അബൂദബി
text_fieldsഅബൂദബി: ഈ വർഷം അവസാനത്തോടെ അബൂദബിയില്‍ നൂറിലേറെ പുതിയ പാര്‍ക്കുകള്‍ തുറക്കും. 12 ബില്യന്‍ ദിര്‍ഹം ചെലവഴിച്ചുനിര്‍മിക്കുന്ന സമൂഹ വികസന പദ്ധതികളുടെ ആദ്യഘട്ടമായാണ് പുതിയ പാര്‍ക്കുകള്‍ നിര്‍മിക്കുന്നത്. അബൂദബി, അല്‍ ഐന്‍, അല്‍ ധഫ്ര മേഖലകളിലാണ് ഇവ നിര്‍മിക്കുക. അബൂദബിയില്‍ 70ഉം അല്‍ ഐനില്‍ 30ഉം അല്‍ ധഫ്രയില്‍ ഒമ്പതും അടക്കം ആകെ 113 പാര്‍ക്കുകളാണ് അബൂദബി നഗര, ഗതാഗത വകുപ്പ് നിര്‍മിക്കുക. 2025ഓടെ 277 പുതിയ പാര്‍ക്കുകള്‍ കൂടി നിര്‍മിക്കും. ഇതില്‍ 180ഉം അബൂദബിയിലാണ്. അല്‍ഐനില്‍ 80ഉം അല്‍ ധഫ്രയില്‍ 17ഉം പാര്‍ക്കുകളാണ് നിര്‍മിക്കുക. കാല്‍നട പാതകള്‍, സൈക്ലിങ് പാതകള്‍, സൗന്ദര്യവത്കരണ ജോലികള്‍, കായിക ഇടങ്ങള്‍, ക്ലിനിക്കുകള്‍, പള്ളികള്‍, പാര്‍ക്കുകള്‍, പച്ചപ്പുകള്‍ തുടങ്ങിയവ പദ്ധതിയുടെ ഭാഗമാകും.
ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നഗരസഭാ അധികൃതര്‍ അബൂദബിയിലെ തിരഞ്ഞെടുക്കപ്പെട്ട പാര്‍ക്കുകളില്‍ പ്രാര്‍ഥനാ സൗകര്യം ഒരുക്കിയിരുന്നു. ഇത് സന്ദര്‍ശകര്‍ക്കും പാര്‍ക്ക് സംരക്ഷിക്കുന്ന ജീവനക്കാര്‍ക്കും അടക്കം ഏറെ സഹായകമാവും. അബൂദബി കോര്‍ണിഷ് ഹെറിറ്റേജ് പാര്‍ക്ക്, അല്‍ ബതീന്‍ പാര്‍ക്ക്, അല്‍സാദ സ്ട്രീറ്റ് അല്‍ സഫറാന, ടൂറിസ്റ്റ് ക്ലബ്ബ് ഏരിയ അല്‍ ബരീദ് പാര്‍ക്ക്, ഖലീജ് അല്‍ അറബ് സ്ട്രീറ്റ് ഓഫിസേഴ്സ് ക്ലബ്ബ് പാര്‍ക്ക്, ഡോള്‍ഫിന്‍ പാര്‍ക്ക്, അല്‍ സജി പാര്‍ക്ക്, അല്‍ മൊണ്ടാസ ഗാര്‍ഡന്‍സ് നമ്പര്‍ 1,2,4,5 എന്നിവിടങ്ങളിലാണ് പ്രാര്‍ഥനാ സൗകര്യമുള്ളത്.
അടുത്ത ഘട്ടമായി മറ്റു പാര്‍ക്കുകളിലേക്കും ഇത് വ്യാപിക്കുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു. ഖലീഫ സിറ്റിയിലെ അല്‍ മസര്‍ ഉദ്യാനം അടുത്തിടെ താമസക്കാര്‍ക്കായി തുറന്നുകൊടുത്തിരുന്നു. 14,000 ചതുരശ്രമീറ്ററില്‍ ഒരുക്കിയ ഉദ്യാനത്തില്‍ 97 കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. 2.1 കിലോമീറ്റര്‍ നീളത്തില്‍ ജോഗിങ് ട്രാക്കും രണ്ട് സിപ് ലൈനുകളുമുണ്ട്. ഇതിനു പുറമേ നിരവധി ബീച്ച് വോളിബാള്‍, ബാഡ്മിന്റണ്‍ ബാസ്കറ്റ് ബാള്‍ കോര്‍ട്ടുകളുമുണ്ട്. നായ്ക്കള്‍ക്കായി പ്രത്യേക പാര്‍ക്കും സൈക്കിള്‍ ട്രാക്കുമൊക്കെയാണ് ഇവിടത്തെ മറ്റ് സവിശേഷ സൗകര്യങ്ങള്‍.
