വിനോദമേഖലക്ക് പ്രതീക്ഷ; റാസല്‍ഖൈമയിൽ പുതുവര്‍ഷ വരവേല്പ്
text_fieldsറാസല്‍ഖൈമ: റാക് അല്‍ മര്‍ജാന്‍ ഐലൻഡ് കേന്ദ്രീകരിച്ച് നടന്ന ഇരട്ട ഗിന്നസ് നേട്ട കരിമരുന്ന് വിരുന്ന് രാജ്യത്തെ വിനോദമേഖലക്ക് ഊര്‍ജമേകുമെന്ന് വിലയിരുത്തല്‍. ആയിരങ്ങളെ സാക്ഷിയാക്കിയാണ് ഗംഭീര വെടിക്കെട്ട് പ്രകടനവും സംഗീത പരിപാടികളും റാസല്‍ഖൈമയില്‍ നടന്നത്. പുതുവര്‍ഷപ്പുലരിക്ക് തൊട്ടുമുമ്പ് 1055.8 മീറ്റര്‍ ഉയരത്തില്‍ വര്‍ണങ്ങളില്‍ പിറവിയെടുത്ത ഗോപുരമായിരുന്നു ആദ്യ ഗിന്നസ് നേട്ടം. ആകാശത്ത് പറന്നുനടന്ന 452 ഡ്രോണുകള്‍ എഴുതിയ 'ഹാപ്പി ന്യൂ ഇയറി'നൊപ്പം റിമോട്ട് ഓപറേറ്റഡ് മള്ട്ടിറോട്ടറുകള് വിക്ഷേപിച്ച പടക്കങ്ങളായിരുന്നു രണ്ടാമത്തെ ഗിന്നസ് റെക്കോഡ്. പൈറോടെക്നിക്ക് ഡ്രോണ്‍, 15,000ത്തിലധികം ഇഫക്ടുകള്‍, മള്‍ട്ടി കളര്‍ ഡിസ്പ്ലേകള്‍, ഓര്‍ക്കസ്ട്ര തുടങ്ങിയവയുടെ അകമ്പടിയോടെയാണ് കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ട് പ്രകടനം നടന്നത്.
സുവര്‍ണ ജൂബിലി നിറവിലുള്ള യു.എ.ഇക്ക് അഭിവാദ്യമര്‍പ്പിച്ചും അടുത്ത 50 വര്‍ഷത്തെ രാജ്യത്തിന്റെ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്നതുമായിരുന്നു ആഘോഷ പരിപാടികള്‍. പ്രത്യാശ, ശുഭാപ്തി, പ്രതിരോധം, ആത്മവിശ്വാസം തുടങ്ങിയ തീമുകളെ അടിസ്ഥാനമാക്കിയായിരുന്നു ചടങ്ങുകള്‍. രാജ്യത്തിന്റെ നേട്ടങ്ങളെ പ്രകീര്‍ത്തിച്ച് സുവര്‍ണ ജൂബിലി ലോഗോ നൂറോളം ഡ്രോണുകളില്‍ ആകാശത്ത് വര്‍ണവിസ്മയം തീര്‍ത്തു. ആയിരങ്ങള്‍ ആര്‍പ്പുവിളികളോടെയാണ് ഓരോ വിസ്മയ പ്രകടനങ്ങളെയും എതിരേറ്റത്. 4.7 കി.മീറ്റര്‍ ദൈര്‍ഘ്യത്തില്‍ നടന്ന കരിമരുന്ന് പ്രകടനത്തില്‍ മഴവില്‍ വര്‍ണങ്ങളില്‍ വിരിഞ്ഞ പുഷ്പ ഇതളുകള്‍ക്കൊപ്പം വിവിധ ഘട്ടങ്ങളില്‍ 'റാസല്‍ഖൈമ', '2022' എന്നിങ്ങനെ എഴുതിയതും കാണികളില്‍ കൗതുകം നിറച്ചു. തദ്ദേശീയരോടൊപ്പം വിവിധ എമിറേറ്റുകളില്‍ നിന്നുള്ളവരും മലയാളികളുള്‍പ്പെടെ വിദേശരാജ്യങ്ങളില്‍നിന്നുള്ളവരും പവിഴ ദ്വീപുകളില്‍ നടന്ന പ്രൗഢമായ പുതുവര്‍ഷാഘോഷത്തില്‍ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.