ടെലി മാർക്കറ്റിങ്ങിൽ പുതിയ നിയന്ത്രണങ്ങൾ; നിയന്ത്രണം ഇന്ന് മുതൽ പ്രാബല്യത്തിൽ, നിയമം ലംഘിച്ചാൽ കനത്ത പിഴ
text_fieldsദുബൈ: യു.എ.ഇയിൽ ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി രൂപം നൽകിയ പുതിയ ടെലിമാർക്കറ്റിങ് നിയന്ത്രണങ്ങൾ ആഗസ്റ്റ് 27 മുതൽ പ്രാബല്യത്തിൽ വരും. ഇക്കഴിഞ്ഞ ജൂൺ തുടക്കത്തിലാണ് പുതിയ നിയന്ത്രണങ്ങൾ സർക്കാർ പ്രഖ്യാപിച്ചത്. രാവിലെ ഒമ്പതിനും ആറിനും ഇടയിൽ മാത്രമേ ബിസിനസ് ആവശ്യങ്ങൾക്കായി ഉപഭോക്താക്കളെ ഫോണിൽ വിളിക്കാൻ പാടുള്ളൂവെന്നതാണ് പുതിയ നിയമത്തിലെ പ്രധാന നിർദേശം. ഉൽപന്നങ്ങളുമായോ സേവനങ്ങളുമായോ ബന്ധപ്പെട്ടുള്ള ആദ്യ കോൾ ഉപഭോക്താവ് നിരസിച്ചാൽ അതേ ദിവസം വീണ്ടും വിളിക്കാൻ പാടില്ല. കൂടാതെ ഉപഭോക്താക്കളെ ഉൽപന്നങ്ങൾ വാങ്ങിപ്പിക്കുന്നതിനായി ടെലിമാർക്കറ്റിങ് എക്സിക്യൂട്ടിവുകൾ ഉപയോഗിക്കുന്ന മറ്റു വശീകരണ തന്ത്രങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
നിയമം ലംഘിച്ചാൽ ടെലിമാർക്കറ്റിങ് എക്സിക്യൂട്ടിവുകൾക്ക് 5,000 മുതൽ 150,000 ദിർഹം വരെ പിഴ ചുമത്തും. നിയമലംഘനം ആവർത്തിച്ചാൽ പിഴയും വർധിക്കും. സ്ഥാപനങ്ങൾക്കുള്ള പിഴ ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ വിഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട്. ഓരോ തവണ പിഴവ് ആവർത്തിച്ചാൽ ആനുപാതികമായി പിഴത്തുകയും വർധിക്കും. ടെലിമാർക്കറ്റിങ് പ്രവർത്തനങ്ങൾക്ക് കമ്പനികൾ മുൻകൂർ അനുമതി വാങ്ങിയില്ലെങ്കിൽ 75,000 ദിർഹമാണ് പിഴ. രണ്ടാം തവണ ലംഘനം ആവർത്തിച്ചാൽ ഒരുലക്ഷം ദിർഹമും മൂന്നാം തവണ ആവർത്തിച്ചാൽ ഒന്നര ലക്ഷവുമാണ് പിഴ നൽകേണ്ടിവരും.
ടെലിമാർക്കറ്റിങ് ജീവനക്കാർക്ക് പെരുമാറ്റം സംബന്ധിച്ച് സമഗ്രമായ പരിശീലനം നൽകുന്നതിൽ വീഴ്ച വരുത്തിയാൽ കമ്പനികൾക്ക് 10,000 ദിർഹം മുതൽ 50,000 ദിർഹം വരെ പിഴ ചുമത്തുമെന്നും പുതിയ നിയമം വ്യക്തമാക്കുന്നു. ടെലിമാർക്കറ്റിങ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന നമ്പർ കമ്പനിയുടെ വാണിജ്യ ലൈസൻസിനു കീഴിൽ വരാത്തതാണെന്ന് കണ്ടെത്തിയാൽ 25,000 ദിർഹം മുതൽ 75,000 ദിർഹം വരെയാണ് പിഴ. അതോറിറ്റി തയാറാക്കുന്ന പ്രത്യേക ഫോറത്തിൽ എല്ലാ ടെലിമാർക്കറ്റിങ് കോളുകളും രജിസ്റ്റർ ചെയ്തിരിക്കണം.
ഇതിൽ വീഴ്ച വരുത്തിയാൽ അരലക്ഷം ദിർഹം വരെയാണ് പിഴ. ഡി.എൻ.സി.ആറിൽ (ഡു നോട്ട് കോൾ രജിസ്ട്രി) ഉൾപ്പെടുന്ന നമ്പർ ഉപയോഗിച്ച് വ്യക്തികളാണ് ബിസിനസ് ആവശ്യങ്ങൾക്ക് വിളിക്കുന്നതെങ്കിൽ ഒന്നര ലക്ഷം ദിർഹം വരെ പിഴ ചുമത്താം. കൂടാതെ കോളുകൾ റെക്കോഡ് ചെയ്യുന്നുണ്ടെങ്കിൽ അക്കാര്യം ഉപഭോക്താവിനെ അറിയിച്ചിരിക്കണം. വീഴ്ചവരുത്തിയാൽ 10,000 മുതൽ 30,000 ദിർഹം വരെയാണ് പിഴ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.