മാധ്യമ മേഖലയുടെ വികസനത്തിന് പുതിയ പദ്ധതി
text_fieldsദുബൈ: എമിറേറ്റിലെ മാധ്യമ മേഖലയുടെ ഉയർച്ചക്കായി സമഗ്രവികസന പദ്ധതികളുടെ രൂപരേഖ ദുബൈ മീഡിയ കൗൺസിൽ ആദ്യ യോഗം അംഗീകരിച്ചു.മാധ്യമ സമ്പദ്‌വ്യവസ്ഥ രൂപപ്പെടുത്തുന്നതിനുള്ള പദ്ധതിക്കും മാധ്യമങ്ങളുടെ പ്രവർത്തനവും വികാസവും വിലയിരുത്തുന്ന രീതി വികസിപ്പിക്കുന്നതിനുമാണ് മുൻഗണനയെന്ന് കൗൺസിൽ യോഗത്തിൽ അധ്യക്ഷത വഹിച്ച ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു. മാധ്യമ മേഖലയിലെ എല്ലാ നേട്ടങ്ങളും പുനഃപരിശോധിക്കേണ്ടത് അനിവാര്യമാണ്.
ഇത് കൂടുതൽ മികച്ച കാര്യങ്ങൾ മാധ്യമ മേഖലയിൽ രൂപപ്പെടുത്താൻ സഹായിക്കും. ഉള്ളടക്കത്തിലും സമ്പദ്വ്യവസ്ഥയിലും ഉണ്ടാക്കുന്ന ഗുണകരമായ പ്രതിഫലനങ്ങളുടെ കാര്യത്തിലും വികാസത്തിന് ഇത് ഉപകാരപ്പെടും -അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യ മാധ്യമ രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കുന്നുവെന്നും കഴിഞ്ഞ രണ്ട് വർഷം ലോകം കടന്നുപോയ സാഹചര്യം ഇതിനെ ത്വരിതപ്പെടുത്തിയതായും ട്വിറ്ററിൽ ശൈഖ് അഹമ്മദ് കുറിച്ചു.
പുതിയ പദ്ധതികളിലൂടെ എമിറേറ്റിലെ മാധ്യമ മേഖലയുടെ മത്സരശേഷി വർധിപ്പിക്കുന്നതിനും ആഗോള മാധ്യമകേന്ദ്രമെന്ന നിലയിൽ നഗരത്തിെൻറ നില ശക്തിപ്പെടുത്തുന്നതിനും കൂടുതൽ പ്രാദേശിക, അന്തർദേശീയ മാധ്യമ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചു.
യോഗത്തിൽ ദുബൈ മീഡിയ കൗൺസിൽ എം.ഡിയും വൈസ് ചെയർപേഴ്സനുമായ മോന അൽ മആരിയും മറ്റു അംഗങ്ങളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.