ഷാർജയിലെ ഗതാഗത വികസനത്തിന് പുതിയ പദ്ധതികൾ
text_fieldsഷാർജ: വാഹനങ്ങളിൽ ഉപയോഗിക്കുന്ന പരമ്പരാഗത ഇന്ധനങ്ങളുടെ ഫലമായുണ്ടാകുന്ന മലിനീകരണത്തിൽനിന്ന് പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും ഗതാഗതക്കുരുക്ക് കുറക്കുന്നതിനും പൊതുഗതാഗതത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ലോകത്താകമാനം ആചരിക്കുന്ന അന്താരാഷ്ട്ര ഗതാഗത ദിനം ഷാർജയിലും ആചരിച്ചു. സുസ്ഥിര വികസനം കൈവരിക്കുന്നതിനായി നിരവധി സംരംഭങ്ങൾ ആരംഭിച്ചതായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (എസ്.ആർ.ടി.എ) ചെയർമാൻ എൻജി. യൂസഫ് സാലിഹ് അൽസുവാജി പറഞ്ഞു.
ജനസംഖ്യ വർധനക്കും അതിെൻറ ഫലമായുണ്ടാകുന്ന ഗതാഗത സാന്ദ്രതക്കും അനുസൃതമായി ഗതാഗത അടിസ്ഥാന സൗകര്യം വികസിപ്പിക്കുമ്പോൾ ബദൽ, പാരിസ്ഥിതിക പരിഹാരങ്ങൾ കണ്ടെത്താൻ ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും ബാധ്യസ്ഥരാണെന്ന് സുവാജി പറഞ്ഞു. സാധാരണ പൊതുഗതാഗത ബസുകൾക്ക് പുറമെ, കാർബൺ പ്രസരണം കുറക്കുന്നതിനായി എസ്.ആർ.ടി.എ അടുത്തിടെ എമിറേറ്റിലെ ആദ്യത്തെ ഇലക്ട്രിക് ബസ് പുറത്തിറക്കിയിരുന്നു. പൊതുഗതാഗതം ഉപയോഗിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഷാർജയിലുടനീളം 28 എയർകണ്ടീഷൻഡ് പാസഞ്ചർ വെയിറ്റിങ് സ്റ്റേഷനുകൾ ആരംഭിച്ചു. എമിറേറ്റിലെ ബാക്കി പ്രദേശങ്ങളിലേക്ക് അടുത്ത ഘട്ടമായി ഇതു വ്യാപിപ്പിക്കും. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനായി 750ലധികം ഹൈബ്രിഡ് വാഹനങ്ങൾ ഉൾപ്പെടുന്ന ആധുനിക ടാക്സി വാഹനങ്ങളുടെ സേവനവും ഷാർജ നൽകുന്നു.
യു.എ.ഇ ആസ്ഥാനമായ അയോൺ സുസ്ഥിര, സ്മാർട്ട് മൊബിലിറ്റി സൊലൂഷനുകളുമായി സഹകരിച്ച് മൊബിലിറ്റി സേവനം ഷാർജ ഉറപ്പാക്കും.2020 അവസാനത്തോടെ ടെസ്ല ഇലക്ട്രിക് വാഹനങ്ങൾ വർധിപ്പിക്കും. ഈ സേവനം ആദ്യം ഷാർജയിൽ ലഭ്യമാകും. പിന്നീട് മറ്റ് എമിറേറ്റുകളിലേക്കും ഇത് വ്യാപിപ്പിക്കുമെന്ന് സുവാജി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.