സാമൂഹിക പരിപാടികൾക്ക് പുതിയ പ്രോട്ടോകോൾ
text_fieldsഅബൂദബി: കോവിഡ് -19 രോഗവ്യാപനത്തിെൻറ പശ്ചാത്തലത്തിൽ യു.എ.ഇയിൽ സാമൂഹിക പരിപാടികൾ സംഘടിപ്പിക്കുന്നതിന് പുതിയ പ്രോട്ടോകോൾ പ്രാബല്യത്തിലായി. യു.എ.ഇ ആരോഗ്യ, രോഗ പ്രതിരോധ മന്ത്രാലയവും ദേശീയ ദുരന്തനിവാരണ അതോറിറ്റിയുമാണ് പുതിയ പ്രോട്ടോകോൾ പ്രഖ്യാപിച്ചത്.
വിവാഹം, മരണം ഉൾപ്പെടെയുള്ള കുടുംബ സംഗമങ്ങൾ നടത്തുന്നതിനും ഒട്ടേറെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വധൂവരന്മാരുടെ രണ്ട് കുടുംബങ്ങളിലെയും ഏറ്റവും അടുത്ത ബന്ധുക്കൾക്കുപോലും ചടങ്ങിൽ പങ്കെടുക്കുന്നതിന് നിയന്ത്രണമുണ്ട്. പത്തുപേരിൽ കൂടുതൽ പങ്കെടുക്കരുത്.
24 മണിക്കൂർ മുമ്പ് കോവിഡ് വൈദ്യപരിശോധന നടത്തുന്നത് നല്ലതാണ്. ബുഫെ ഭക്ഷണങ്ങൾ അനുവദനീയമല്ല. ഭക്ഷണ പാനീയങ്ങൾ കഴിക്കുന്നതിനും കുടിക്കുന്നതിനും ഒരു പ്രാവശ്യം ഉപയോഗിച്ചശേഷം കളയാവുന്ന ഡിസ്‌പോസിബിൾ പാത്രങ്ങളും കപ്പുമാണ് വേണ്ടത്. ജനങ്ങൾ ഒത്തുചേരുന്ന സ്ഥലത്തെ ഉപരിതലങ്ങളും സൗകര്യങ്ങളും നിരന്തരം അണുവിമുക്തമാക്കുന്നതും നല്ലതാണ്. സാമൂഹിക പരിപാടികൾ നിരീക്ഷിക്കുന്നതിനും പ്രോട്ടോകോൾ അനുസരിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും അധികാരികൾ പ്രതിജ്ഞാബദ്ധരാണെന്നും ഓർമിപ്പിച്ചു. സാമൂഹിക അകലം പാലിക്കൽ, സോപ്പു ലായനി ഉപയോഗിച്ച് കൈകഴുകൽ, തുമ്മലിെൻറയും ചുമയുടെയും മര്യാദകൾ, മാസ്‌ക് ധരിക്കൽ എന്നിവയെക്കുറിച്ചുള്ള ബോധവത്കരണവും പ്രധാനമാണ്. രണ്ട് മീറ്ററിൽ കുറയാത്ത അകലം പാലിക്കണം. ശ്വാസകോശ ലക്ഷണങ്ങളോ പനിയോ അനുഭവപ്പെടുന്നവർ ചടങ്ങുകളിൽ പങ്കെടുക്കരുത്. വിട്ടുമാറാത്ത രോഗങ്ങളുള്ള ആളുകളെയും പ്രായമായവരെയും പരിപാടിയിൽ പങ്കെടുപ്പിക്കരുതെന്നും മുന്നറിയിപ്പ് നൽകുന്നു.
സംസ്‌കാര ചടങ്ങുകൾ
ശ്മശാനങ്ങളിലെ തൊഴിലാളികളും മാസ്‌ക് ധരിക്കണം. സംസ്‌കാരം പൂർത്തിയാകുന്നതിന് മുമ്പും ശേഷവും ഉപയോഗിച്ച ഉപകരണങ്ങൾ അണുവിമുക്തമാക്കണം.
ജലത്തിെൻറ അഭാവത്തിൽ 60 മുതൽ 80 ശതമാനം വരെ ആൽക്കഹോൾ അടങ്ങിയ അംഗീകൃത അണുനാശിനികൾ ഉപയോഗിക്കാം. സംസ്‌കാര ചടങ്ങുകളിലും പത്തിൽ കൂടുതൽ പേർ പങ്കെടുക്കരുത്.
രണ്ടുപേരിൽ കൂടുതൽ ഖബറിടം കുഴിക്കാൻ പാടില്ല. സംസ്‌കാരം നടത്തുന്നവരുടെ എണ്ണം നാലുമുതൽ എട്ടുവരെയായി പരിമിതപ്പെടുത്തണം. ശ്മശാനങ്ങളിലെ തൊഴിലാളികൾക്ക് ശ്വാസകോശ ലക്ഷണങ്ങൾ വെളിപ്പെടുത്തിയാൽ ചടങ്ങുകളിൽ പങ്കെടുക്കുന്നത് ഒഴിവാക്കണം. സെമിത്തേരികളുടെ ഗേറ്റിൽ കോവിഡ്-19 രോഗവുമായി ബന്ധപ്പെട്ട ബോധവത്കരണ പോസ്റ്ററുകൾ പ്രസിദ്ധീകരിക്കണം.
പ്രതിരോധ നടപടികളെക്കുറിച്ച് മരിച്ചവരുടെ ബന്ധുക്കളെ ബോധവത്കരിക്കുന്നതിനാണിത്. പ്രതിരോധ നടപടികൾ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താൻ സൂപ്പർവൈസർമാർ ശ്മശാനങ്ങളിൽ ഉണ്ടാവണം. തിരക്ക് തടയുന്നതിനും സംസ്‌കാര ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിക്കുന്നതിനും സുരക്ഷ ഉദ്യോഗസ്ഥരുടെ സാന്നിധ്യവും ആവശ്യമാണെന്ന് യു.എ.ഇ ആരോഗ്യ രോഗ പ്രതിരോധ മന്ത്രാലയവും ദേശീയ അടിയന്തര ദുരന്തനിവാരണ അതോറിറ്റിയും നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.