റിയൽ എസ്റ്റേറ്റിൽ കുതിക്കാൻ പുതു പദ്ധതികൾ
text_fieldsഅതുല്യമായ പുതുവര്‍ഷ രാവ് ഒരുക്കി ഗിന്നസ് നേട്ടത്തോടെ 2024നെ വരവേല്‍ക്കുന്ന റാസല്‍ഖൈമയുടെ വികസന പ്രതീക്ഷകള്‍ റിയല്‍ എസ്റ്റേറ്റ് -വിനോദ മേഖലയില്‍. പ്രോപ്പര്‍ട്ടി ഇടപാടുകളില്‍ റാസല്‍ഖൈമ ഗണ്യമായ വളര്‍ച്ച കൈവരിക്കുന്നതായ പഠനങ്ങള്‍ റാസല്‍ഖൈമക്ക് വാനോളം പ്രതീക്ഷ നല്കുമ്പോള് ഇത് രാജ്യത്തിന്റെ സര്വതോന്മുഖമായ വികസന പ്രക്രിയകളുടെ വേഗം വര്‍ധിപ്പിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
റാക് വിഷന്‍ 2030 സംരംഭങ്ങള്‍, മള്‍ട്ടി ബില്യന്‍ ഡോളര്‍ ചെലവില്‍ 2027ഓടെ പ്രവര്‍ത്തന സജ്ജമാകുന്ന വിന് റിസോര്‍ട്ട് തുടങ്ങിയവ റാസല്‍ഖൈമയുടെ വിപണി മൂല്യം ഉയര്‍ത്തിയ ഘടകങ്ങളില്‍ പ്രധാനമാണ്. റാക് റിയല്‍ എസ്റ്റേറ്റ്-ടൂറിസം മേഖലകളിലെ പുതിയ കണക്കുകള്‍ പ്രോല്സാഹജനകമെന്ന് ദി ലക്സ് ഡെവലപ്പേഴ്സ് ചെയര്‍മാനും സഹ ഉടമയുമായ ശുഭം അഗര്‍വാള്‍ വ്യക്തമാക്കുന്നു. ലക്സിന്റെ മുന്‍നിര പ്രോജക്ടുകളിലൊന്നായ ഓഷ്യാനോക്ക് ലഭിച്ചത് ശക്തമായ പിന്തുണയാണ്. 2024നെ വരവേല്‍ക്കുന്നത് വര്‍ധിത ആവേശത്തോടെയാണ്. സ്വകാര്യതയും ഏകാന്തതയും പ്രദാനം ചെയ്യുന്ന അതുല്യ ഭൂപ്രകൃതിയാണ് റാസല്‍ഖൈമയെ രണ്ടാം വീടായി തെരഞ്ഞെടുക്കാന്‍ ലോക പൗരന്മാര്ക്ക് പ്രേരണയാകുന്നതെന്നും ശുഭം അഗര്‍വാള്‍ പറയുന്നു.
യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല് ഖാസിമിയുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള ഭരണ നടപടികളാണ് രാജ്യത്തിന്റെ വികസന പദ്ധതികള്‍ക്ക് വേഗം നല്‍കുന്നത്. സുരക്ഷ, പരിസ്ഥിതി, ഐ.ടി, വ്യവസായ, പൊതു ഗതാഗത രംഗങ്ങളിലും റാസല്‍ഖൈമയില്‍ നവീകരണ പ്രവൃത്തികള്‍ സജീവമാണ്. നിര്‍മാണ മേഖലയിലെ ഉണര്‍വ് ചെറുകിട സംരംഭകര്‍ക്കും ഊര്‍ജം നല്‍കുന്നതാണ്.
റാക് അവാഫി കേന്ദ്രീരിച്ച് പാര്‍പ്പിട പദ്ധതിയും അല്‍ മര്‍ജാന്‍ ഐലന്റില്‍ വരുന്ന വിന് റിസോര്‍ട്ട് ഹോട്ടല്‍ പദ്ധതി നിര്‍മാണ പ്രവൃത്തികള്‍ സജീവമാകുന്നതോടെ തൊഴില്‍ വിപണിക്കും ഉണര്‍വ് നല്‍കും. ചെറുതും വലുതുമായ വ്യത്യസ്ത പദ്ധതികള്‍ക്കൊപ്പം റോവ് ഹോട്ടല്‍ ഗ്രൂപ്പ്, ആഫ്രിക്കന്‍ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പായ മാന്റിസ് തുടങ്ങിയവയും 2024ല്‍ റാസല്‍ഖൈമയിലത്തെുന്നത് ശ്രദ്ധേയമാണ്.
2024ന്റെ അവസാനത്തില്‍ റാക് അല്‍ മര്‍ജാന്‍ ഐലന്റില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന 441 മുറികളോട് കൂടിയ ബീച്ച് റിസോര്‍ട്ട് പദ്ധതിയുമായാണ് റോവ് ഹോട്ടല്‍ ഗ്രൂപ്പ് റാസല്‍ഖൈമയിലത്തെുന്നത്. ദുബൈയില്‍ നിരവധി വിജയ സംരംഭങ്ങളുമായി സജവീമാണ് റോവ് ഹോട്ടല്‍ ഗ്രൂപ്പ്. യു.എ.ഇയില്‍ മറ്റൊരു എമിറേറ്റിലേക്കുള്ള ആദ്യ ചുവടുവെപ്പ്. പ്രകൃതിയുമായി ചേര്‍ന്നു നില്ക്കുന്ന കലാ സൃഷ്ടികളും കടും നിറമുള്ള നഗര രൂപകല്‍പ്പനയും അവതരിപ്പിക്കുന്നതാകും റാസല്‍ഖൈമയിലെ റോവ് ഹോട്ടല്‍ പദ്ധതി. 2000 മുതല്‍ ഇക്കോ ടൂറിസം, സഫാരി, സാഹസിക യാത്ര, ഇക്കോ ലോഡ്ജ്, ജലപാത അനുഭവങ്ങള്‍ തുടങ്ങിയ സംരംഭങ്ങള്‍ ലോകതലത്തില്‍ ഓപ്പറേറ്റ് ചെയ്ത് കൊണ്ടിരിക്കുന്ന ആഫ്രിക്കന്‍ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പായ മാന്റിസ് ജബല്‍ ജെയ്സ് കേന്ദ്രീകരിച്ചാണ് ഹോട്ടല്‍ സ്ഥാപിക്കുന്നത്. ആഢംബര സൗകര്യങ്ങളോടെ 70 ലോഡ്ജുകളുള്ള ഇക്കോ റിസോര്‍ട്ടാണ് മാന്റിസ് പുതു വര്‍ഷത്തില്‍ തുറക്കുക. മാന്റിസ് കളക്ഷന്‍ മൗണ്ടന്‍ ലോഡ്ജിന് അനുബന്ധമായി ടീം ഗൈഡഡ് ട്രക്കുകളുടെ പ്രവര്‍ത്തനവും സജ്ജമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.