അല്‍റീം ഐലന്റിലെ 27,500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള അല്‍ ഫായ് പാര്‍ക്ക്, ഖുറം കോര്‍ണിഷ്, മരീന അല്‍ ബത്തീന്‍ തെരുവ് വികസന പദ്ധതി, ഖലീഫ സിറ്റിയിലെ പാര്‍ക്കുകള്‍ എന്നിവ കൂടാതെ അല്‍ ഐന്‍ മുനിസിപ്പാലിറ്റിയും നിരവധി അടിസ്ഥാനവികസന പദ്ധതികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. അഷ്റജ് ടണല്‍, ഖാലിദ് ബിന്‍ സുല്‍ത്താന്‍ സ്ട്രീറ്റ് ടണല്‍, ഖാലിദ് ബിന്‍ സുല്‍ത്താന്‍ സ്ട്രീറ്റിലെയും സായിദ് ഫസ്റ്റ് സ്ട്രീറ്റിലെയും നടപ്പാലങ്ങള്‍, അല്‍ തിവയ്യ ജില്ലയിലെ ഹസാ സ്റ്റേഡിയത്തിനു ചുറ്റുമുള്ള ഗതാഗതം സുഗമമാക്കുന്നതിനായി ആറ് പുതിയ ഇന്റര്‍ സെക്ഷനുകള്‍ തുടങ്ങിയവയാണിവ.
സായിദ് സിറ്റിയിലെ കാമല്‍ ട്രാക്ക് റോഡ്, അല്‍ ധഫ്രയിലെ വിവിധ നഗരങ്ങളിലെ നിരവധി ഉദ്യാനങ്ങള്‍, മിര്ഫാ നഗരത്തിലെ റെസിഡന്‍ഷ്യല്‍ കുളങ്ങള്‍ തുടങ്ങിയവയാണ് അല്‍ ധഫ്ര റീജ്യന് മുനിസിപ്പാലിറ്റിയിലെ പദ്ധതികള്‍. ഓരോ സീസണിലും കൃത്യമായ ആരോഗ്യ പരിപാലന പദ്ധതികളും അബൂദബി എമിറേറ്റ് നടപ്പാക്കി വരുന്നുണ്ട്. ഇതിന്റെ ഭാഗമായി യോഗ അടക്കമുള്ള കായിക പരിശീലനങ്ങള്‍ തികച്ചും സൗജന്യമായി മികച്ച പരിശീലകരുടെ മേല്‍നോട്ടത്തില്‍ നേടാനും അവസരങ്ങളുണ്ട്.
അബൂദബി അല്‍ ഐന്‍ മേഖലകളിലെ മദീനത്ത് സായിദ്, അല്‍ റുവൈസ് പാര്‍ക്ക് 2, അല്‍ ദഫ്ര മേഖലയിലെ അല്‍ മിര്‍ഫ നാഷനല്‍ പാര്‍ക്ക്, അല്‍ ഐന്‍ നഗരത്തിലെ അല്‍ ജാഹിലി, അല്‍ തോവയ്യാ പാര്‍ക്കുകള്‍, അബൂദബി നഗരത്തിലും പരിസര പ്രദേശങ്ങളിലുമുള്ള ഖലീഫ സിറ്റി പാര്‍ക്ക് 3, ശൈഖ ഫാത്തിമ പാര്‍ക്ക്, ഡോള്‍ഫിന്‍ പാര്‍ക്ക്, എം.ബി.ഇസഡ് പാര്‍ക്ക്, അല്‍ ഖലീജ് അല്‍ അറബി പാര്‍ക്ക്, ഇലക്ട്രാ പാര്‍ക്ക്, അല്‍ ഷംഖ പാര്‍ക്ക് തുടങ്ങിയ ഇടങ്ങളില്‍ വിവിധ പദ്ധതികള്‍ ആവിഷ്കരിച്ച് താമസക്കാര്‍ക്ക് ആരോഗ്യ പരിശീലനങ്ങളും നടത്തിവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.